കിടന്ന കിടപ്പിൽ നിന്നു അനങ്ങാൻ കഴിയാതെ കൃഷ്ണൻ നനഞ്ഞു മടുത്തു. വീടിന്റെ ചോർച്ച അടയ്ക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയും അസ്തമിച്ചു. ഒടുവിൽ നിധി പോലെ കാത്തു സൂക്ഷിച്ച പെൻഷൻ പണം ഉപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റ് വാങ്ങേണ്ടി വന്നു കൃഷ്ണന് നനയാതെ ഉറങ്ങാൻ. തരിയോട് കർലാട് കളരിക്കോട്കുന്ന് ആദിവാസി കോളനിയിലെ കൃഷ്ണൻ 19 വർഷമായി കിടപ്പിലാണ്. ജോലിക്കിടെ തെങ്ങിൽ നിന്നു വീണ് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടതാണ് ഈ യുവാവിനെ കിടപ്പിലാക്കിയത്.
കാലപ്പഴക്കം കാരണം മേൽക്കൂരയിലെ കോൺക്രീറ്റ് സ്ലാബ് പൂർണമായി ദ്രവിച്ച നിലയിലാണു കൃഷ്ണന്റെ വീട്. 15 വർഷം പഴക്കമുള്ള വീട് മഴ പെയ്താൽ പൂർണമായും ചോർന്നൊലിക്കും. മേൽക്കൂരയിലെ കോൺക്രീറ്റ് സ്ലാബ് അടർന്നു വീഴാനും തുടങ്ങിയിട്ടുണ്ട്. പിതാവ് തൊമ്മൻ കൂലിപ്പണി ചെയ്താണു ഭാര്യ ശാന്തയും മകൻ കൃഷ്ണനും അടങ്ങുന്ന കുടുംബം കഴിഞ്ഞുകൂടുന്നത്. വെള്ളം ഇറ്റിറ്റ് വീഴുമ്പോൾ മാറി കിടക്കാൻ പോലും ഇടമില്ലാതെ കഷ്ടപ്പെടുന്ന കൃഷ്ണനെ നോക്കി നെടുവീർപ്പിടാൻ മാത്രമേ അച്ഛൻ തൊമ്മന് കഴിയുകയുള്ളൂ.
ഓരോ തവണയും മഴ എത്തുമ്പോൾ വീടിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മകനെ നനയാതെ നോക്കാറുണ്ട് ഇദ്ദേഹം. എന്നാൽ ഇത്തവണ പ്ലാസ്റ്റിക് ഷീറ്റ് വാങ്ങാൻ അൽപം വൈകി. അതോടെ കഴിഞ്ഞ ദിവസങ്ങളിൽ കിടന്ന കിടപ്പിൽ കൃഷ്ണൻ നന്നായി നനഞ്ഞു. നനഞ്ഞു മടുത്തതോടെ മറ്റ് വഴിയില്ലാതെ പെൻഷൻ കിട്ടിയ പണം നൽകി ഷീറ്റ് വാങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രദേശത്തെ യുവജന കൂട്ടായ്മ കൃഷ്ണന്റെ വീട് സന്ദർശിച്ചപ്പോൾ ഈ സംഭവം അറിയുകയും ഷീറ്റ് വാങ്ങാൻ ഉപയോഗിച്ച തുക തിരികെ നൽകുകയും ചെയ്തു. അത് കൃഷ്ണന് ഏറെ ആശ്വാസമായെങ്കിലും ഏതു നേരവും തകർന്നു വീഴാൻ തയാറായി നിൽക്കുന്ന കോൺക്രീറ്റ് സ്ലാബിനു ചുവട്ടിലെ താമസം ഏറെ ഭീതിയിലാണെന്നു യുവാവ് പറയുന്നു. വല്ല അപകടവും സംഭവിച്ചാൽ അനങ്ങാൻ പോലും ശേഷിയില്ലാതെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കൃഷ്ണൻ.