പുറപ്പെടേണ്ട സമയത്തിനു മുന്നേ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ചു. കൊട്ടാരക്കരയിൽ നിന്ന് കയറേണ്ടിയിരുന്ന യാത്രക്കാരിയെ കിലോമീറ്ററുകൾക്കകലെ കാത്തുകിടന്ന് കയറ്റി. ഇന്നലെ രാവിലെ 8.15ന് കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം–ഗുരുവായൂർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് ആണ് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരിയെ കയറ്റാതെ യാത്ര തുടർന്നത്. യാത്രക്കാരി സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചപ്പോഴേക്കും ബസ് 16 കിലോമീറ്റർ പിന്നിട്ടു.
വിവരം ലഭിച്ച ഉടൻ ബസ് പുതുശേരിഭാഗം ജംക്‌ഷനിൽ റോഡരികിൽ നിർത്തിയിട്ടു. യാത്രക്കാരി എത്തുംവരെ കാത്തുകിടന്നു. അര മണിക്കൂറിനുള്ളിൽ യാത്രക്കാരിയായ യുവതി കൊട്ടാരക്കരയിൽ നിന്ന് കാറിലെത്തിയശേഷം പരാതിയും തർക്കവുമില്ലാതെ തനിക്കായി കാത്തു കിടന്ന ബസിൽ കയറി യാത്ര തുടർന്നു. ബസ് പുറപ്പെടേണ്ടിയിരുന്നത് 8.35 ന് ആക്കി സമയം പുനക്രമീകരിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും 6.35ന് തിരുവനന്തപുരത്തു നിന്നു യാത്ര പുറപ്പെട്ട് ബസ് കൊട്ടാരക്കരയിൽ എത്തി അവിടെ നിന്ന് 8.15 ന് ആണ് പുറപ്പെടാറുള്ളതെന്നും ബസ് ജീവനക്കാർ പറഞ്ഞു.