Friday 19 May 2023 11:59 AM IST : By സ്വന്തം ലേഖകൻ

മൂന്നു വയസ്സുകാരി കമ്മൽ വിഴുങ്ങി, ശ്വാസകോശത്തിനു സമീപം അപകടകരമായ അവസ്ഥയില്‍; ആംബുലൻസ് പാഞ്ഞത് 110 കിലോമീറ്റർ, ഡ്രൈവർ രക്ഷകനായി

ambulance445666ginnn

കമ്മൽ വിഴുങ്ങിയ മൂന്നു വയസ്സുകാരിയെ അതിവേഗം ആശുപത്രിയിലെത്തിച്ച് ആംബുലൻസ് ഡ്രൈവർ രക്ഷകനായി. കുമളിയിൽനിന്ന് 110 കിലോമീറ്റർ അകലെയുള്ള പാലായിലെ ആശുപത്രിയിലേക്ക് ഒരു മണിക്കൂറും 10 മിനിറ്റുമെടുത്തു വാഹനമെത്തിച്ചാണു ഡ്രൈവർ ഡിനി കെ. ജോസഫ് രക്ഷാദൗത്യം നിർവഹിച്ചത്. രണ്ടു മണിക്കൂറിലധികം എടുക്കുന്ന യാത്രയാണ് അതിവേഗം പൂർത്തിയാക്കിയത്. 

പൊലീസും ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയും വാഹനത്തിനു വഴിയൊരുക്കാൻ‍ നിരത്തിലിറങ്ങി. കുമളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവീസ് (ക്രോസ്) സംഘടനയുടെ ആംബുലൻസിലായിരുന്നു പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള യാത്ര. കുമളി മുരിക്കടി കാപ്പിക്കാട്ടിൽ മനു–സരിത ദമ്പതികളുടെ മകളാണു ബുധനാഴ്ച രാത്രി ഏഴോടെ കമ്മൽ വിഴുങ്ങിയത്. വീട്ടുകാർ ഉടൻ സമീപത്തുള്ള ക്ലിനിക്കിൽ കുട്ടിയെ എത്തിച്ചു.

എക്സ്റേയിൽ ശ്വാസകോശത്തിനു സമീപം അപകടകരമായ അവസ്ഥയിലാണു കമ്മലെന്നു കണ്ടെത്തി. ഉടൻ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്നു പാലായിലേക്കും പറഞ്ഞയയ്ക്കുകയായിരുന്നു. പാലായിലെ ആശുപത്രിയിൽ കാത്തുനിന്ന വൈദ്യസംഘം, ആംബുലൻസ് എത്തിയ ഉടൻ കുട്ടിയെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി കമ്മൽ പുറത്തെടുത്തു. കുട്ടി ഇന്നലെ ആശുപത്രി വിട്ടു.

Tags:
  • Spotlight