Saturday 03 June 2023 03:07 PM IST

‘പന്ത്രണ്ടാം വയസ്സിൽ ട്യൂമർ ബാധിച്ച അനന്യ... അവളുടെ വിവാഹത്തിന് താലി എടുത്തു കൊടുത്ത നിമിഷം’: ശലഭങ്ങളുടെ അമ്മ കഥ പറയുന്നു

V R Jyothish

Chief Sub Editor

kusuma-kumari-doctor ഭർത്താവ് ചന്ദ്രശേഖരൻ നായർ, മരുമകൾ അഞ്ജന, മകൻ ബാലചന്ദ്രൻ കൊച്ചുമക്കൾ കേശവ്, മാധവ് എന്നിവർക്കൊപ്പം ഡോ.കുസുമകുമാരി

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ കുട്ടികളുെട വാർഡ് ഇപ്പോൾ ഒരു വലിയ നഴ്സറി സ്കൂളു പോലെയാണ്!

ചുമരിൽ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വിനോദത്തിനായി കളിക്കോപ്പുകൾ, കാർട്ടൂണും സിനിമയും കാണാൻ തിയറ്റർ. ആനയും കുതിരയും കാർട്ടൂൺ കഥാപാത്രങ്ങളുമുള്ള കുട്ടികളുടെ ലോകം. ആവശ്യമുള്ളിടത്തോളം കിടക്കകൾ. ആധുനിക ചികിത്‍സാരീതികൾ. എന്നാൽ ഇതൊന്നുമില്ലാതിരുന്ന കാലം ഈ വാർഡിനുണ്ടായിരുന്നു.

ഒരു ഡോക്ടറും കുറേ കുഞ്ഞുങ്ങളും മാത്രമുണ്ടായിരുന്ന ഭൂതകാലം. ആ ഡോക്ടറാണു പി. കുസുമ കുമാരി. കഴിഞ്ഞ 40 വർഷമായി ഈ ഡോക്ടർ തിരുവനന്തപുരത്തുണ്ട്. കുട്ടികളുടെ ഡോക്ടറമ്മയായി. വിടരും മുൻപേ കൊഴിയാൻ വിധിക്കപ്പെട്ട കുരുന്നുകൾക്ക് ആശ്വാസമായി. മക്കൾക്കു ഗുരുതര കാൻസറെന്നറിഞ്ഞു തകർന്നുപോകുന്ന മാതാപിതാക്കൾക്കു മുന്നിൽ പ്രത്യാശയുെട ദീപപ്രഭയായി. രോഗം ഭേദമായി തിരിച്ചു വീട്ടിൽ പോകുമ്പോൾ ദൈവത്തെപ്പോലെ കൂടെക്കൂട്ടാൻ തോന്നുന്ന എത്ര ഡോക്ടർമാരുണ്ടാകും?

ഒരു കാര്യം ഉറപ്പാണ്. റീജനൽ കാൻസർ സെന്ററിൽ കുട്ടികളുടെ ഓങ്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. പി. കുസുമ കുമാരിയെ ദൈവത്തോളം ആരാധിക്കുന്ന നൂറുകണക്കിന് ആൾക്കാരുണ്ട്.

െമഡിക്കൽ കോളജിൽ കുട്ടികളുടെ കാൻസർ വാർഡിൽ വന്ന കുരുന്നുകളെ ആദ്യമായി കണ്ടപ്പോൾ ഡോ. കുസുമ കുമാരി ഓർത്തതു വീട്ടിലിരുന്നു കളിക്കുന്ന തന്റെ മൂന്നു വയസ്സുകാരൻ മകനെ. പിന്നെ, ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടി. വീട്ടിലെത്തിയപ്പോൾ ഭർത്താവു ചന്ദ്രശേഖരൻ നായർ ചോദിച്ചു; ‘നീയല്ലെങ്കിൽ ആ കുട്ടികൾക്ക് ആരാണുള്ളത്?’ ആ ചോദ്യത്തിനുള്ള ഉത്തരമായി മാറി ഡോ.കുസുമകുമാരിയുടെ പിന്നീടുള്ള ജീവിതം.

അച്ഛന്റെ ആശ്വാസവും സമ്പത്തും

തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം മുരളി സദനത്തിൽനിന്നു തുടങ്ങുകയാണ് ഈ യാത്ര. പട്ടാളക്കാരനായ കൃഷ്ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും ആ റുമക്കളിലൊരാളാണു കുസുമ കുമാരി. മക്കളെല്ലാം നന്നായി പഠിക്കും എന്നതായിരുന്നു കൃഷ്ണപിള്ളയുടെ ഏക ആശ്വാസവും സമ്പാദ്യവും. ഊരൂട്ടമ്പലം എൽ.പി. സ്കൂളിലും മാറനല്ലൂർ ൈഹസ്കൂളിലും കാട്ടാക്കട ക്രിസ്ത്യൻ കോളജിലുമായി കുസുമകുമാരിയുടെ വിദ്യാഭ്യാസം. പിന്നീട് ബി.എസ്.സിക്ക് തിരുവനന്തപുരം വിമൻസ് കോളജിൽ. അവിടെ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ. എം.ബി.ബി.എസ്സും പീഡിയാട്രിക്സിൽ എം.ഡിയും അവിടെനിന്ന് എടുത്തു.

സ്ഥലം മാറ്റമില്ലാത്ത ജോലി എന്ന നിലയിലാണ് മെഡിക്കൽ കോളജിൽ കുട്ടികളുടെ വിഭാഗത്തിൽ ജോലിക്കു ചേർന്നത്. റീജനൽ കാൻസർ സെന്റർ തുടങ്ങും മുൻപേ കുട്ടികളുടെ കാൻസർ ചികിത്സയ്ക്കു ഡോക്ടർ നിയോഗിക്കപ്പെട്ടു. മൂന്നു കിടക്കകളുള്ള കുട്ടികളുടെ ഓങ്കോളജി വാർഡിൽ ഡോക്ടർ ഒറ്റയ്ക്കു ജോലി ചെയ്തു. റീജനൽ കാൻസർ െസന്റർ ആരംഭിച്ചപ്പോൾ കുട്ടികളുടെ കാൻസർ വാർഡും അങ്ങോട്ടു മാറി.

വി.എസ്.എസ്.സിയിൽ എൻജിനീയറായിരുന്നു ചന്ദ്രശേഖരൻ നായർ. ‘‘കാൻസർ ബാധിതരായ കുട്ടികളുടെ മാതാപിതാക്കളുടെ കണ്ണീരു കാണാൻ വയ്യാത്തതുകൊണ്ടു ജോലി ഉപേക്ഷിക്കുന്നുവെന്നു പറഞ്ഞാണ് അന്നു വീട്ടിലെത്തിയത്. പക്ഷേ, ഈ കുട്ടികൾക്കാരുണ്ട് എന്ന അദ്ദേഹത്തിന്റെ ചോദ്യം എന്നെ ഇവിടെ പിടിച്ചു നിർത്തി.’’

ഭർത്താവു മാത്രമല്ല ഏകമകൻ ബാലചന്ദ്രനും തന്നെ പ്രോത്സാഹിപ്പിച്ചതു കൊണ്ടാണു സേവനരംഗത്തു തുടരാൻ കഴിഞ്ഞതെന്നു പറയുന്നു ഡോക്ടർ. കുട്ടിയായിരിക്കുമ്പോൾ അസുഖമാണെങ്കിൽ പോലും അവൻ പറയും ‘ അമ്മ പൊയ്ക്കോ, മരുന്ന് അച്ഛന്റെ കൈയിൽ കൊടുത്താൽ മതി.’ ബാലചന്ദ്രന് ഇപ്പോൾ രണ്ടു കുട്ടികളുണ്ട്. കേശവും മാധവും. എൻജിനീയറായ അഞ്ജനയാണു ഭാര്യ. കൊച്ചുമക്കൾക്കു വേണ്ടിയാണു ഞങ്ങളിപ്പോൾ കുറച്ചു സൗകര്യമുള്ള വീട്ടിലേക്കു മാറിയത്. മുൻപൊക്കെ ചെറിയ വീടുകളിലായിരുന്നു ഞങ്ങളുടെ ജീവിതം.’ മെഡിക്കൽ കോളജിനടുത്തുള്ള ഡോക്ടേഴ്സ് കോളനിയിലെ വീട്ടിലിരുന്നു കുസുമകുമാരി പറഞ്ഞു.

തിരികെ വന്ന പുഞ്ചിരി

1984ലാണ് ഡോക്ടർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് സ്വകാര്യ ആശുപത്രികൾ അഞ്ചിരട്ടി ശമ്പളം വാഗ്ദാനം ചെയ്തിട്ടും സർക്കാർ ആശുപത്രി വിട്ടു ഡോക്ടർ എങ്ങും പോയില്ല. ഒരുദിവസം പോലും സ്വകാര്യ പ്രാക്റ്റീസ് നടത്തിയിട്ടുമില്ല.

ഡോക്ടേഴ്സ് കോളനിയിലെ വീട്ടിൽ നിന്നു കുമാരപുരത്തുള്ള പ്രത്യാശയുടെ ശരണാലയത്തിലേക്കു പോകുമ്പോൾ ഡോക്ടർ പറഞ്ഞതു ചൂളയിൽ ഉരുകിയൊലിക്കുന്ന അനുഭവങ്ങളാണ്.

‘മരണത്തിന്റെ മാത്രമല്ല പുനർജന്മത്തിന്റെ അനുഭവവുമുണ്ട്.’ പന്ത്രണ്ടാം വയസ്സിൽ ട്യൂമർ ബാധിച്ച അനന്യയുടെ ജീവിതം അതിനു തെളിവാണ്. ‘സർജറിയും കീമോെതറപ്പിയും വേണ്ടി വന്നു അനന്യയ്ക്ക്. അനന്യ ജീവിതത്തിലേക്കു തിരിച്ചു വന്നു. പഠിച്ചു. ജോലി കിട്ടി. അവളുടെ വിവാഹത്തിന് ഞാൻ തന്നെ താലി എടുത്തു കൊടുക്കണമെന്ന് അവൾക്കും അമ്മയ്ക്കും നിർബന്ധമായിരുന്നു. അതു ചെയ്യുമ്പോൾ ദൈവത്തെ തൊടുംപോലെ തോന്നി.’ ഡോക്ടറുടെ കണ്ണു നിറയുന്നു.

‘‘മോഹൻ എന്ന ഒൻപതു വയസ്സുകാരനെ എൻ. എച്ച്. എൽ കാൻസർ ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചികിത്സ സ്വീകരിക്കാനുള്ള ആരോഗ്യം പോലും ഉണ്ടായിരുന്നില്ല. അത്രയ്ക്കും അവശനായിരുന്നു. എങ്കിലും ചികിത്സ തുടങ്ങി. വീട്ടുകാർ നന്നായി പ്രാർഥിച്ചു. ചികിത്സയ്ക്കൊപ്പം അതിന്റെ ഫലം കൂടിയുണ്ടായോ എന്നറിയില്ല. മോഹന് ഇപ്പോൾ വയസ്സ് നാൽപതായി. ഇടയ്ക്കൊക്കെ എന്നെ കാണാൻ വരും.’’ ഡോക്ടറുടെ മുഖത്ത് ഒരു കുഞ്ഞുസൂര്യനുദിക്കുന്നു.

‘‘ഞാൻ ചികിത്സിച്ച ഒരു കുട്ടിയുടെ അസുഖം ഭേദമായി. അവൾ കല്യാണം കഴിച്ചു. അവൾക്കൊരു കുട്ടിയുണ്ടായി. ആ കുട്ടി സംഗീതം പഠിച്ച് ആർ.സി.സിയിൽ വച്ചു സംഗീതപരിപാടി നടത്തി. ഇതൊക്കെ തന്നെയല്ലേ ഞങ്ങളുടെ സ മ്പാദ്യം.’’ ഡോക്ടർ ചോദിക്കുന്നു.

ഒരിക്കൽ ഒരു പന്ത്രണ്ടുകാരി ചികിത്സയ്ക്കായി വന്നു. ആശുപത്രിയിൽ വച്ചു ന്യുമോണിയ പിടിപെട്ടു. മരുന്നുകളോടു പോലും പ്രതികരിക്കുന്നില്ല.

ആ കുട്ടിയുടെ അവസ്ഥയിൽ ഞങ്ങൾ ആകെ പരിഭ്രമിച്ചു. രണ്ടു ദിവസം ഒന്നും പറയാനാകാതെ പോയി. മൂന്നാം ദിനം അവൾ മെല്ലെ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി. ഇന്ന് അവളൊരു ഡോക്ടറാണ്. വല്ലപ്പോഴും എന്നെ കാണാൻ വരാറുണ്ട്.’’ ഡോക്ടർ കണ്ണു തുടയ്ക്കുന്നു, പുഞ്ചിരിയോടെ.

ഓർക്കുമ്പോൾ തന്നെ കരഞ്ഞുപോകുന്ന മറ്റൊരു അ നുഭവവും ഡോക്ടർ പങ്കു വച്ചു. ശ്യാം എന്നു പേരുള്ള ആ റുവയസ്സുകാരന്റെ ജീവിതം. അച്ഛൻ വിദേശത്തായതിനാൽ അമ്മയുടെ കൂടെ അപ്പൂപ്പനാണു കുട്ടിയെയും കൊണ്ടുവരാറുണ്ടായിരുന്നത്.

ചികിത്സ കഴിഞ്ഞു പതിയെ ജീവിതത്തിലേക്കു പിടിച്ചു കയറുകയായിരുന്നു അവൻ. പെട്ടെന്നാണു മറ്റൊരു രോഗം അവനെ പിടികൂടിയത്.

ചികിത്സ കഴിഞ്ഞു രോഗപ്രതിരോധശേഷി കുറഞ്ഞ ശരീരത്തിന് അതു പ്രതിരോധിക്കാനുള്ള കഴിവുണ്ടായിരുന്നില്ല. കുട്ടി മരിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ അവന്റെ അച്ഛൻ കാണാൻ വന്നു. ചെറിയ ആശങ്കയുണ്ടായിരുന്നു. എന്തിനാകും എന്നെ കാണാൻ വരുന്നത്? കണ്ട ഉടനെ അദ്ദേഹം എന്റെ കാലിൽ വീണു കരയാൻ തുടങ്ങി.

മകനെ ചികിത്സിച്ചതിനും സ്നേഹിച്ചതിനും നന്ദി പറഞ്ഞു. ഞാനദ്ദേഹത്തെ ആശ്വസിപ്പിച്ചു. ചെയ്യാവുന്ന ചികിത്സ ചെയ്തിരുന്നു. പക്ഷേ, നമുക്ക് ഭാഗ്യമില്ലാതെ പോയി. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും കരഞ്ഞുപോകും.’’

kusuma-kumari-2 പ്രത്യാശ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾക്കൊപ്പം ഡോ. കുസുമകുമാരി

പ്രത്യാശ എന്ന ശരണാലയം

‘ആർ.സി.സിയിൽ നിന്നു വിരമിച്ചിട്ടു വർഷങ്ങളായെങ്കിലും ഇന്നും ‘പ്രത്യാശ’യിലൂടെ അവിടുത്തെ കുഞ്ഞുങ്ങൾക്കു സുപരിചിതയാണ് ഡോക്ടറമ്മ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ശരണാലയമാണു കുമാരപുരത്തെ പ്രത്യാശ. ‘ താമസവും ഭക്ഷണവും മാത്രമല്ല അത്യാവശ്യം മരുന്നും പ്രത്യാശയിൽ നിന്നു കൊടുക്കും. അതുപോലെ പ്രധാനമാണു മാതാപിതാക്കൾക്കു നൽകുന്ന മാനസിക പിന്തുണ. അവർക്കിവിടെ കൗൺസലിങ് കൊടുക്കുന്നുണ്ട്.’

കുട്ടികളുടെ കാൻസറിനെതിരെ നിരന്തരം പടപൊരുതുന്ന ഡോക്ടർക്കും ഒരിക്കൽ കാലിടറി. വില്ലനായി മുന്നിലെത്തിയത് അർബുദം തന്നെ. ‘‘പലരും അന്നു പുറത്തെ ആശുപത്രികളിൽ ചികിത്സ തേടാൻ പറഞ്ഞു. പക്ഷേ, ആർസിസിയിലെ ചികിത്സ മതി, മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്നായിരുന്നു എന്റെ തീരുമാനം. രോഗവിവരം തിരക്കാൻ സുഹൃത്തു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു.

‘ഇപ്പോഴാണു ഞാൻ യഥാർഥത്തിൽ കാൻസർ ചികിത്സിക്കുന്ന ഡോക്ടറായത്. ഇനി എനിക്കു പറയാമല്ലോ? ഞാനും കാൻസർ രോഗിയാണെന്ന്.’ അതുകേട്ട് സുഹൃത്തു മറുപടിയൊന്നും പറഞ്ഞില്ല. ആ അതിജീവന അനുഭവത്തെയും പൊസിറ്റീവായ പാഠമായാണു ഉൾക്കൊണ്ടത്. രോഗം ഭേദമായി പടിയിറങ്ങിപ്പോയവർ ധാരാളം. ചിലർ പ്രകാശമുള്ള ചിരിയോടെ വീണ്ടും വരും. അങ്ങനെ സ്നേഹത്തോടെ തിരിച്ചുവരുന്നവരാണ് ശക്തി.

നാലു പതിറ്റാണ്ടിനിടെ ഒരുപാടു കുഞ്ഞുങ്ങളെ രോഗ ത്തിന്റെ പിടിയിൽ നിന്നു മോചിപ്പിക്കാൻ കഴിഞ്ഞു. അവരുടെ പുഞ്ചിരി നൽകുന്ന ഊർജവും ചെറുതല്ല. പക്ഷേ, ശ്രമങ്ങളും പ്രാർഥനകളും തോറ്റുപോയ അവസരങ്ങളുമുണ്ട്. നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ മുഖം ആർക്കാണു മറക്കാൻ കഴിയുക. ശ്വാസമുള്ള കാലത്തോളം ആ കുരുന്നു മുഖങ്ങൾ എന്റെയുള്ളിലിരുന്നു ചിരിക്കും, വേദനയായി. ’’

kusuma-kumari-5

കുഞ്ഞുങ്ങൾക്കൊരു സ്നേഹത്തണൽ

കാൻസർ മരണത്തിന്റെ മറുവാക്കായിരുന്ന ഒരു കാലം. അന്നു നിർധനരായ കുഞ്ഞുങ്ങൾ കാൻസർ ബാധിതരായി വരുമ്പോൾ മാതാപിതാക്കൾക്കു മുന്നിൽ ഇരുട്ടുമാത്രമായിരുന്നു. ആശുപത്രി വരാന്തയിലും കടത്തിണ്ണകളിലും അവർ ഉറങ്ങി. അവരുടെ കഷ്ടപ്പാടും കുഞ്ഞുങ്ങളുടെ ആയുസ്സും ഓർത്തു ഡോക്ടർ കുസുമകുമാരിയുടെ മനസ്സിടറി. അവർക്കൊരു ശരണാലയം എന്ന നിലയ്ക്കാണു ഡോക്ടറുടെ നേതൃത്വത്തിൽ പ്രത്യാശ എന്ന സംഘടന തുടങ്ങുന്നത്.

സ്വന്തം സമ്പാദ്യവും സംഭാവനകളുമായിരുന്നു തുടക്കത്തിൽ പ്രവർത്തന മൂലധനം. പിന്നെ, തിരുവനന്തപുരത്തെ കടകളിൽ സംഭാവനപെട്ടികൾ വച്ചു. ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ഈ ചില്ലുപെട്ടികളിലേക്കു നാണയത്തുട്ടുകൾ ഇട്ടവർ ഒരുപക്ഷേ, അറിഞ്ഞിരിക്കില്ല, എത്ര വലിയ ജീവകാരുണ്യ ദൗത്യത്തിന്റെ ഭാഗമായാണ് അവർ മാറുന്നതെന്ന്. ഇന്നും തിരുവനന്തപുരത്തു സജീവമായി പ്രവർത്തിക്കുന്നു പ്രത്യാശ. കാൻസർ വിമുക്തരായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും സംഘടനയായി. ചികിത്സ കഴിഞ്ഞ കുട്ടികളും ഇതിൽ അംഗങ്ങൾ ആണ്.

ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തു കുമാരപുരത്താണു പ്രത്യാശയുടെ ശരണാലയം പ്രവർത്തിക്കുന്നത്. ഒരേസമയം പത്തു കുടുംബങ്ങളെ പൂർണമായും സൗജന്യമായി താമസിപ്പിക്കുന്നു. ഈ ചെലവുകൾ പൊതുസമൂഹത്തിൽ നിന്നാണു കണ്ടെത്തുന്നത്. ‘പ്രത്യാശ ചാരിറ്റബിൾ ട്രസ്റ്റി’ന്റെ ചില്ലുപെട്ടികളിലൂടെ കേരളസമൂഹവും ഈ മഹദ് ഉദ്യമത്തിന്റെ ഭാഗമാകുന്നു.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: അരുൺ സോൾ