ADVERTISEMENT

കൊച്ചിയില്‍ സ്വവർഗ ദമ്പതികളിൽ ഒരാളെ ബലമായി കൂട്ടിക്കൊണ്ടുപോയതായി പങ്കാളിയുടെ പരാതി. ഒപ്പം താമസിച്ചിരുന്ന അഫീഫ എന്ന യുവതിയെ വീട്ടുകാര്‍ ബലമായി കൂട്ടിക്കൊണ്ടുപോയെന്നു മലപ്പുറം സ്വദേശിനി സുമയ്യ ഷെറിൻ പരാതി നൽകി. സംഭവത്തില്‍ സുമയ്യ ഹൈക്കോടതിയിൽ ഹേബിയസ് കോര്‍പ്പസ് ഹർജി സമർപ്പിച്ചു. ലെസ്ബിയന്‍ ദമ്പതികളായ ആദില- നൂറ വിഷയത്തിനുശേഷം ഹൈക്കോടതിയില്‍ വന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൂടിയാണിത്. 

‘‘ജനുവരി 27ന് വനജ കലക്റ്റീവ് ടീമിന്റെ സഹായത്തോടെ ഞങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിവന്നു. ഞങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയിൽ ജനുവരി 29ന് ഇരുവരും മലപ്പുറം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാവുകയും ഒരുമിച്ച് ജീവിക്കാൻ അനുകൂലമായ വിധി വാങ്ങുകയും ചെയ്തു. കഴിഞ്ഞ നാലു മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു.

ADVERTISEMENT

മേയ് 30നു സൈബർ സെല്ലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ അഫീഫയുടെ ബന്ധുക്കൾക്ക് അനധികൃതമായി ഞങ്ങളുടെ ലൊക്കേഷൻ ട്രേസ് ചെയ്തു കൊടുക്കുകയും എറണാകുളത്തെ ജോലിസ്ഥലത്തു വന്ന് അഫീഫയെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു. അഫീഫയെ കയറ്റിയ കാറിനടുത്തേക്കു ചെന്ന എന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അവളുടെ വീട്ടുകൾ ഉൾപ്പെടെ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. ഫോൺ സ്വിച്ച് ഓഫാണ്. അഫീഫയുടെ ജീവൻ തന്നെ അപകടത്തിലായിട്ടുള്ള സാഹചര്യമാണുള്ളത്. 

അഫീഫയുടെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ട്. കുറച്ചധികം അക്രമാസക്തരായ വീട്ടുകാരാണ് അഫീഫയുടേത്. അവളെ ശാരീരികമായി മുൻപും ഉപദ്രവിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ ചെന്നും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാൻ കോടതി അംഗീകരിച്ചതാണ്. എന്നോടൊപ്പം ജീവിക്കണമെന്ന് പറഞ്ഞ് അവളാണ് ആദ്യം പരാതി നൽകിയത്. എന്നാൽ അവളുടെ മനസ്സു മാറ്റാമെന്ന് വിചാരിച്ചാണ് 19 വരെ കോടതിയിൽ സമയം ചോദിച്ചത്.’’- സുമയ്യ പറഞ്ഞു.

ADVERTISEMENT

പുത്തൻകുരിശ്, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലും എസ്പി, ഡിജിപി തുടങ്ങിയവർക്കും സുമയ്യ പരാതി നൽകി. ജൂൺ 5ന് സുമയ്യയുടെ ഹേബിയസ് കോർപ്പസ് പരാതി ഹൈക്കോടതി സ്വീകരിച്ചു. ജൂൺ 9നു അഫീഫയെ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും 19നു ഹാജരാക്കാമെന്ന് അഭിഭാഷകൻ അറിയിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT