ADVERTISEMENT

ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്നു ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് കൈതപ്പതാൽ. 28 ദിവസം മാത്രമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതിന്റെ ആഘാതത്തിൽ അമ്മയും മകനും കിണറ്റിൽച്ചാടി ജീവനൊടുക്കിയ വാർത്ത കേട്ടാണ് ഇന്നലെ കൈതപ്പതാൽ ഗ്രാമം ഉണർന്നത്. തിടനാട് കുമ്മണ്ണുപറമ്പിൽ ടോമിന്റെ ഭാര്യ ലിജ, മകൻ ബെൻ എന്നിവരാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്. 

പ്രസവത്തിനായി കൈതപ്പതാലിലെ സ്വന്തം വീട്ടിൽ എത്തിയ ലിജ ഭർതൃഗൃഹത്തിലേക്ക് മടങ്ങിയിരുന്നില്ല. ടോം-ലിജ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിന് ചൊവ്വാഴ്ച ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ മാട്ടുക്കട്ടയിലെയും തുടർന്ന് ഇരുപതേക്കറിലെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ADVERTISEMENT

പോസ്റ്റുമോർട്ടത്തിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായി. മൂത്തമകൻ അസുഖ ബാധിതനായി 10 വർഷം മുൻപ് മരിച്ചതിന്റെ ആഘാതത്തിൽ നിന്ന് മുക്തമാകാതിരുന്ന കുടുംബത്തെ നവജാത ശിശുവിന്റെ മരണം തീരാദുഃഖത്തിലേക്ക് തള്ളിവിട്ടു. കുഞ്ഞിന്റെ വേർപാട് ലിജയെ മാനസികമായി ഏറെ തകർത്തു. സംസ്കാരച്ചടങ്ങുകൾക്കു ശേഷം സ്വന്തം മാതാവിനൊപ്പമാണ് ലിജയും മകനും ഉറങ്ങാൻ കിടന്നത്.

ഇന്നലെ പുലർച്ചെ ആറോടെ പള്ളിയിൽ പോകാനായി മാതാവ് എഴുന്നേറ്റു പോയ ശേഷമാണ് ലിജ മകനെയും കൂട്ടി കിണറ്റിൽ ചാടിയത്. 40 അടിയോളം താഴ്ചയുള്ള കിണറിനു മൂടിയുമുണ്ടായിരുന്നു. ഇത് മാറ്റിയാണ് ഇവർ താഴേക്കു ചാടിയത്. ശബ്ദം കേട്ട് ലിജയുടെ മാതാപിതാക്കളും സഹോദരനും ഓടിയെത്തിയപ്പോഴാണ് ഇരുവരും കിണറ്റിൽ വീണത് കണ്ടത്. ഉടൻതന്നെ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചെങ്കിലും രക്ഷാപ്രവർത്തനം വിഫലമായത് നാടിനെയാകെ കണ്ണീരിലാഴ്ത്തി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT