ADVERTISEMENT

കുഴിമാടങ്ങൾ നമ്മളോട് ചില കഥ പറയാറുണ്ട്. നമുക്ക് പ്രിയപ്പെട്ടവർ ഈ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന അടയാളപ്പെടുത്തുന്ന ശേഷിപ്പായ കല്ലറകളുടെ ചാരെ നിൽക്കുമ്പോൾ നമുക്ക് അവരുടെ ശബ്ദം കേൾക്കാം, ആ ഗന്ധം അടുത്തറിയാം. പ്രിയപ്പെട്ട രണ്ടു പേരുടെ കല്ലറകൾക്കരികില്‍ നിൽക്കുമ്പോൾ തന്നെ തഴുകി പോയ ഓർമകളെ തിരികെ വിളിക്കുകയാണ് ലിജി.

ഏതോ ദുർബല നിമിഷത്തിൽ ഈ ഭൂമിയിലെ എല്ലാ ബന്ധനങ്ങളും അറുത്തുമാറ്റി മരണം തിരഞ്ഞെടുത്ത പ്രിയമകനെ കുറിച്ചുള്ള ഓർമയാണ് ആദ്യത്തേത്. അപ്പുവെന്ന് സ്നേഹത്തോടെ വിളിക്കുന്ന മകന്റെ മരണവും ആ പൊള്ളുന്ന ഓർമകളും വാക്കുകളിലൂടെ വരച്ചിടുന്നു ലിജി. സൈബർ അറ്റാക്കിങ്ങിനും ചതിക്കുഴികൾക്കും ഒടുവിൽ നിവൃത്തിയില്ലാതെയാണ് നിഥിൻ മാത്യു എന്ന അപ്പു മരണം തിരഞ്ഞെടുത്തത്. കാൻസര്‍ അടർത്തിക്കളഞ്ഞ പ്രിയ സുഹൃത്ത് ലിഡിയയുടെ ഓർമകളെയും നെഞ്ചുരുക്കുന്ന വേദനയോടെ ലിജി തിരികെ വിളിക്കുന്നുണ്ട്.

ADVERTISEMENT

ഫെയ്സ്ബുക്കിലാണ് ലിജി ഹൃദയം നുറുക്കുന്ന കുറിപ്പ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ADVERTISEMENT

കല്ലറകൾ പുക്കുമ്പോൾ ....

.................................

ADVERTISEMENT

പ്രിയപ്പെട്ട ലിഡിയയുടെ ആണ്ടിന് ഒരു പിടി ചോറുണ്ണാൻ പൂങ്കാവ് പള്ളിയിലെത്തിയപ്പോഴാണ് അതി മനോഹരമായി അലങ്കരിച്ച അവളുടെ കബറിടം കണ്ടത് .....

" ഇത് അവൾക്ക് കൊടുക്കാൻ ബാക്കിവച്ച എന്റെ സ്നേഹം ... എന്റെ ഹൃദയം ... ഇനി ഇതല്ലാതെ മറ്റ് വഴിയില്ലല്ലോ ...." കൂപ്പു കൈകളോടെ കണ്ണീരണിഞ്ഞ് ലിഡിയയുടെ ഭർത്താവ് ഷിബു ....

ഒരു കല്ലറയിൽ നിന്ന് മറ്റൊരു കല്ലറയിലേക്കുള്ള ദൂരം താണ്ടുമ്പോൾ എന്തിനിത്ര പണം മുടക്കി കല്ലറകൾ ഭംഗിയാക്കണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയായിരുന്നു ....

പത്തിരുപത് വർഷമായി പാറേൽ പള്ളി ഇടവകാംഗമായിരുന്നിട്ടും അവിടുത്തെ കല്ലറ ഞാൻ കണ്ടിരുന്നില്ല ....

ഭയം കൊണ്ടായിരുന്നു .... മരണ വീട്ടിൽ പോകാൻ തന്നെ പേടിയും സങ്കടവുമായിരുന്നു ...

അവിടെ തളം കെട്ടി നിൽക്കുന്ന ദുഖവും കണ്ണീരും ഹൃദയം പൊള്ളിച്ചപ്പോൾ അകലം പാലിച്ചു ..... പ്രിയപ്പെട്ടവരുടെ ജീവനുള്ള ഓർമ്മകൾക്ക് മീതെ ശവക്കച്ച പുതപ്പിക്കാതിരിക്കാൻ ജീവനറ്റ ആ കാഴ്ച കാണണ്ടാന്ന് മനസ് പറഞ്ഞു ....

മരണം, അത് ശത്രുവിന്റേതാണെങ്കിലും വേദനാജനകമാണ് ....

പേടി മാറ്റാൻ ഈശ്വരൻ തീരുമാനിക്കുന്നു....

2022 ജനുവരി 22 .... ഏകമകന്റെ ചേതനയറ്റ ശരീരവുമായി വലതുകാൽ വച്ച് പാറേൽ പള്ളിയുടെ കല്ലറയിലേക്ക് ....

പിന്നീടിങ്ങോട്ട് അവിടുത്തെ നിത്യ സന്ദർശകയായി ....

പരിചയമുള്ള ഒരു പാട് പേരുകളും മുഖങ്ങളും .... അവക്കു മുമ്പിൽ നിന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്ന പ്രിയപ്പെട്ടവർ ....

ബലിവേദിയിൽ നിന്ന് ആത്മകുടീരത്തിലേക്കുള്ള ദൂരത്തിനിടയിൽ പൂത്തുലഞ്ഞ ചില സൗഹൃദങ്ങൾ ....

തുല്യ ദുഖിതർ .... മുറിവുണങ്ങാത്തവർ ....

രണ്ടാം നമ്പർ കല്ലറയിൽ അപ്പു .... ഇടതും വലതും ഒരമ്മയും അച്ചായനും കൂട്ടിന് ...

" ഒരിക്കലും ഒന്നാമനാവരുതമ്മേ ..... ഒന്നാമതെത്തിയാൽ പിന്നെ ഒരു ത്രില്ലില്ല ... രണ്ടോ മൂന്നോ ഒക്കെ ആയാൽ അവിടേക്കെത്താനുള്ള ഒരു ആവേശം ജീവിതത്തിൽ എന്നും ഉണ്ടാവും ...." പഠനത്തിൽ പിന്നിലോട്ട് പോകാൻ തുടങ്ങിയപ്പോഴുള്ള അവന്റെ ന്യായീകരണമാണെങ്കിലും ആഗ്രഹം പോലെ കല്ലറയിലും രണ്ടാമൻ !

'വെള്ളയടിച്ച കുഴിമാടങ്ങൾ ' എന്നിനി ആക്ഷേപിക്കണ്ട ... വെള്ളയടിച്ച കുഴിമാടത്തിനുള്ളിൽ അടക്കം ചെയ്തത് ഞങ്ങളുടെ മാംസത്തിന്റെ മാംസവും രക്തത്തിന്റെ രക്തവുമാണ് ...

ഒരിക്കലും അഴുകാത്ത ഓർമ്മകളുടെയും സ്നേഹത്തിന്റെയും കുടീരം....

അതുകൊണ്ടാണ് വെള്ളപൂശി .... അതിനു മുകളിൽ പൂക്കൾ കൊണ്ട് താജ് മഹൽ ഒരുക്കി നിശ്വസിക്കുന്നത് ...

ഇത് അവന് കൊടുക്കാതെ പോയ സ്നേഹം ...... കൊടുക്കാൻ ബാക്കി വച്ച സ്നേഹം ....

എന്തുമാത്രം നിന്നെ സ്നേഹിച്ചിരുന്നു എന്നതിന്റെ മന്ത്രണം ....

ഒക്കെ വെറുതെയെന്ന് തോന്നിയാലും ....കാഴ്ചക്കാരന് അരോചകമായാലും ... നഷ്ടപ്പെടലിന്റെ വേദനയിലും ആശ്വാസം കണ്ടെത്താനുള്ള പ്രിയപ്പെട്ടവരുടെ മനസ് കാണാതിരിക്കാനാവില്ലാർക്കും .....

ആരോ പറഞ്ഞു ... നന്നായി പ്രാർത്ഥിച്ചോളു ...ഒരു കാറ്റായി, ചിത്രശലഭമായി അവൻ വരുമെന്ന് ....

"ഒരു തൈക്കുളിർ കാറ്റായരികത്തണഞ്ഞപ്പോലരുമക്കുഞ്ഞിന്റെ പ്രാണനമ്മയെയാശ്ലേഷിച്ചു " ... (വൈലോപ്പിള്ളി, മാമ്പഴം)

കുന്തിരിക്കത്തിന്റെ മണമുള്ള മന്ദമാരുതന്റെ തഴുകലിന് ഇപ്പോൾ വല്ലാത്ത കുളിർമയാണ് ...

കല്ലറയിൽ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ കയ്യിൽ വന്നിരുന്ന പൂമ്പാറ്റക്ക് നിന്റെ ഭംഗിയുണ്ടായിരുന്നു ....

അത് മെല്ലെ പറന്നുയർന്ന് നെറ്റിയെ തലോടി ....

" അമ്മേ സോറി ... "

"ലവ് യു ആൻഡ് മിസ്സ് യു അപ്പു "

ADVERTISEMENT