ഓടുന്ന ട്രെയിനിന്റെ എൻജിൻ റൂമിലിരുന്നു ലോക്കോപൈലറ്റ് അൻവർ ഹുസൈൻ കണ്ടതു മുന്നിലെ ട്രാക്കിൽ കുടുങ്ങിയ രണ്ടു ജീവനുകളെയാണ്. രക്ഷപ്പെടില്ലെന്നു ട്രാക്കിലുള്ളവരും ലോക്കോ പൈലറ്റുമാരും ഉറപ്പിച്ച നിമിഷങ്ങൾ. എമർജൻസി ബ്രേക്കിട്ടെങ്കിലും അടിയിൽ അവർ ജീവനോടെയുണ്ടെന്ന് ഉറപ്പില്ലായിരുന്നു. ഒടുവിൽ മരണം പാളം മാറി. അവർ ജീവിതത്തിലേക്കു നൂണുകയറി.
ഷാലിമാർ എക്സ്പ്രസിനു മുന്നിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ ലോക്കോ പൈലറ്റ് അൻവർ ഹുസൈൻ സംഭവം ഓർത്തു പറയുമ്പോഴും ആ നിമിഷങ്ങളിലെ ഭീതിയും അദ്ഭുതവും വാക്കുകളിലുണ്ട്.
‘ശനിയാഴ്ച രാത്രി 9.40ന് ആലുവ സ്റ്റേഷനിൽനിന്നു ട്രെയിൻ പുറപ്പെട്ട് ഒന്നര കിലോമീറ്റർ പിന്നിട്ടപ്പോഴാണു സംഭവം. വേഗം 60 കിലോമീറ്റർ എത്തിയിരുന്നു. അപ്പോൾ അകലെ പാളം കുറുകെ കടക്കാൻ ശ്രമിച്ച രണ്ടുപേർ പാളത്തിൽ വീഴുന്നതു കണ്ടു. ഇരുവരും ട്രാക്കിൽ ഇരിക്കുന്നതാണ് പിന്നെ കണ്ടത്. ഹോൺ അടിച്ചപ്പോൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വീണുപോകുന്നു. ട്രെയിൻ എത്തും മുൻപേ അവർക്കു പാളം കടക്കാൻ കഴിയില്ലെന്നു ബോധ്യമായി. അങ്ങനെയാണ് എമർജൻസി ബ്രേക്കിട്ടത്.’- അൻവർ ഹുസൈൻ പറയുന്നു.