അബുദാബിയിലെ ഇരട്ടക്കൊലപാതകം: 5 പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു
നിലമ്പൂർ ∙ അബുദാബിയിലെ ഇരട്ടക്കൊലപാതക കേസിൽ 5 പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി പ്രവാസി വ്യവസായി തത്തങ്ങപ്പറമ്പിൽ കുറുപ്പംതൊടിയിൽ ഹാരിസ്, മാനേജർ ചാലക്കുടിയിലെ ഡെൻസി ആന്റണി എന്നിവർ അബുദാബിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
ഹാരിസിന്റെ ബിസിനസ് പങ്കാളി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്, കൂട്ടാളികളായ നടുതൊടിക നിഷാദ്, കൂത്രാടൻ മുഹമ്മദ് അജ്മൽ, വണ്ടൂർ പഴയ വാണിയമ്പലം ചീര ഷഫീഖ്, പൂളക്കുളങ്ങര ഷബീബ് റഹ്മാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹാരിസിന്റെ മുൻഭാര്യ കെ.സി.നസ്‌ലീമ, നസ്‌ലീമയുടെ പിതാവ് കെ.സി.റഷീദ്, റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ വയനാട് കോളേരി സുന്ദരൻ സുകുമാരൻ, നിലമ്പൂർ ഡിവൈഎസ്പി നേരത്തേ അറസ്റ്റ് ചെയ്ത ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, ഒളിവിൽപോയ കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
2020 മാർച്ച് 5ന് ആണ് ഇരട്ടക്കൊലപാതകം നടന്നത്. ഷൈബിൻ അബുദാബിയിലേക്ക് അയച്ച കൊലയാളി സംഘം ഡെൻസിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഹാരിസിനെ കൈഞരമ്പ് മുറിച്ച് ബാത്ത് ടബ്ബിൽ തള്ളുകയായിരുന്നു. നിലമ്പൂരിലെ വീട്ടിലിരുന്ന് വിഡിയോ കോൾ വഴി ഷൈബിനാണ് നിർദേശങ്ങൾ നൽകിയത്. അബുദാബിയിലെ ലഹരിമരുന്ന് കേസിൽ ഷൈബിനെ കുടുക്കിയത് ഹാരിസാണെന്ന സംശയവും നസ്‌ലീമയുമായി ഷൈബിന്റെ സൗഹൃദവും കൊലപാതകത്തിനു പ്രേരണയായെന്നാണ് കേസ്. അന്ന് എഎസ്‌ഐ ആയിരുന്ന സുന്ദരന്റെ സഹായത്തോടെയാണ് ഷൈബിൻ കൊലപാതകം ആസൂത്രണം ചെയ്തത്.
‘3 പിഞ്ചുകുഞ്ഞുങ്ങളുണ്ട്, കൊല്ലരുത്’
‘ കൊല്ലരുത്, 3 പിഞ്ചുകുഞ്ഞുങ്ങളുണ്ട്...’ നിലമ്പൂരിലെ വീട്ടിലിരുന്ന് വിഡിയോ കോൾ വഴി കൊലപാതകത്തിനു കൊലയാളിസംഘത്തെ വിമാനമാർഗം അബുദാബിയിലേക്ക് അയച്ച ഷൈബിൻ കൊലപാതക സമയത്ത് വിഡിയോ കോളിലൂടെ തത്സമയം നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അബുദാബിയിലെത്തിയ സംഘം ഹാരിസിന്റെ താമസസ്ഥലത്തിനു സമീപം ഫ്ലാറ്റെടുത്ത് ആഴ്ചകളോളം നിരീക്ഷണം നടത്തി. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന സമയത്ത് ഫ്ലാറ്റിൽ കടന്ന് ആദ്യം ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് കൈഞരമ്പ് മുറിച്ച് ഹാരിസിനെ ബാത്ത് ടബ്ബിൽ തള്ളി. രക്തം വാർന്ന് ഹാരിസും മരിച്ചു. ഡെൻസിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യചെയ്തെന്നു വരുത്തിത്തീർക്കാൻ കൃത്രിമ തെളിവുകൾ ഉണ്ടാക്കിയശേഷമാണ് സംഘം ഫ്ലാറ്റ് വിട്ടത്.
സംഭവത്തിൽ അന്വേഷണം നടത്തിയ അബുദാബി പൊലീസും ഇതേ നിഗമനത്തിലാണ് എത്തിച്ചേർന്നത്. നൗഷാദും കൂട്ടാളികളും തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് കസ്റ്റഡിയിൽ സംഘം നടത്തിയ വെളിപ്പെടുത്തലുകളാണ് ഷാബാ ഷരീഫ് വധം, ഇരട്ടക്കൊലപാതകം എന്നിവ വെളിച്ചത്ത് കൊണ്ടുവന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച അപേക്ഷയിൽ ഷൈബിൻ, നിഷാദ്, മുഹമ്മദ് അജ്മൽ, ഷഫീഖ്, ഷബീബ് റഹ്മാൻ എന്നിവരെ കോഴിക്കോട് ജയിലിൽനിന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി. ഷാബാ ഷരീഫ് കൊലക്കേസിന്റെ വിചാരണ ഇന്ന് തുടങ്ങുന്നതിനാൽ അപേക്ഷ പരിഗണിക്കുന്നത് മറ്റാെരു ദിവസത്തേക്കു മാറ്റി.