Wednesday 15 November 2023 12:30 PM IST : By സ്വന്തം ലേഖകൻ

വിവാഹം പോലെ വിവാഹമോചനവും ആഘോഷമാക്കി യുവാവ്; മാതാപിതാക്കള്‍ക്കൊപ്പം കേക്കു മുറിച്ച് സന്തോഷം പങ്കിട്ടു! ചിത്രങ്ങള്‍ വൈറല്‍

divorce5677

വിവാഹം പോലെതന്നെ വിവാഹമോചനവും ആഘോഷമാക്കി യുവാവ്. കൊല്ലം മയ്യനാട് സ്വദേശിയായ സജാദാണ് മാതാപിതാക്കള്‍ക്കൊപ്പം കേക്കു മുറിച്ച് വിവാഹമോചനം ആഘോഷമാക്കിയത്. രണ്ടു മാസം മുന്‍പാണ് മയ്യനാട് സാഗരതീരം സുനാമി പുനരധിവാസ ഫ്ലാറ്റിൽ താമസിക്കുന്ന സജാദ് വിവാഹമോചിതനായത്. താന്നി ബീച്ചില്‍ വച്ച് മാതാപിതാക്കളെ ചേര്‍ത്തുനിര്‍ത്തി കേക്കു മുറിച്ച് സന്തോഷം പങ്കിട്ടു. 

കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വിവാഹമോചനവും വൈറലായി. ആരെയെങ്കിലും കുറ്റപ്പെടുത്താനോ മുറിവേല്‍പ്പിക്കാനോ അല്ല ഈ ചിത്രങ്ങളെന്നും ഇരുപത്തിനാലുകാരനായ സജാദ് പറയുന്നു. മുടിനീട്ടി വളര്‍ത്തിയിരുന്ന സജാദ് വിവാഹമോചനം കോടതി അനുവദിച്ച ദിവസമാണ് മുടി മുറിച്ച് മുഖം മിനുക്കിയത്.  

2022 ഓഗസ്റ്റിലായിരുന്നു വിവാഹം. ഒരു മാസത്തെ ആയുസ് മാത്രമായിരുന്നു ഭാര്യയുമൊത്തുള്ള വിവാഹജീവിതത്തിന്. അന്ന് വിവാഹ ചിത്രമെടുത്ത ഫൊട്ടോഗ്രഫറെ വിളിച്ചുവരുത്തിയാണ് വിവാഹമോചനത്തിന്റെ ആഘോഷ ചിത്രങ്ങളും എടുത്തത്. 

Tags:
  • Spotlight
  • Social Media Viral