22 വർഷം മുമ്പ് ചെമ്പൈ സംഗീതകോളജില്‍ നിന്നും രണ്ടാം റാങ്കോടെ പഠിച്ചിറങ്ങിയ ഗായകൻ. വേദികളും സംഗീത നിശകളും വലിയ അവസരങ്ങളും മനസിൽ സ്വപ്നം പോലെ കുറിച്ചിട്ട ആ പ്രതിഭയ്ക്ക് കാലം കാത്തുവച്ചത് മറ്റൊന്നായി. ആനായിക്കൽ സ്വദേശി മനോജിന്റെ ജീവിതം പാതിയിൽ മുറിഞ്ഞുപോയ ഗാനം പോലെ വേദന നിറഞ്ഞതാണ്. ഒരുകാലത്ത് സുഹൃത്തുക്കൾക്കിടയിലും അധ്യാപകർക്കിടയിലും മികച്ച പ്രതിഭയെന്ന് പേരുകേട്ട മനോജിന്റെ ജീവിതത്തെക്കുറിച്ച് സഹപാഠി കൂടിയായ ശ്രീജിത്ത് കൃഷ്ണ ശ്രുതിലയമാണ് തുറന്നെഴുതിയത്. സങ്കടവും പരാധീനതകളും പരീക്ഷണങ്ങളും ഇഴചേരുന്ന ആ ജീവിതത്തെക്കുറിച്ച് ശ്രീജിത്ത് ഫെയ്സ്ബുക്കിൽ കുറിക്കുകയായിരുന്നു. തന്റെ പ്രിയ കൂട്ടുകാരന്റെ അവസ്ഥ ഏറെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്നും കുറിച്ച ശ്രീജിത്തിന്റെ കുറിപ്പ് ഞൊടിയിട കൊണ്ട് വൈറലായി.
നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവർ ആ പഴയ പാട്ടുകാരനെ, കൂട്ടുകാരനെ കണ്ടെത്തിയെന്ന വാർത്തയാണ് പുറത്തു വരുന്നത്. സഹപാഠികളുടെ നിരന്തരമായ പരിശ്രമങ്ങൾക്കൊപ്പം മനോജിന്റെ മധുരസ്വരം പങ്കുവച്ചുള്ള ശ്രീജിത്തിന്റെ പോസ്റ്റും നിമിത്തമാകുകയായിരുന്നു.
തൃശൂർ കുന്നംകുളത്ത് വച്ചാണ് സംഗീതവും പ്രതിഭയും ചോരാത്ത ആ കലാകാരനെ കണ്ടെത്തിയത്. പാട്ടുമായി വലിയ വേദികൾ കീഴടക്കി ആരാധകലക്ഷങ്ങളെ വാരിക്കൂട്ടേണ്ടയാൾ ഇന്ന് അനാഥത്വത്തിന്റെ മടിത്തട്ടിൽ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നു.
കലാലയ ജീവിതത്തിനു ശേഷം ഗാനമേളകളിൽ സജീവമായിരുന്നു മനോജ്. കുറച്ചു കാലം സംഗീത അധ്യാപകനായി ജോലി ചെയ്തു. ജീവിതം സംഗീതസാന്ദ്രമായി ഒഴുകി നീങ്ങവെ പെട്ടെന്നാണ് മാനസിക അസ്വസ്ഥയുണ്ടാകുന്നത്. അതോടെ ജീവിതത്തിന്റെ താളം തെറ്റി, ഈണം മുറിഞ്ഞു. അച്ഛനും അമ്മയും മരണപ്പെട്ടതോടെ തനിച്ച്! പിന്നീടിങ്ങോട്ട് തെരുവിന്റെ മകനായി. രാവിലെ മുതൽ തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടന്ന് ഓരോ ദിനവും തള്ളിനീക്കും. ആരെങ്കിലും വച്ചുനീട്ടുന്ന നാണയത്തുട്ടുകൾ അന്നന്നത്തെ അന്നത്തിനുതകും. ജ്യേഷ്ഠനും മാനസിക വെല്ലുവിളി നേരിടുന്നുണ്ട്.
സംഗീതം കൊണ്ട് വലിയ ഉയരങ്ങളിൽ എത്തിപ്പിടിക്കാനുള്ള കഴിവ് ഉണ്ടായിരുന്നിട്ടും വിധിയുടെ ക്രൂരത മനോജിനെ എങ്ങും എത്തിച്ചില്ല. ഒപ്പം പഠിച്ചവരെല്ലാം അറിയപ്പെടുന്ന ഗായകരായി. അപ്പോഴും വിധിയെ പഴിക്കാതെ കുന്നംകുളത്തുകാർക്കായി ഇടതടവില്ലാതെ പാടുകയാണ് മനോജ്.
മധ്യവയസ്കനായ മനോജിന്റെമധുരസ്വരം വേദനിപ്പിച്ച വിധിക്കിടയിലും ഇടറിയിട്ടില്ല. അന്നുപാടിയ ഹരിമുരളീരവം ഉൾപ്പെടെയുള്ള ഗാനങ്ങള്‍ ഇന്നും കേൾവിക്കാരുടെ കാതിനിമ്പമാണ്. വേദികൾ ലഭിച്ചാൽ നഷ്ടപ്പെട്ടു പോയ സ്വപ്നം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അതിന്റെ ആദ്യ പടിയെന്നോണം സിനിമയിൽ പാടാനുള്ള അവസരവും മനോജിനെ തേടി എത്തിയിരിക്കുകയാണ്.
ശശീന്ദ്ര സംവിധാനം നിർവഹിക്കുന്ന രുദ്ര ദിലീപ് തിരക്കഥയും സംഭാഷണവും ഒരുക്കിയ ഡോ. പുനലൂർ ശ്യാംനാഥ് സംഗീതസംവിധാനം നിർവഹിക്കുന്ന ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഓറ എന്ന മലയാള ചിത്രത്തിലാണ് മനോജിനെ പാടാൻ തിരഞ്ഞെടുത്തിരിക്കുന്നത്.
മനോജിനെ തേടി ശ്രീജിത്ത് ഫെയ്സ്ബുക്കിൽ രണ്ടു ദിവസം മുമ്പ് പങ്കുവച്ച കുറിപ്പ് വായിക്കാം:
"ഹരിമുരളീരവം"...വളരെ വിഷമത്തോടെ ഈ ഒരു പാട്ട് ഇവിടെ പോസ്റ്റ് ചെയ്യട്ടെ
1997-2001 ബാച്ച് പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ എൻറെ സഹപാഠിയായിരുന്ന കുന്നംകുളം സ്വദേശിയായ മനോജ് ആണ് ഇത്.
എൻറെ കോളേജ് ഗ്രൂപ്പിൽ നിന്നാണ് ഈ വീഡിയോ അല്പം മുൻപ് കിട്ടിയത്.കുറെ വർഷങ്ങൾക്കുശേഷമാണ് മനോജിനെ ഈ വീഡിയോയിൽ കൂടെ കാണുന്നത്. ഒരുപാട് സങ്കടം തോന്നി.
ക്ലാസിലെ ഏറ്റവും നന്നായി പാടുന്ന ഞങ്ങളൊക്കെ വളരെ അസൂയയോടെ മാത്രം നോക്കി കണ്ടിരുന്ന നല്ലൊരു ഗായകനായിരുന്നു മനോജ്. കോഴ്സ് കഴിഞ്ഞ് കുറെ കാലങ്ങൾക്ക് ശേഷം ആരൊക്കെയോ പറഞ്ഞു കേട്ടു മനോജിന് മാനസികാസ്വാസ്ഥ്യം പിടിപെട്ടു. വീട്ടുകാരെയൊക്കെ ഉപേക്ഷിച്ച് എവിടെയൊക്കെയോ അലയുന്ന ഒരു അവസ്ഥയിലാണെന്ന്. എന്താണ് പറ്റിയത് എന്ന് അറിയില്ല. നല്ല സുമുഖനായിരുന്നു മനോജ്.. ഈ വീഡിയോയിൽ കാണും പോലെ ഇത്രയും പ്രായം ഒന്നും മനോജിന് ഇല്ല
ഇതിലും ഭംഗിയായി മനോജ് അന്ന് പാടിയിരുന്ന കുറെ പാട്ടുകൾ ഇപ്പോഴും മനസ്സിലുണ്ട്.
"ഇളമാൻ കണ്ണിലൂടെ"...
"കുറുക്ക് സിറിപ്പവളെ".. അതിൽ ചിലത് മാത്രം..
ഈ കൂട്ടുകാരനെ കണ്ടുപിടിക്കാൻ പ്രിയപ്പെട്ടവർ സഹായിച്ചാൽ വലിയ ഉപകാരം. ഞങ്ങൾ സുഹൃത്തുക്കൾ അവനുവേണ്ടി ഞങ്ങളാൽ കഴിയുന്നത് പരമാവധി ചെയ്യും..
മനോജിന്റെ അസുഖമൊക്കെ മാറി പഴയ കൂട്ടുകാരൻ നല്ല ഗായകനായ മനോജ് ആയി കാണാൻ ആഗ്രഹിക്കുന്നു.. ദൈവത്തോട് പ്രാർത്ഥിക്കുന്നു...