Wednesday 29 November 2023 04:48 PM IST

‘ഇഡ്ഡലിത്തട്ടിൽ കേക്ക് ഉണ്ടാക്കിത്തന്ന എന്റെ അമ്മ’: മനു എസ് പിള്ള പങ്കുവയ്ക്കുന്ന അമ്മരുചികൾ

Merly M. Eldho

Chief Sub Editor

manu-s-pillai

അമ്മ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചി.. ലോകത്തിന്റെ ഏതു കോണിൽപ്പോയാലും നാവിനെ കൊതിപ്പിക്കുന്ന ആ അമ്മരുചിയുടെ കൂട്ടുകൾ എന്താണെന്നു ചോദിച്ചാലോ? ഒരിത്തിരി ഉപ്പ്, കുറച്ചു ജീരകം എന്നെല്ലാമായിരിക്കും അമ്മ പറയുന്നത്. ടീസ്പൂൺ, ടേബിൾ സ്പൂൺ കണക്കുകൾ ഇല്ലാതെ കൈ കൊണ്ടു വാരിയിടുന്ന ഉപ്പും കുപ്പിയുടെ അടപ്പിൽ കുടഞ്ഞിട്ട ശേഷം ചീനച്ചട്ടിയിലേക്കിടുന്ന മുളകുപൊടിയും ഒരു പിടി തേങ്ങ ചുരണ്ടിയതുമാണ് അമ്മയുടെ കറികളുടെ രുചി. പലപ്പോഴും ഈ രുചിയളവുകൾ രേഖപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കുമ്പോഴേക്ക് ഓർത്തെടുക്കാനുള്ള അ മ്മയുടെ കഴിവിനു മങ്ങലേറ്റിട്ടുണ്ടാവും. ആ രുചിയളവുകൾ രേഖപ്പെടുത്താനായി എഴുത്തുകാരി സുധ മേനോൻ നടത്തിയ പരിശ്രമമാണ് ‘റെസി പ്പീസ് ഫോർ ലൈഫ്’ എന്ന പുസ്തകം. ആമിർ ഖാ ൻ മുതൽ വിദ്യ ബാലൻ വരെ... ഇർഫാൻ പഥാൻ മുതൽ മിതാലി രാജ് വരെ സമൂഹത്തിന്റെ വിവിധ തട്ടിലുള്ള പ്രശസ്തർ അവരുടെ അമ്മയുടെ അടുക്കളയിലെ വിശേഷങ്ങളും അമ്മയുടെ ഏറ്റവും വിശിഷ്ടമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളും പങ്കുവയ്ക്കുന്നു. ഈ പുസ്തകത്തിൽ നിന്നു തിരഞ്ഞെടുത്ത അമ്മരുചി വിശേഷങ്ങളിലൊന്നിതാ...

-------

പ്രാതലിനു നാൻ.. ലഞ്ചിനു പറാത്തയും പനീറോ ചിക്കനോ.. അത്താഴത്തിനു കേരള സ്റ്റൈലില്‍ ചോറും രണ്ടു കറിയും. കറിയിൽ ഒന്ന് മെഴുക്കുപുരട്ടി. ഇതായിരുന്നു ഗ്രന്ഥകർത്താവും ചരിത്രകാരനുമായ മനു എസ്. പിള്ളയുടെ ബാല്യകാല മെനു. ‘‘ചപ്പാത്തിക്കോ ചോറിനോ ഒപ്പം അ മ്മ വിളമ്പിയിരുന്ന മെഴുക്കുപുരട്ടി ആയിരുന്നു എന്റെ പ്രിയവിഭവം.’’

അമ്മ പുഷ്പ പിള്ള വീട്ടിൽ ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചാണ് വച്ചുവിളമ്പിയിരുന്നതെന്നു പറയുന്നു മനു.

‘‘ഒരിക്കൽ കേക്ക് വേണമെന്നു ഞാൻ പറഞ്ഞതും അമ്മ ഇഡ്ഡലിത്തട്ടിൽ കേക്ക് ഉണ്ടാക്കിത്തന്നു എനിക്ക്’’. കഞ്ഞിയും ചമ്മന്തിയും മുതൽ കീമ പറാത്തയും ഛോളെ ബട്ടൂരയും വരെ വ്യത്യസ്ത രുചികൾ അമ്മയുടെ കൈകള്‍ക്കു വഴങ്ങുമായിരുന്നു എന്നു പറയുന്നു മനു പിള്ള.

>> വെണ്ടയ്ക്ക മെഴുക്കുവരട്ടി

1. ഇളംവെണ്ടയ്ക്ക – 250 ഗ്രാം

2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍

3. ജീരകം – അര ചെറിയ സ്പൂണ്‍

4. വെളുത്തുള്ളി – മൂന്ന്–നാല് അല്ലി, ചതച്ചത്

5. മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

6. മുളകുപൊടി – പാകത്തിന്

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ വെണ്ടയ്ക്ക കഴുകി തുടച്ചുണക്കിയ ശേഷം ഒരിഞ്ചു വലുപ്പമുള്ള കഷണങ്ങളാക്കി വയ്ക്കുക.

∙ പാനില്‍ രണ്ടു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വച്ച വെളുത്തുള്ളി ചേര്‍ത്തു വഴറ്റണം.

∙ മൂത്തമണം വരുമ്പോള്‍ വെണ്ടയ്ക്ക ചേര്‍ത്തു നന്നായിളക്കണം. എണ്ണ വെണ്ടയ്ക്കയില്‍ നന്നായി പുരണ്ടിരിക്കണം.

∙ ഇതു പാനില്‍ നിരത്തി വയ്ക്കുക. വഴുവഴുപ്പ് മാറണം. അധികം ഇളക്കിയാല്‍ വഴുവഴുപ്പ് ഉണ്ടാകും.

∙ ഇതിലേക്കു മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്തിളക്കിയ ശേഷം മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഉടഞ്ഞുപോകാതെ ഇളക്കുക.

∙ ചെറുതീയില്‍ വച്ച് ആവശ്യമെങ്കില്‍ അല്‍പം എണ്ണ കൂടി ചേര്‍ത്തിളക്കാം. വെണ്ടയ്ക്ക മൃദുവായി മസാല പുരണ്ടിരിക്കുന്നതാണു പാകം.

∙ ഈ പാനില്‍ ചോറ് ചേര്‍ത്തിളക്കി മസാല നന്നായി പുരണ്ട പരുവത്തില്‍ വാങ്ങിയാല്‍ രുചികരമായ ചോറു തയാര്‍.

>> മാമ്പൂ ചമ്മന്തി

1. ഉപ്പ് – പാകത്തിന്

വാളന്‍പുളി – ഒരു നെല്ലിക്ക വലുപ്പം/പാകത്തിന്

വറ്റല്‍മുളക് – ഒന്ന്

2. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

നന്നായി വിടര്‍ന്ന മാമ്പൂവ് – ഒരു വലിയ സ്പൂണ്‍

3. ചുവന്നുള്ളി – ഒരു ചെറുത്

കറിവേപ്പില – ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙ മിക്സിയില്‍ ഒന്നാമത്തെ ചേരുവ തരുതരുപ്പായി അരയ്ക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേര്‍ത്തു തരുതരുപ്പായി അരയ്ക്കണം. കൂടുതല്‍ അരയരുത്.

∙ ഒരു സ്പൂണ്‍ കൊണ്ടിളക്കിയ ശേഷം ഉള്ളിയും കറിവേപ്പിലയും ചേര്‍ത്തു തരുതരുപ്പായി അരയ്ക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ മുളകു ചേര്‍ക്കാം.

∙ ചോറിനൊപ്പം വിളമ്പാം.

തയാറാക്കിയത്:
മെര്‍ലി എം. എല്‍ദോ
 ഫോട്ടോ: സരുൺ മാത്യു

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍
തയാറാക്കിയതിനും കടപ്പാട്:

ഷാനവാസ്
എക്സിക്യൂട്ടീവ് ഷെഫ്
മൺസൂൺ എംപ്രസ്സ്
പാലാരിവട്ടം, കൊച്ചി.