മൂന്നുപേരുടെ മരണത്തിനിടയാക്കിയ കളമശേരിയിലെ തുടർ സ്ഫോടനങ്ങളുടെ ഞെട്ടൽ മാറാതെ രണ്ടാംദിനം. യഹോവയുടെ സാക്ഷികളുടെ പ്രാർഥനായോഗത്തിനിടയിൽ സ്ഫോടന പരമ്പര നടന്ന സംറ ഇന്റർനാഷനൽ കൺവൻഷൻ സെന്റർ രണ്ടാം ദിനവും പൂർണമായി പൊലീസ് കസ്റ്റഡിയിലാണ്. സ്ഫോടനങ്ങൾ നടന്ന ഹാളിൽ ചെരിപ്പുകളും ബാഗുകളും ചിതറിക്കിടക്കുകയാണ്. ഹാളിൽ നിന്നു ലഭിച്ച മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലാണ്. എൻഐഎ, എൻഎസ്ജി സംസ്ഥാന പൊലീസ് എന്നിവയിലെ ഉന്നതോദ്യോഗസ്ഥരടക്കം കൺവൻഷൻ സെന്ററിൽ അന്വേഷണം തുടർന്നു.
കൺവൻഷൻ സെന്ററിൽ പാർക്ക് ചെയ് വാഹനങ്ങളും അന്വേഷക സംഘം പരിശോധിച്ചു. ഫൊറൻസിക് പരിശോധന പൂർത്തിയായ ശേഷമേ വാഹനങ്ങളും മറ്റു വസ്തുക്കളും അവകാശികൾക്കു വിട്ടു നൽകൂ എന്നു പൊലീസ് പറഞ്ഞു.രാവിലെ 10.30നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ആദ്യം എത്തിയത്. ഉച്ചയ്ക്ക് 1.30നു മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിലാണു മുഖ്യമന്ത്രി ആദ്യം എത്തിയത്. തുടർന്നു മെഡിക്കൽ കോളജിലെത്തി. മന്ത്രിമാരായ വീണാ ജോർജ്, കെ. രാജൻ, പി. രാജീവ്, റോഷി അഗസ്റ്റിൻ, ഹൈബി ഈഡൻ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.
മുഖ്യമന്ത്രി മടങ്ങിയ ഉടൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ട്, സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഗവർണർമാരായ പി.എസ്. ശ്രീധരൻപിള്ള, ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും വൈകിട്ട് 5.30നു മെഡിക്കൽ കോളജിലെത്തി പരുക്കേറ്റവരെയും ബന്ധുക്കളെയും സന്ദർശിച്ചു. കീഴടങ്ങിയ ഡൊമിനിക് മാർട്ടിനെ ദേശീയ അന്വേഷണ ഏജൻസികൾ പൊലീസ് എആർ ക്യാംപിൽ ചോദ്യം ചെയ്തു.
മാർട്ടിന്റെ ഫ്ലാറ്റ് പൊലീസ് കാവലിൽ
കളമശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിന്റെ അത്താണിയിലുള്ള ഫ്ലാറ്റ് പൊലീസ് നിരീക്ഷണത്തിൽ. മാർട്ടിൻ ബോംബ് നിർമിച്ചത് ഇവിടെ വച്ചാണെന്നു പൊലീസ് സംശയിക്കുന്നു. നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് മാർട്ടിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഈ ചെറിയ ഫ്ലാറ്റ്. 4 ഒറ്റമുറി അപ്പാർട്മെന്റുകളാണ് ഇവിടെയുള്ളത്. ഇത് നാലും വാടകയ്ക്ക് നൽകിയിരിക്കുകയാണ്.
തൊട്ടടുത്ത കാംകോ കമ്പനിയിലെ ജോലിക്കാരും ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന വി.പി. സത്യൻ സ്മാരക ഫുട്ബോൾ കോച്ചിങ് ക്യാംപ് അധികൃതരുമാണ് താമസം. മാർട്ടിന്റെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വാടക അടയ്ക്കും. മാർട്ടിൻ സാധാരണ ഇവിടെ വരാറില്ലെന്ന് സമീപവാസികൾ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഫ്ലാറ്റിന്റെ പെയിന്റിങ്ങുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും എത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ വന്നിട്ട് രാത്രിയാണ് മടങ്ങിയതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. ഈ സമയമത്രയും ഫ്ലാറ്റിൽ മാർട്ടിൻ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ വരുമ്പോൾ മാർട്ടിന്റെ സ്കൂട്ടറിൽ ഹാർഡ്ബോർഡ് ബോക്സുകളിൽ എന്തൊക്കെയോ കൊണ്ടു വന്നിരുന്നു. പെയിന്റിങ്ങിനുള്ളവയാണെന്നാണ് ഗ്രൗണ്ടിലുണ്ടായിരുന്നവർ കരുതിയത്.
ഫ്ലാറ്റിൽ അപ്പാർട്മെന്റുകൾ ഒന്നും ഒഴിവില്ല. ഗോവണിമുറിയിലെ എറ്റവും മുകളിലത്തെ നിലയാണ് മാർട്ടിൻ ഇവിടെ വരുമ്പോൾ ഉപയോഗിക്കാറെന്നാണ് സൂചന. ഇത് പൊലീസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. പൊലീസ് കാവൽ തുടരുന്നുണ്ട്. ഇന്ന് ഫൊറൻസിക് വിഭാഗം എത്തി പരിശോധന നടത്തും.
സ്ഫോടകവസ്തു വാങ്ങിയത് തൃപ്പൂണിത്തുറയിൽ നിന്ന്
സ്ഫോടനത്തിനായി മാർട്ടിൻ ഗുണ്ടു വാങ്ങിയതു തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ നിന്നാണെന്നാണു മൊഴി. കടയുടെ ബില്ലും മറ്റും പൊലീസിനു ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസം മാർട്ടിനെ തെളിവെടുപ്പിനായി ഇവിടെയും കൊണ്ടുവരുമെന്നാണു വിവരം.
പ്രതി പുറപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്
കളമശേരി സ്ഫോടനം നടന്ന ഞായറാഴ്ച രാവിലെ മാർട്ടിൻ വീട്ടിൽ നിന്നു പുറപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു ലഭിച്ചു. മാർട്ടിന്റെ തമ്മനത്തെ വാടകവീടിനു സമീപത്തെ ഹോസ്റ്റലിനു മുന്നിലും ഫെലിക്സ് റോഡിലെ ഫ്ലാറ്റിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണിവ. രാവിലെ അഞ്ചിനാണു താൻ തമ്മനത്തു നിന്നു പുറപ്പെട്ടതെന്ന മാർട്ടിന്റെ മൊഴി ഈ ദൃശ്യങ്ങൾ ശരിവയ്ക്കുന്നു.
ഹോസ്റ്റലിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം രാവിലെ 4.58നാണു സ്കൂട്ടറിൽ മാർട്ടിൻ കടന്നു പോകുന്നത്. തന്റെ വീടിനു ശേഷമുള്ള മറ്റൊരു വീടിനു മുന്നിൽ 15 സെക്കൻഡോളം സ്കൂട്ടർ നിർത്തി സ്കൂട്ടറിൽ എന്തോ പരിശോധിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ ഇതെന്താണെന്ന കാര്യം പുലർച്ചെയുള്ള ദൃശ്യങ്ങളിൽ നിന്നു തിരിച്ചറിയാനാകുന്നില്ല. ഇതിനു ശേഷം വണ്ടിയോടിച്ചു മുന്നോട്ടു പോയി ഒരു വളവു വളഞ്ഞ ശേഷം വീണ്ടും മുന്നോട്ടു പോകുമ്പോഴുള്ള ദൃശ്യങ്ങളാണു രണ്ടാമത്തെ ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്.
സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ളവർ
∙ രാജഗിരി ആശുപത്രി: തൊടുപുഴ സ്വദേശികളായ ദമ്പതികൾ കെ.എ. ജോൺ (77), ഭാര്യ ലില്ലി കെ. ജോൺ (76), കാലടി പുതുപ്പറമ്പിൽ ജെറാൾഡ് ജിം (14).
∙ കളമശേരി ഗവ. മെഡിക്കൽ കോളജ്: മലയാറ്റൂർ സ്വദേശി രാഹുൽ (21), തൊടുപുഴ കാളിയാർ സ്വദേശി ഗ്രേസി (52), താന്നിപ്പുഴ സ്വദേശി അമൽ (28), വില്ലടം സ്വദേശി അഭിഷേക് (18).
∙ എറണാകുളം മെഡിക്കൽ സെന്റർ: ജോസ്ന ജോബി (28), സാവിയോ സജി (15), വീനസ് ഷാജു (16).
∙ കാക്കനാട് സൺറൈസ് ആശുപത്രി: പറവൂർ സ്വദേശികളായ ജോസ് (65), സെലിസ്റ്റി (21), കറുകുറ്റി സ്വദേശി ഷിജിൽ ജോസഫ് (53).