ADVERTISEMENT

മാട്രിമോണിയൽ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ ഡോക്ടറാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 22,75,000 രൂപ തട്ടിയെടുത്ത ത്രിപുര സ്വദേശികളെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കുമാർ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബർമ (27) എന്നിവരെയാണ് ത്രിപുരയിലെ തെലിയമുറ എന്ന സ്ഥലത്തുനിന്നും പിടികൂടിയത്.  

വെബ്‌സൈറ്റിലെ വിവരങ്ങൾ ശേഖരിച്ച പ്രതികൾ യുവതിയെ വാട്സാപ്പ് വഴി ബന്ധപ്പെടുകയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ ഡോക്ടറാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വിവാഹലോചന നടത്തി പ്രണയത്തിലാകുകയും, തുടർന്നു യുവതിയുടെ പേരിൽ വിദേശത്ത് ബിസിനസ് ആരംഭിക്കാം എന്നു പറഞ്ഞ് യുവതിയുടെ പക്കൽ  നിന്നും ഇരുപത്തിരണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകൾ  വഴി കരസ്ഥമാക്കുകയുമായിരുന്നു. 

ADVERTISEMENT

മാട്രിമോണിയൽ സൈറ്റുകൾ വഴി വിവാഹ ആലോചനകൾ ക്ഷണിച്ച് പരസ്യം നൽകുന്ന യുവതികളുടെ പ്രൊഫൈൽ പരിശോധിച്ച് വ്യക്തിഗത വിവരങ്ങൽ കരസ്ഥമാക്കി അവരുമായി നവമാധ്യമങ്ങളിലൂടെ സംവദിച്ച് വിശ്വാസത്തിലെടുത്ത് കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി വിവിധ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകളാണ് പ്രതികൾ  ഉപയോഗിച്ചിരുന്നത്. 

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസ്സി. കമ്മീഷണർ പി. പി. കരുണാകന്റെ മേൽനോട്ടത്തിൽ, ഇൻസ്പെക്ടർ പി. ബി. വിനോദ്കുമാർ, എസ്.ഐ കെ.എൻ.ബിജുലാൽ, എസ്.സി.പി.ഒമാരായ  ബെന്നി. ബി, അനീഷ്. റ്റി എന്നിവരെ ഉൾപ്പെടുത്തി  പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച്  നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ത്രിപുരയിൽ  നിന്നും പിടികൂടാൻ കഴിഞ്ഞത്. 

ADVERTISEMENT

മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി പങ്കാളികളെ കണ്ടെത്താൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട വസ്തുതകൾ 

. നിങ്ങൾ രജിസ്റ്റർ ചെയ്യുന്ന വെബ്സൈറ്റ് വ്യാജമാണോ അല്ലയോ എന്ന് വക്തമായതിനു ശേഷം മാത്രം മുന്നോട്ടു പോകുക.

ADVERTISEMENT

. സൈറ്റിൽ കണ്ടെത്തിയ വ്യക്തിയുടെ വിവരങ്ങൾ വിശദമായി അന്വേഷിച്ച് അറിഞ്ഞതിനുശേഷം മാത്രം നിങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കുക. 

. ഇത്തരം വെബ്സൈറ്റുകളിൽ  സ്വകാര്യവിവരങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക. 

. സാമ്പത്തിക സഹായം ആവശ്യപെടുകയാണെങ്കിൽ ചതിക്കുഴിയാണെന്ന് മനസിലാക്കുക. 

. വിദേശത്തുള്ള ബന്ധങ്ങളാണെങ്കിൽ അവരെ നേരിൽകണ്ട് അന്വേഷിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കുക. വിഡിയോ കോളിങ്ങിലൂടെ നിങ്ങളെ കാണണമെന്ന് ആവശ്യപെടുകയാണെങ്കിൽ ശ്രദ്ധിക്കുക,  അത് പലതരം ചതികൾക്കും കാരണമാകും.

. തുടക്കത്തിൽ തന്നെ നിങ്ങളുടെ സാമ്പത്തികസ്ഥിതികൾ അന്വേഷിക്കുക, പെട്ടെന്ന് സ്നേഹം പ്രകടിപ്പിക്കുക, പല നമ്പരുകളും ഉപയോഗിച്ച് കോൾ ചെയ്യുക, എന്നിങ്ങനെയുള്ള പ്രവൃത്തികൾ ചെയ്യുന്നവരെ കൂടുതലായി അന്വേഷിച്ച് മനസ്സിലാക്കേണ്ടതുണ്ട്. 

. ഒരാളുടേയും സോഷ്യൽമീഡിയ പ്രൊഫൈൽ കണ്ട് അയാളെക്കുറിച്ച് വിലയിരുത്തരുത്. വിവേകപൂർവമായ അന്വേഷണത്തിലൂടെ മാത്രം നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്തുക.

കടപ്പാട്: കേരളാ പൊലീസ്

ADVERTISEMENT