കൈ കൊണ്ട് മുട്ടിയാൽ താഴെ വീഴുന്ന ഭിത്തി, കതകില്ല, ഒറ്റമുറി വീട്ടിൽ പതിന്നാല് വയസ്സുള്ള പെൺകുട്ടിയുമായി താമസിക്കുന്ന മായയുടെ നെഞ്ചിലെ നെരിപ്പോട് എന്ന് അകലും. ഭർത്താവ് മരിച്ചതിനെ തുടർന്ന് ദുരിതത്തിലായ പത്തനാപുരം തലവൂർ അമ്പലനിരപ്പ് മനുവിലാസത്തിൽ മായയും മകളും, 12 വയസ്സുള്ള മകനും എന്ത് ചെയ്യണമെന്നറിയാത്ത ദുരിതത്തിലാണ്.
ഒരു കാറ്റടിച്ചാൽ തറയിൽ വീഴുന്ന രീതിയിലാണ് മുറിയുടെ അവസ്ഥ. മൺകട്ട കൊണ്ട് കെട്ടിയ വീട്ടിൽ പാചകം ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ മുറ്റത്താണ് ഭക്ഷണം ഉണ്ടാക്കുന്നത്. ചോർന്നൊലിക്കുന്ന കൂരയിൽ ഒരു കട്ടിലിൽ മൂന്നും പേരും കിടന്നുറങ്ങും. മഴയുള്ള ദിവസങ്ങളിൽ പാത്രം നിരത്തി വച്ച് കട്ടിലിനു മുകളിൽ കയറി നിൽക്കുകയാണ് പതിവെന്നു മായ പറഞ്ഞു. മാസങ്ങൾക്കു മുൻപാണ് ഭർത്താവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചത്. വീട്ടിൽ നിന്നു വാഹനം വരുന്ന വഴിയിലേക്ക് എടുത്തു കൊണ്ടു പോകേണ്ടി വന്നതിനാൽ ഏറെ താമസിച്ചിരുന്നു. റോഡിലെത്തിയപ്പോഴേക്കും മരിച്ചു.
ലൈഫ് ഭവന പദ്ധതിയിൽ വീടിനു അനുവദിച്ച തുകയുടെ ആദ്യ ഘട്ടം കിട്ടിയപ്പോൾ ജനപ്രതിനിധികളുടെ അനുവാദത്തോടെ വഴി നടക്കാൻ കഴിയുന്ന രീതിയിൽ യോഗ്യമാക്കി. എന്നാൽ വീടിനു തന്ന പണം മറ്റാവശ്യങ്ങൾക്ക് എടുത്തെന്നും അടിസ്ഥാനം കെട്ടിയെങ്കിലേ അടുത്ത ഘട്ടം തരാൻ കഴിയൂ എന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇതോടെ വീടെന്ന സ്വപ്നം അവസാനിച്ചതായി മായ പറഞ്ഞു. സമീപത്തെ വീടുകളിൽ കൂലി വേല ചെയ്തു ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് ജീവിതം. ഈ വർഷം സ്കൂൾ തുറന്നപ്പോൾ, പഠനോപകരണം വാങ്ങാൻ കഴിയാതെ ഒരു മാസത്തിനു ശേഷമാണ് മക്കളെ സ്കൂളിലയക്കാൻ കഴിഞ്ഞത്. അധ്യാപകരുടെ സഹായത്തോടെയായിരുന്നു ഇത്. മകളുടെ ചികിത്സയ്ക്കായി ഓരോ മാസവും 5000ൽ അധികം രൂപയുടെ ചെലവുണ്ട്. ഇതിനിടയിൽ തനിക്ക് അസുഖം കൂടിയാൽ അതും ചികിത്സിക്കണം. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും മായ പറയുന്നു.