കൊച്ചി പിറവം സ്വദേശിയായ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണത്തിനുള്ള സാഹചര്യമില്ലെന്ന് ഹൈക്കോടതി. അതേസമയം, പൊലീസിന്റെ അന്വേഷണത്തിലുണ്ടായ വീഴ്ചകൾ വീണ്ടും പരിശോധിച്ച് ക്രൈംബ്രാഞ്ച് രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് സി.എസ്. സുധ ഉത്തരവിട്ടു.
പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെയും സൈലമ്മയുടെയും മകളായ മിഷേലിനെ 2017 മാര്‍ച്ച് അഞ്ചിനാണ് കൊച്ചിയില്‍ കാണാതായത്. സംഭവ ദിവസം വൈകിട്ട് അഞ്ചിന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തി മടങ്ങുന്ന മിഷേലിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് വൈകിട്ട് മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തി.
മിഷേലിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ അന്നു തന്നെ സ്റ്റേഷനിലെത്തിയിട്ടും അന്വേഷണം തുടങ്ങാനോ പരാതി സ്വീകരിക്കാനോ പൊലീസ് തയാറായില്ലെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് പിന്നീട് കേസന്വേഷണം ഏറ്റെടുത്തു. എന്നാൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും മകളെ ആരോ അപായപ്പെടുത്തിയതാണെന്നും കാട്ടി കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണം ശരിയായ ദിശയിൽ നടത്തണമെന്ന് ആവശ്യപ്പെടാനല്ലാതെ ഒരു പ്രത്യേക ഏജൻസി തന്നെ കേസ് അന്വേഷിക്കണമെന്ന് ശഠിക്കാൻ സാധിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിട്ടുള്ള കേസിലെ ആറാം പ്രതിയുമായി മിഷേൽ സ്നേഹത്തിലായിരുന്നു. ഇക്കാര്യം അമ്മയ്ക്കും അറിവുണ്ടെന്നാണ് മനസിലാകുന്നത്. ഫോൺ വിളികളും ആറാം പ്രതിയുടെ ഫോണിൽ കണ്ടെടുത്ത അയക്കാതിരുന്ന ഒരു എസ്എംഎസും സൂചിപ്പിക്കുന്നത് ഇരുവരും അടുപ്പത്തിലായിരുന്നെന്നും അത് പിന്നീട് വഷളായി എന്നുമാണ്.
സംഭവദിവസം പണമൊന്നും എടുക്കാതെയാണ് മിഷേൽ പള്ളിയിലേക്ക് പോയത്. അവിടെനിന്ന് ഗോശ്രീ പാലം വരെ ആറു കിലോമീറ്ററോളം നടന്നു. കേസിൽ പൊലീസ് 350 ഓളം പേരുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മൃതദേഹം അഴുകാത്തതു സംബന്ധിച്ച് കൊച്ചിയിൽ മുമ്പുണ്ടായിട്ടുള്ള ഒട്ടേറെ മുങ്ങിമരണക്കേസുകൾ പരിശോധിച്ചു. ഇതിൽ നിന്നെല്ലാം മനസിലാകുന്നത് മിഷേലിന്റേത് മുങ്ങിമരണമായിരുന്നു എന്നതാണ്. കൊലപാതകമാണെന്ന് കരുതേണ്ടതില്ല. അതുകൊണ്ടുതന്നെ കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ല.
പോസ്റ്റ്മോർട്ടം സമയത്ത് മിഷേലിന്റെ വയറ്റിൽനിന്ന് ദഹിക്കാത്ത ഒരു കഷ്ണം കാരറ്റ് കിട്ടിയിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് 7 വർഷത്തിനു ശേഷം ഇത് കണ്ടെത്താൻ പൊലീസിനോട് പറയുന്നതുകൊണ്ട് പ്രയോജനമില്ലെന്നും കോടതി പറയുന്നു.
അതേസമയം, രണ്ടാം ഗോശ്രീ പാലത്തിൽ നിന്ന് മിഷേൽ ചാടുകയായിരുന്നു എന്നതിന് വ്യക്തമായ തെളിവില്ല. രണ്ടാം പാലത്തിൽ നിന്നാണ് ചാടിയതെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടം മാത്രം പരിശോധിച്ചതു കൊണ്ടായിരിക്കാം മിഷേലിന്റെ ബാഗും മറ്റും കണ്ടെത്താൻ പൊലീസിന് കഴിയാതിരുന്നത്. ഈ സാഹചര്യത്തിൽ എല്ലാ സാധ്യതകളും തേടുന്നതിന്റെ ഭാഗമായി ഒന്നാം പാലത്തിനടുത്തും പരിശോധന നടത്തണം.
മൃതദേഹം കിട്ടിയ സ്ഥലത്തെ വെള്ളത്തിന്റെ പരിശോധന മാത്രമേ പൊലീസ് നടത്തിയിട്ടുള്ളൂ. ചാടിയെന്ന് പറയപ്പെടുന്ന ഒന്നും രണ്ടും പാലങ്ങളുടെ അടുത്തുനിന്നുള്ള വെള്ളത്തിലും ‘ഡയറ്റം പരിശോധന’ നടത്തണം. ആറാം പ്രതിയുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത എസ്എംഎസുകൾ വീണ്ടെടുക്കാനുള്ള സാധ്യതകൾ വീണ്ടും പരിശോധിക്കണം. മൃതദേഹം ഒഴുകി ഐലൻഡ് വാർഫിൽ എത്തിയതു സംബന്ധിച്ചും വേലിയേറ്റ, വേലിയിറക്കങ്ങളെക്കുറിച്ചുമുള്ള പൊലീസിന്റെ കണ്ടെത്തലുകൾ വീണ്ടും പരിശോധിക്കണമെന്നും കോടതി പറഞ്ഞു.