ADVERTISEMENT

'ഇന്നലെ വൈകിട്ട് എന്റെ കുഞ്ഞിനെ കാണാതെയായത് മുതല്‍ കുഞ്ഞിനെ കണ്ടുകിട്ടുന്നത് വരെ ഒപ്പം നിന്ന കേരള പൊലീസിനും, രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും നാട്ടുകാര്‍ക്കും പള്ളിയിലുള്ളവര്‍ക്കും തിരുമേനിമാര്‍ക്കും എല്ലാവരോടും നന്ദി. കേരളത്തിനകത്തും പുറത്തും നിന്നുമെല്ലാമായി പ്രാര്‍ഥിച്ച എല്ലാവരോടും നിറഞ്ഞ നന്ദി. എന്റെ മകളെ തിരിച്ചു കിട്ടി. ഉടന്‍ തന്നെ വീട്ടിലേക്ക് കൊണ്ടുവരുമെന്നാണ് പറയുന്നത്..'- കണ്ണീരോടെ അബീഗേലിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

അനിയത്തിയ്ക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു സഹോദരന്‍ ജൊനാഥന്റെ വാക്കുകള്‍. 20 മണിക്കൂറായി തോരാത്ത കണ്ണുനീരിനും ആശങ്കയ്ക്കും വേവലാതികള്‍ക്കും ഒടുവിലാണ് അബീഗേലിനെ കിട്ടിയെന്ന സന്തോഷ വാര്‍ത്ത എത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും കണ്ടെത്തിയ അബീഗേലിന് പൊലീസുകാര്‍ ബിസ്കറ്റും വെള്ളവും നല്‍കി. കൈകളില്‍ കോരിയെടുത്ത് എആര്‍ ക്യാംപിലേക്ക് എത്തിച്ചു. വൈദ്യപരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ ക്യാംപിലേക്ക് എത്തും. വൈകാതെ തന്നെ കുട്ടിയെ കുടുംബത്തിനരികില്‍ എത്തിക്കാനാണ് ശ്രമമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ADVERTISEMENT

അതേസമയം, സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും മാധ്യമങ്ങളുടെയും പരിശ്രമത്തിന്‍റെ ഫലമായാണ് കുഞ്ഞിനെ കണ്ടെത്താനായതെന്നും നന്ദിയെന്നും നാട്ടുകാര്‍ പറഞ്ഞു. സിനിമകളില്‍ മാത്രമാണ് ഇങ്ങനെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്നതെന്നും ലക്ഷങ്ങള്‍ ആവശ്യപ്പെടുന്നതും കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ കുറ്റവാളികളെ വെറുതേ വിടരുതെന്നും നാട്ടുകാര്‍ പറയുന്നു. 

ADVERTISEMENT
ADVERTISEMENT