Monday 06 March 2023 12:21 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് സൈക്കിളുണ്ട്, അതിലൂടെ പറക്കാൻ കൊതിയായിരുന്നു; ഇനിയത് ഒരു യത്തീമിന് കൊടുക്കണം’; ആഗ്രഹങ്ങള്‍ ബാക്കിവച്ച് കുഞ്ഞു ഹലീല്‍ യാത്രയായി

noushad-baqavi-touching-social-media-post.jpg.image.845.440

മുഹമ്മദ് ഹലീൽ എന്ന കുട്ടിയുടെ വിയോഗ വാര്‍ത്ത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് ഇസ്ലാമിക മതപണ്ഡിതനായ നൗഷാദ് ബാഖവി. ഹലീലിന്റെ കണ്ണിന്റെയുള്ളിൽ കടന്നുകൂടിയ കാൻസറിന്റെ വേരുകളും അതു നൽകിയ തീരാവേദനയുമാണ് നൗഷാദ് ബാഖവി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. 

നൗഷാദ് ബാഖവി പങ്കുവച്ച കുറിപ്പ് വായിക്കാം:

‘എന്റെ മയ്യിത്തിന്റെ മുഖം ആരെയും കാണിക്കാത്തതാ നല്ലത്.. എന്റെ കാൻസർ തിന്ന കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത്..

ഞാൻ മുഹമ്മദ് ഹലീൽ. എന്റെ സ്ഥലം മുവാറ്റുപുഴ ഈ റമളാനിൽ ഞാൻ ഉണ്ടാകില്ല നിങ്ങൾ പ്രാർത്ഥിക്കണേ..

ശഅബാൻ 9 ന് രാത്രി 11ന് ഞാൻ മരണപ്പെടുകയാണ്..! വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുന്നേ അടക്കാൻ വസ്വിയ്യത്ത് ചെയ്യുന്നുണ്ട്. ഒത്തിരി ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നു പക്ഷെ, കണ്ണിന്റെയുള്ളിൽ കാൻസറിന്റെ മാരകമായ അണുക്കൾ കടന്നുകൂടി മുഖം പോലും വികൃതമായി. അത് സാരമില്ല.. പക്ഷേ, വേദന സഹിക്കാൻ കഴിയുന്നില്ല.

നല്ല കൂട്ടുകാരൊക്കെയുണ്ട്. പക്ഷെ, ഞാൻ പതിയെ പതിയെ അവരിൽനിന്നും അകന്നിരുന്നു. കാരണം ഞാൻ പെട്ടെന്ന് മരിക്കും എന്നറിയാം. വെറുതേ അവരെ ദുഖ:ത്തിലാഴ്ത്തണ്ടല്ലോ..

എന്റെ ഏറ്റവും വലിയ സങ്കടം ജീവന്റെ ജീവനായ ഉമ്മയേം ഉപ്പയേം ഓർത്തിട്ടാണ്. ഒരുപാട് ശ്രമിച്ചു അവർ പാവങ്ങൾ കണ്ടും കെട്ടിപ്പിടിച്ചും കളിച്ചും ചിരിച്ചും കൊതി തീർന്നില്ല. ഞാൻ അവർക്ക് വേണ്ടി സ്വർഗത്തിൽ കാത്തിരിക്കും.

എനിക്കൊരു സൈക്കിളുണ്ട് അതിലൂടെ പറക്കാൻ കൊതിയുണ്ടായിരുന്നു. പക്ഷെ എന്റെ അവസ്ഥ അതിന് പറ്റിയതല്ലല്ലോ.. ഞാൻ ഉപ്പാനോട് പറഞ്ഞിട്ടുണ്ട് അത് കൊടുത്ത് ആ കാശ് ഒരു യത്തീമിന് കൊടുക്കാൻ.

എല്ലാരും എന്റെ മാതാപിതാക്കൾക്ക് ദുആചെയ്യണേ....

ഇന്നലെ മരണപ്പെട്ട മുഹമ്മദ്‌ ഹലീലിന് നമ്മളോട് പറയാൻ ഉള്ളത് ഇതായിരിക്കും..

എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത്.

അള്ളാഹു തന്ന കണ്ണ്..

സൂക്ഷിക്കണേ എപ്പോഴും മൊബൈലും ഹറാമും മാത്രമാകാതെ ഇടയ്ക്ക് ഖുർആനിലേക്കൊക്കെ ഒന്ന് നോക്കിക്കോണേ.. ഇപ്പോൾ അതിന്റെ വില നമുക്കറിയില്ല...

അല്ലാഹു മുഹമ്മദ്‌ ഹലീലിന് സ്വർഗ്ഗം നൽകട്ടെ... മാതാ പിതാക്കൾക്ക് ക്ഷമ നൽകട്ടെ... ആമീൻ

Tags:
  • Spotlight