Friday 24 March 2023 12:31 PM IST : By സ്വന്തം ലേഖകൻ

കാർ വാങ്ങാൻ പണം വേണം, ദമ്പതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: പ്രതി അരുൺ ശശിക്ക് വധശിക്ഷ

pazhayyy788999

കോട്ടയം പഴയിടത്തു ദമ്പതികളെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശിക്ക് (39) വധശിക്ഷ. കേസിൽ ഇയാൾ കുറ്റക്കാരനാണെന്നു കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കോട്ടയം അഡീഷനൽ സെഷൻസ് കോടതി (2) ജഡ്ജി ജെ.നാസറാണു വിധി പറഞ്ഞത്.

2013 ഓഗസ്റ്റ് 28നാണു ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ട.പിഡബ്ല്യുഡി സൂപ്രണ്ട് പഴയിടം തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ. ഭാസ്കരൻ നായർ (75), ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തങ്കമ്മയുടെ സഹോദരപുത്രനാണു പ്രതിയായ അരുൺ. കാർ വാങ്ങാൻ പണം കണ്ടെത്താനാണു പ്രതി കൊലപാതകം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തൽ.

പഴയിടം ഷാപ്പിന്റെ എതിർവശത്തുള്ള ഇരുനില വീടിന്റെ താഴത്തെ നിലയിൽ കോണിപ്പടിയുടെ സമീപത്താണു ദമ്പതികളുടെ മൃതദേഹങ്ങൾ കിടന്നിരുന്നത്. തലയ്ക്കു പിന്നിൽ ചുറ്റികകൊണ്ട് അടിച്ചതിനുശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.

സംഭവ ദിവസം രാത്രി എട്ടോടെ വീട്ടിലെത്തിയ അരുൺ ടിവി കാണുകയായിരുന്ന ഭാസ്കരൻ നായരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് മുകളിലത്തെ നിലയിൽ നിന്നിറങ്ങി വന്ന തങ്കമ്മയെയും കൊലപ്പെടുത്തി. എറണാകുളം റേഞ്ച് ഐജിയായിരുന്ന പത്മകുമാറിന്റെ മേൽനോട്ടത്തിൽ പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ കോട്ടയം കഞ്ഞിക്കുഴിയിൽ മാല മോഷണക്കേസിൽ അരുൺ പൊലീസിന്റെ പിടിയിലായി. ചോദ്യം ചെയ്യലിലാണു പഴയിടം കേസിന്റെ ചുരുളഴിഞ്ഞത്.

വിചാരണയ്ക്കിടെ ഒളിവിൽ പോയ അരുൺ ഷോപ്പിങ് മാളിൽ നടന്ന മോഷണത്തിൽ തമിഴ്നാട് പൊലീസിന്റെ പിടിയിലായി. അവിടെ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്നതിനിടെ പ്രത്യേക വാറന്റ് നൽകിയാണു പ്രതിയെ കോട്ടയം അഡീഷനൽ സെഷൻസ് കോടതി രണ്ടിൽ എത്തിച്ചത്.

pazhayidam-twin-murder-case-baskaran-nair-and-thankamma.jpg.image.845.440
Tags:
  • Spotlight