കലക്ടറേറ്റിൽ അപേക്ഷ നൽകി നാലാം ദിവസം മുട്ടം കോളനിയിലെ ജ്യോതിക്ക് റേഷൻ കാർഡും ആധാർ കാർഡുമായി കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ. വയസ്സ് 42 പിന്നിട്ടെങ്കിലും ജന്മനാ അരയ്ക്കു താഴെ തളർന്ന ജ്യോതിയോട് കുശലം പറഞ്ഞിരിക്കുന്നതിനിടയിൽ കലക്ടർ അവ കൈമാറി. ഇന്നലെ രാവിലെ എട്ടോടെ കോളനിയിലെ ജ്യോതിയുടെ വീട്ടിലെത്തിയ (ബ്ലോക്ക് നമ്പർ 29) കലക്ടർ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ വിശദമായി ചോദിച്ചറിഞ്ഞു.
വീടിന്റെ മേൽക്കൂര ഇളകി ശോചനീയാവസ്ഥയിലാണെന്നു മനസ്സിലാക്കിയ കലക്ടർ ചോർന്നൊലിക്കുന്ന വീട്ടിൽ കിടക്കേണ്ടിവരില്ലെന്നും വീട് നിർമിച്ചു നൽകുമെന്നും ഉറപ്പു നൽകി. അടച്ചുറപ്പുള്ള വീടെന്ന വർഷങ്ങളായുള്ള ഇവരുടെ സ്വപ്നത്തിനാണ് കലക്ടറുടെ ഉറപ്പ് ലഭിച്ചത്.
നാലു വർഷം മുൻപാണ് ജ്യോതിയുടെ അമ്മ മരിച്ചത്. രേഖകളില്ലാത്തത് ഭവനനിർമാണ പദ്ധതിയിൽ അപേക്ഷിക്കാൻ തടസ്സമായി. തുമ്പമൺ ഭദ്രാസന പള്ളിയിലെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഇവിടെയെത്തിയ പൊതുപ്രവർത്തകൻ വട്ടവേലിൽ പടിഞ്ഞാറേതിൽ ബാബു വർഗീസ് കുടുംബത്തിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വാർഡ് അംഗം കെ.സി.പവിത്രൻ വിവരങ്ങൾ കൈമാറി.
തുടർന്ന് കലക്ടറെ നേരിട്ടുകണ്ട് അപേക്ഷ നൽകി. ജ്യോതിക്ക് ഓണക്കോടിയും സമ്മാനിച്ചാണ് കലക്ടർ മടങ്ങിയത്. സഹോദരി ഗിരിജയും മക്കളായ അനന്ദുവും അഭിജിത്തുമാണ് ജ്യോതിയെ സംരക്ഷിച്ചുവരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, വൈസ് പ്രസിഡന്റ് തോമസ് ടി വർഗീസ്, പഞ്ചായത്ത് അംഗം കെ.സി.പവിത്രൻ, സാമൂഹിക നീതി വകുപ്പ് ഓഫിസർ ഷംല ബീഗം, ഐടി മിഷൻ ജില്ലാ കോഓർഡിനേറ്റർ ധനേഷ് എന്നിവർ എത്തിയിരുന്നു.