പേര് പോലെ പ്രകാശം തൂവി എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്ന നക്ഷത്രയ്ക്ക് ബന്ധുക്കളുടെയും നാടിന്റെയും അന്ത്യാഞ്ജലി. സ്വന്തം പിതാവിന്റെ വെട്ടേറ്റു മരിച്ച മാവേലിക്കര പുന്നമ്മൂട് ആനക്കൂട്ടിൽ നക്ഷത്രയുടെ(6) സംസ്കാരം ഇന്നലെ വൈകിട്ട 4ന് പത്തിയൂരിലെ അമ്മവീട്ടിൽ നടന്നു. കോരിച്ചൊരിയുന്ന മഴയത്തും ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയത്. അമ്മ വിദ്യ അന്ത്യവിശ്രമം കൊള്ളുന്നിടത്തേക്ക് നക്ഷത്രയുടെ ചേതനയറ്റ ശരീരം വൈകിട്ട് നാലോടെ എത്തിച്ചു.
നാലു വർഷം മുൻപ് ഭർത്താവിന്റെ പീഡനത്തിൽ മനം നൊന്ത് ആത്മഹത്യചെയ്ത വിദ്യയെയും സംസ്കരിച്ചത് ഇവിടെയാണ്. അതിനരികിലാണ് നക്ഷത്രയുടെ സംസ്കാരം നടത്തിയത്. അതേസമയം നക്ഷത്രയുടെ കൊലപാതകത്തിൽ പിടിയിലായ അച്ഛൻ ശ്രീമഹേഷ് (38) ജയിലിൽ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും അപകടനില തരണം ചെയ്തു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെൽ വാർഡിലേക്കു മാറ്റി. കഴിഞ്ഞദിവസം വൈകിട്ടു 6.45നു മാവേലിക്കര സ്പെഷൽ സബ് ജയിലിലാണ് ഇയാൾ കഴുത്തും കയ്യും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾക്കു വിധേയനാക്കിയ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നു കണ്ടതോടെ ഇന്നലെ ഉച്ചയ്ക്കാണ് ആശുപത്രിയിലെ സെല്ലിലേക്കു മാറ്റിയത്. പ്രതി ആശുപത്രി വിട്ട ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണു പൊലീസ് ആലോചിക്കുന്നത്. ബുധൻ രാത്രി ഏഴരയോടെയാണു ശ്രീമഹേഷ് മഴു ഉപയോഗിച്ച് സ്വന്തം മകളെ വെട്ടിക്കൊലപ്പെടുത്തിയത്.
നക്ഷത്രയുടെ അമ്മയുടെ മരണത്തിലും സംശയം
മാവേലിക്കര പുന്നമൂട്ടിൽ വെട്ടേറ്റ് മരിച്ച ആറു വയസ്സുകാരി നക്ഷത്രയുടെ അമ്മ വിദ്യ നാല് വർഷം മുൻപ് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത തോന്നുന്നുണ്ടെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും വിദ്യയുടെ മാതാപിതാക്കളായ പത്തിയൂർ തൃക്കാർത്തികയിൽ ലക്ഷ്മണനും രാജശ്രീയും പറഞ്ഞു. ശ്രീമഹേഷ് മകൾ നക്ഷത്രയെ നിഷ്കരുണം കൊലപ്പെടുത്തിയതോടെയാണ് വീട്ടുകാർക്ക് സംശയം ബലപ്പെട്ടത്. 2019 ജൂൺ നാലിനാണ് ശ്രീമഹേഷിന്റെ പുന്നമൂട്ടിലെ ആനക്കൂട്ടിൽ വീട്ടിൽ വിദ്യ തൂങ്ങി മരിച്ചത്.
മഹേഷിന്റെ കൊടിയ പീഡനം സഹിക്ക വയ്യാതെയാണ് വിദ്യ ജീവനൊടുക്കിയെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. മരണ കാരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നും അന്ന് തോന്നാതിരുന്നതിനാൽ പരാതി നൽകിയില്ല. എന്നാൽ, സ്വന്തം മകളെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയതോടെയാണ് വിദ്യയുടെ മരണത്തിലും സംശയം ഉയർന്നിരിക്കുന്നത്. ഇന്നു തന്നെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് വിദ്യയുടെ മാതാപിതാക്കൾ പറഞ്ഞു. വിദ്യയുടെ മരണം കൊലപാതമാണോയെന്ന് അന്വേഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്നും ഇവർ പറഞ്ഞു.
അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ
നിർത്താതെ മഴ പെയ്തുകൊണ്ടിരുന്നിട്ടും നക്ഷത്രയെ അവസാനമായി കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പലരും വിങ്ങിപ്പൊട്ടിയാണ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചത്. നക്ഷത്രയുടെ മാതൃസഹോദരൻ വിഷ്ണു വിദേശത്തു നിന്ന് ഇന്നലെ രാവിലെ എത്തിയിരുന്നു. എ.എം.ആരിഫ് എംപി, രമേശ് ചെന്നിത്തല എംഎൽഎ, യു.പ്രതിഭ എംഎൽഎ എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.