Tuesday 11 June 2024 03:21 PM IST

‘ഇവളു വളരുമ്പോഴൊന്നും ഞാൻ ഉണ്ടാവില്ല’: അച്ഛന് അറിയാമായിരുന്നു അധികകാലം ജീവിച്ചിരിക്കില്ലെന്ന്: ദീപ്തം ഈ ഓർമ

V R Jyothish

Chief Sub Editor

narendra-prasad നരേന്ദ്രപ്രസാദിന്റെ പെൺമക്കൾ ദീപ പ്രസാദും ദിവ്യ പ്രസാദും

ഇരുപത് വർഷം മുൻപുള്ള നവംബർ മാസത്തിൽ പെയ്ത ആ മഴ ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും തോർന്നിട്ടില്ല! അന്നാണ് അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞത്. പത്തുവർഷങ്ങൾക്കു മുൻപു മറ്റൊരു ഡിസംബർ കുളിരിൽ അമ്മയും ഞങ്ങളെ വിട്ടുപോയി.

ഓർമ വച്ചനാൾ മുതൽ തിരക്കിനിടയിലാണ് അച്ഛനെ കണ്ടിട്ടുള്ളത്. എന്നാൽ എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവിടാൻ സമയം കണ്ടെത്തിയിരുന്നു. അമ്മ പറയുന്ന നാട്ടുവർത്തമാനങ്ങൾ കേട്ടു ഞങ്ങളെ രണ്ടു വശത്തുമിരുത്തും. അങ്ങനെയിരിക്കുമ്പോൾ അച്ഛൻ ചോദിക്കും; ‘അച്ഛനെ ഇഷ്ടമാണോടാ....’ ‘അച്ഛനെ ഒത്തിരി ഇഷ്ടം’ എന്നു പറയുമ്പോൾ ആ കണ്ണുകൾ നനയും. ഞങ്ങളുടെ സ്നേഹം ആഗ്രഹിക്കുന്ന ദുർബലനായ ഒരച്ഛനായി അദ്ദേഹം മാറും.

രാത്രി ഉറങ്ങും മുൻപ് അരികിൽ കിടത്തി ലോകസാഹിത്യത്തിലെ കഥകൾ പറഞ്ഞുതരും. അച്ഛൻ കഥാപാത്രമായി മാറും. പിന്നെ, ആ കഥാപാത്രം സംസാരിക്കുന്നതുപോലെ സംസാരിക്കും. അതു കേട്ടു കേട്ടു ഞങ്ങൾ ഉറങ്ങും. അച്ഛന്റെ സുന്ദരമായ ശബ്ദത്തിൽ എത്രയോ കഥാപാത്രങ്ങൾ ഞങ്ങളുടെ ഓർമയിൽ ഉണർന്നിരിക്കുന്നു.

മക്കളുണ്ടാകാത്ത ദമ്പതികൾ ഒരു നേർച്ച പോലെ മറ്റുള്ളവർക്കു കിണറു കുത്തിക്കൊടുക്കുന്ന പതിവുണ്ട് ഞങ്ങളുടെ നാട്ടിൽ. അങ്ങനെ ഞങ്ങളുടെ മുത്തച്ഛനും കിണറു കുഴിച്ചു കൊടുക്കുകയും അതിനുശേഷമാണ് അച്ഛൻ പിറക്കുകയും ചെയ്തതെന്നു കേട്ടിട്ടുണ്ട്. അതുപോലെ തന്നെ മുത്തച്ഛനും മുത്തശ്ശിയും മക്കളില്ലാതെ വിഷമിച്ചിരുന്ന കാലത്ത് ഒരു സന്യാസി വീട്ടിൽ വന്നെന്നും നല്ലൊരു മകനുണ്ടായി കീർത്തി നേടുമെന്ന് അദ്ദേഹം അനുഗ്രഹിച്ചുവെന്നും ഞങ്ങൾ കേട്ടിട്ടുള്ള കഥകളാണ്.

അച്ഛൻ ഒറ്റമകനായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തു വല്ലാത്ത ഏകാന്തത അച്ഛൻ അനുഭവിച്ചിരുന്നു. പുസ്തകങ്ങളായിരുന്നു അച്ഛന് കൂട്ട്. മാവേലിക്കര പബ്ലിക് ലൈബ്രറി, പിന്നെ സന്ധ്യാസമയത്ത് ക്ഷേത്രമൈതാനങ്ങളിലൂടെയുള്ള സഞ്ചാരം. ഭക്തിഗാനങ്ങൾ. രാമായണവും ഭാഗവതവും. പിന്നെ പാഠകവും ഹരികഥയും. അങ്ങനെയായിരുന്നു അച്ഛന്റെ കുട്ടിക്കാലം.

അതുകൊണ്ടൊക്കെയാകും മുതിർന്നപ്പോൾ കുടുംബം അടുത്തുവേണമെന്ന് എപ്പോഴും നിർബന്ധമായിരുന്നു. ഞങ്ങൾ വിവാഹിതരായി രണ്ടിടങ്ങളിലേക്കു ചേക്കേറി. എങ്കിലും മിക്ക ദിവസങ്ങളിലും അച്ഛനെ വിളിക്കണമെന്ന അലിഖിത നിർദേശം ഞങ്ങൾ പാലിച്ചു.

തുടക്കം കവിതയിൽ

പന്തളം ഗവ. ബോയ്സ് സ്കൂളിൽ നിന്നു പ്രീ യൂണിവേഴ്സിറ്റി കഴിഞ്ഞ് അച്ഛൻ പന്തളം എൻഎസ്എസ് കോളജിലെത്തി. അവിടുത്തെ ഡിബേറ്റിങ് സൊസൈറ്റിയിലാണു പ്രസംഗം പഠിച്ചത്. പിന്നീട് കേരള യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽ എംഎയ്ക്കു ചേർന്നു. അവിടെ വച്ചാണു പ്രിയകവി അയ്യപ്പപണിക്കരെ കാണുന്നത്. അതു വഴിത്തിരിവായി. കവിത എഴുതിയാണ് അച്ഛൻ തുടങ്ങിയത്. പിന്നീടതു നോവലായി. ‘അലഞ്ഞവർ അന്വേഷിച്ചവർ’ എന്ന നോവൽ പുറത്തിറങ്ങി. പക്ഷേ, അച്ഛനതു തൃപ്തിയായിരുന്നില്ല. പിന്നീട് നിരൂപണത്തിലേക്കും നാടകത്തിലേക്കും കടന്നു.

കഥകളിയായിരുന്നു ഏറെ ഇഷ്ടമുള്ള കലാരൂപം. ക ഥകളിപദം കേട്ടാണ് എല്ലാ ദിവസവും ഉറങ്ങിയിരുന്നത്. അച്ഛന്റെ കഥകളി പ്രേമം കുട്ടിക്കാലത്തേ തുടങ്ങിയതാണെന്നു കേട്ടിട്ടുണ്ട്. കുട്ടിക്കാലത്തു ഞങ്ങളെയും കൂട്ടി ക ഥകളി കാണാൻ പോകുമായിരുന്നു. കഥയും മുദ്രയുമെല്ലാം വിശദമായി പറഞ്ഞുതരും. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവം നടക്കുമ്പോൾ അച്ഛൻ മിക്കവാറും അണിയറയിലായിരിക്കും എന്നു കേട്ടിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണൻനായരെ കാണുന്നത് അവിടെ വച്ചാണ്. ചുട്ടികുത്താൻ നീണ്ടു നിവർന്നു കിടക്കുന്ന കൃഷ്ണൻനായരുടെ ആകാരഭംഗി അച്ഛനെ അതിശയിപ്പിച്ചിരുന്നു. കഥകളിയോടുള്ള ആരാധന തുടങ്ങുന്നത് ആ അണിയറയിൽ നിന്നാണെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ, അച്ഛനിലെ നാടകക്കാരൻ ജനിക്കുന്നത് ആ അണിയറയിൽ വച്ചാകാം.

പിന്നീട് അച്ഛന്റെ നാടകസംഘമായ നാട്യഗൃഹത്തിന്റെ റിേഹഴ്സൽ ക്യാംപിൽ വച്ച് ഈ നാടകാനുഭവങ്ങളൊക്കെ അച്ഛൻ പറയുന്നതു ഞങ്ങൾ കേട്ടിട്ടുണ്ട്. അച്ഛനു പൂച്ചകളെ ഇഷ്ടമായിരുന്നു. അവയെ വെറുതെ നോക്കിയിരിക്കും. പൂച്ചയുടെ ആംഗ്യങ്ങളിൽ നിന്നാണു നാടകമുണ്ടായതെന്ന് അച്ഛൻ പറയുമായിരുന്നു. അച്ഛൻ സിനിമയിലെത്തും മുൻപുള്ള നാടകക്കാലത്തിനൊപ്പമായിരുന്നു ഞങ്ങളുടെ ബാല്യം.

അച്ഛന്റെ നാട്യഗൃഹം

അച്ഛന്റെ നാടകസംഘത്തിലെ അംഗങ്ങളായിരുന്നു ക വി കടമ്മനിട്ട, നടൻ മുരളി, പ്രഫ. അലിയാർ, കൈത പ്രം, ശിവൻ, എം.ആർ. ഗോപകുമാർ അങ്ങനെ എത്രയോ പേർ. എല്ലാവരും ഞങ്ങൾക്ക് പിതൃതുല്യരാണ്. വീട്ടിൽ വന്നാൽ മുരളിയങ്കിൾ സ്ഥിരമായി ഇരിക്കുന്ന ഒരിടമുണ്ടായിരുന്നു. ചുമരിൽ ചാരിയായിരുന്നു ഇരുപ്പ്. അങ്ങനെ ചുമരിലുണ്ടായ എണ്ണമെഴുക്ക് ഞങ്ങൾ ആ വീട് ഒഴിയുമ്പോഴും അവിടെയുണ്ടായിരുന്നു.

‌തിരുവനന്തപുരത്തെ വീട്ടിൽ എല്ലാവരും ഒത്തുചേരും. രാവേറെ ചെല്ലുന്നതു വരെ റിഹേഴ്സൽ. കപ്പയും കാന്താരിമുളകുമാകും കഴിക്കാനുണ്ടാകുക. ചിലപ്പോൾ ബണ്ണും ചായയും. അച്ഛനോടൊപ്പം അമ്മയും സജീവമായി ഉ ണ്ടാകും റിഹേഴ്സൽ ക്യാംപിൽ. സംഗീതം അച്ഛനു ജീവ വായുവായിരുന്നു. അച്ഛൻ വീട്ടിലുണ്ടോ എന്നറിയാൻ എളുപ്പമാണ്. വീട്ടിൽ നിന്നു പാട്ടുകേൾക്കുന്നുണ്ടോ എന്നു നോക്കിയാൽ മതി. വീട്ടിൽ വലിയൊരു ലൈബ്രറി ഉണ്ടായിരുന്നു. നല്ല പുസ്തകങ്ങൾ വായിക്കണം, ഓരോ പുസ്തകവും ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കണം എന്നൊക്കെയായിരുന്നു അച്ഛന്റെ ഉപദേശം. വളരുന്നതിന് അനുസരിച്ചു ഞങ്ങൾക്കു തന്നിരുന്ന പുസ്തകങ്ങളും വ്യത്യാസപ്പെട്ടു തുടങ്ങി. കുട്ടിക്കാലത്തു ബാലരമയാണു തന്നിരുന്നത്. പിന്നെ മറ്റു ബാലസാഹിത്യ കൃതികളും.

അച്ഛൻ ഞങ്ങൾക്കു കത്തെഴുതുമായിരുന്നു. ഓരോ കത്തും മനോഹരമായിരുന്നു. അച്ഛൻ വായിച്ച പുസ്തകം, കണ്ടുമുട്ടിയ വ്യക്തികൾ, ക്യാംപസ്, സിനിമ, നാടകം, പിന്നെ ഞങ്ങൾ വായിക്കേണ്ട പുസ്തകങ്ങൾ എല്ലാം പറയും. ദീർഘയാത്രകളാണെങ്കിൽ വീട്ടിലെ വിശേഷങ്ങൾ അച്ഛനെ അറിയിക്കണമെന്നു നിർബന്ധമായിരുന്നു. ഞങ്ങൾ പലപ്പോഴും കുടുംബസമേതം പുറത്തുപോകും. ആളുകൾ ഞങ്ങളെ ശ്രദ്ധിക്കും. പയ്യന്മാരൊക്കെ ഞങ്ങളെയാണു നോക്കുന്നതെന്നു കരുതും.

യഥാർഥത്തിൽ അവർ അദ്ഭുതത്തോടെ നോക്കിനിൽക്കുന്നതു ഞങ്ങളെയൊന്നുമല്ല സിനിമാനടനായ അച്ഛനെയായിരിക്കും. ഞങ്ങൾ ശരിക്കും ചമ്മിപ്പോകും. എത്രയോ സംഭവങ്ങൾ ഇതുപോലെ ഉണ്ടായിട്ടുണ്ട്.

narendra-prasad-14

പെയ്തൊഴിഞ്ഞ നവംബർമഴ

നല്ല മഴ പെയ്ത ഒരു നവംബർ രാത്രിയിലാണ് അച്ഛൻ ഞ ങ്ങളെ വിട്ടുപോകുന്നത്. അമ്മ പറഞ്ഞിട്ടുള്ള ആ രാത്രി ഇപ്പോഴും മനസ്സിൽ പെയ്യുന്നുണ്ട്. കോഴിക്കോട്ടെ ആശുപത്രിയിൽ ഓക്സിജൻ ട്യൂബിന്റെ ബന്ധനത്തിലായിരുന്നെങ്കിലും അച്ഛന്റെ ബോധമനസ്സിനു മരണനിമിഷം വരെയും നല്ല ഊർജമായിരുന്നു. ‘നന്ദേ... പുറത്ത് നല്ല മഴ പെയ്യുന്നുണ്ട് അല്ലേ?’ അച്ഛൻ അമ്മയോടു ചോദിച്ചു. അതേയെന്ന് അമ്മയുടെ മറുപടി. അതായിരുന്നു അച്ഛനുേവണ്ടി പെയ്ത അവസാനത്തെ മഴ. ‘ലോകത്തിന്റെ ഏതു കോണിലായിരുന്നാലും മരിക്കാൻ ഞാൻ നിന്റെ മടിയിലെത്തും’ എന്ന് അച്ഛൻ അമ്മയോടു പറയാറുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മഴ പെയ്ത ആ ദിവസം അമ്മയുടെ മടിയിൽ കിടന്നാണ് അച്ഛൻ മരിച്ചത്.

അവസാനകാലത്ത് ‘ഉണ്ണി പോകുന്നു’ എന്ന പേരി ൽ അച്ഛൻ ഒരു പുസ്തകം എഴുതിയിരുന്നു. ആ ലേഖ നം അറം പറ്റിയതുപോലെയായി അച്ഛന്റെ മരണവും എന്നൊക്കെ പറഞ്ഞവരുണ്ട്. അതൊന്നും ശരിയല്ല. അ ച്ഛന് ഉണ്ണി എന്നൊരു വിളിപ്പേര് ഉണ്ടായിരുന്നില്ല. നരേന്ദ്രൻ എന്നായിരുന്നു മുത്തശ്ശിയും മുത്തച്ഛനും അടുത്ത ബന്ധുക്കളും അച്ഛനെ വിളിച്ചിരുന്നത്. സാഹിത്യത്തിലെ ചില പ്രവണതകളെ സൂചിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ആ തലക്കെട്ട് നൽകിയത്.

ഞങ്ങൾ നനഞ്ഞ അമ്മമഴ

അച്ഛന്റെ വേർപാടിനു ശേഷം അമ്മ അച്ഛൻ അഭിനയിച്ച സിനിമകളൊന്നും കണ്ടിട്ടില്ല. ടെലിവിഷനിൽ കണ്ടാ ൽ പോലും മുഖം തിരിച്ചുപോകും. ആ മുഖവും സംസാരവും തനിക്ക് താങ്ങാൻ പറ്റില്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. അച്ഛന്റെ വേർപാടിനുശേഷം അമ്മ സുഖവും സന്തോഷവും അറിഞ്ഞില്ല എന്നതാണു വാസ്തവം. അമ്മ ശരിക്കും അച്ഛന്റെ നിഴലായിരുന്നു. കൊല്ലത്തെ പുരാതനമായ സമ്പന്നകുടുംബത്തിലാണ് അമ്മ ജനിച്ചത്. കല്യാണം കഴിക്കുമ്പോൾ പ്രായം 20. ആലപ്പുഴ മെഡിക്കൽ കോളജിൽ മെഡിസിന് അഡ്മിഷൻ കിട്ടിയതാണ് അമ്മയ്ക്ക്. പക്ഷേ, അമ്മ വലിയ താൽപര്യം കാണിച്ചില്ല.

അച്ഛന് ഇന്ത്യൻ റവന്യു സർവീസിൽ റാങ്ക് കിട്ടിയപ്പോൾ പത്രത്തിൽ ഫോട്ടോ വന്നു. അച്ഛന്റെ സുന്ദരമായ മുഖം കണ്ട് മുത്തച്ഛൻ (അമ്മയുടെ അച്ഛൻ) വിവാഹം ആലോചിച്ചതാണ്. കസ്റ്റംസ് കലക്ടറായി ജോലി കിട്ടിയിട്ട് അച്ഛൻ പോയില്ല. ആ ജോലിയുമായി പൊരുത്തപ്പെടാൻ പറ്റില്ലെന്നു പറഞ്ഞു. പിന്നെയാണ് കോളജ് അധ്യാപകനാകുന്നത്. അച്ഛന്റെ പുസ്തക പ്രേമവും നാടക ഭ്രാന്തുമൊക്കെ ആദ്യം അമ്മയ്ക്കു പൊരുത്തപ്പെടാൻ പറ്റാത്തതായിരുന്നു. പിന്നെപ്പിന്നെ അമ്മ അതുമായി പൊരുത്തപ്പെട്ടു.

അച്ഛൻ എഴുതിയ ഒട്ടുമിക്ക പുസ്തകങ്ങളും കേട്ടെഴുതിയത് അമ്മയായിരുന്നു. അച്ഛന്റെ കയ്യക്ഷരം മനോഹരമായിരുന്നു. അമ്മയുടേത് അത്രയ്ക്കും നന്നല്ല. എങ്കിലും അമ്മ തന്നെ എഴുതണമെന്നു നിർബന്ധമായിരുന്നു.

രോഗം തിരിച്ചറിഞ്ഞ ശേഷം ആറു മാസമേ അച്ഛൻ ജീവിച്ചിരുന്നുള്ളു. ശ്വാസകോശത്തെ ബാധിക്കുന്ന അ പൂർവരോഗമായിരുന്നു. രോഗത്തിന്റെ ഗുരുതരാവസ്ഥയും കടുത്ത പ്രമേഹവും തിരിച്ചുവരവ് അസാധ്യമാക്കി. അ ച്ഛന് അറിയാമായിരുന്നു ഇനി അധികകാലം ജീവിച്ചിരിക്കില്ലെന്ന്. അത് ഡയറിയിൽ കുറിച്ചിടുകയും ചെയ്തു. ൈവഷ്ണവി ജനിച്ച സമയത്താണ് അച്ഛന് രോഗം ഗുരു തരമാകുന്നത്. അച്ഛൻ കുറച്ചു പൈസ അവളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. എന്നിട്ടു പറഞ്ഞു; ‘ഇവളു വളരുമ്പോഴൊന്നും ഞാൻ ഉണ്ടാവില്ല. ഈ പൈസ അവളുടെ ആവശ്യത്തിന് എടുക്കണം.’ എന്ന്. അച്ഛനെപ്പോലെ സാഹിത്യമാണ് അവളുടെയും ഇഷ്ടവിഷയം.

narendra-prasad നരേന്ദ്ര പ്രസാദും ഭാര്യ നന്ദ പ്രസാദും (ഫയൽ ചിത്രം)

അച്ഛന് എല്ലാം അറിയാമായിരുന്നു. ആശുപത്രിയിൽ കിടന്ന ഓരോ ദിവസം അച്ഛൻ ഡയറിയിൽ എഴുതിയിരുന്നത് ‘ഒരു ദിവസം കൂടി വീണു കിട്ടി’ എന്നായിരുന്നു. അങ്ങനെ എണ്ണിക്കിട്ടിയ തുച്ഛമായ ദിവസങ്ങൾ മാത്രമേ അച്ഛൻ പിന്നീട് ജീവിച്ചിരുന്നുള്ളു. ആശുപത്രിയിൽ ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലിടുന്ന വേഷം തന്നെ വേണം. ആശുപത്രി യൂണിഫോമിനു പകരം കസവു മുണ്ടും ടീ ഷർട്ടും തന്നെയാണ് ധരിച്ചിരുന്നത്.

പിതൃക്കളിലും പുനർജന്മത്തിലുമൊക്കെ അച്ഛന് അടിയുറച്ച വിശ്വാസമായിരുന്നു. തെക്കേവശത്തുള്ള കിട പ്പുമുറിയുെട ജനാല തുറന്നാൽ താഴെ തൊടിയിൽ കാടു പോലെ മരങ്ങൾ. അതിനിടയിലൊരു ഇലവുമരം. ചെറുകാറ്റുവീശിയാൽ അതിന്റെ മഞ്ഞയിലകൾ പൊഴിഞ്ഞുവീഴും. ഇളംചുവപ്പു നിറമുള്ള പൂക്കളും. അച്ഛന് ഇഷ്ടമായിരുന്നു ആ ഇലവുമരം. അതിനു താഴെയാണ് അച്ഛനും അമ്മയും ഉറങ്ങുന്നത്.

ഞങ്ങളിപ്പോൾ നാട്ടിലല്ല താമസിക്കുന്നത്. എങ്കിലും ശാസ്താംകുളങ്ങര തറവാടും മരങ്ങളുമൊക്കെ അതുപോലെ സൂക്ഷിക്കുന്നുണ്ട്. ഇങ്ങു ദൂരെ ഭൂമിയുടെ മറ്റൊരു കോണിലിരിക്കുമ്പോൾ ഞങ്ങൾക്കു തോന്നാറുണ്ട് ശാസ്താംകുളങ്ങര തറവാട്ടിൽ അച്ഛനും അമ്മയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്. അങ്ങനെ ചില തോന്നലുകളാണല്ലോ നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.

കുടുംബ ചിത്രം

നരേന്ദ്ര പ്രസാദ് – നന്ദ പ്രസാദ് ദമ്പതികൾക്ക് രണ്ടു പെൺമക്കളാണ്, ദീപ പ്രസാദും ദിവ്യ പ്രസാദും. മൂത്ത മകൾ ദീപ പ്രസാദ് ഓസ്ട്രേലിയയിൽ ക്ലിനിക്ക ൽ സൈക്കോളജിസ്റ്റാണ്. ഭർത്താവ് വേണുഗോപാ ൽ എൻജിനീയർ. മക്കൾ അനന്തകൃഷ്ണനും ദേവ നാരായണനും.

ഇളയമകൾ ദിവ്യ പ്രസാദ് ദുബായിൽ സ്കൂൾ അ ധ്യാപികയാണ്. ഭർത്താവ് സതീഷ്കൃഷ്ണൻ എൻജിനീയർ. മക്കൾ വൈശാഖ്, ൈവഷ്ണവി.

വി.ആർ. ജ്യോതിഷ് വര: അരുൺ ഗോപി