നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയോടു ചേർന്ന കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ആർദ്ര (24) ആണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
രാത്രി 8 മണിയോടെ വീടിനു മുകളിലുള്ള മുറിയിലെ കുളിമുറിയിൽ കുളിക്കാൻ കയറിയതായിരുന്നു ആർദ്ര. 9 മണി ആയിട്ടും പുറത്തിറങ്ങാതായതോടെ ഷാൻ അന്വേഷിച്ചു ചെന്നു. അപ്പോഴാണു കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നാണു പൊലീസ് പറയുന്നത്.
കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി 2ന് ആയിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളജിലെ അവസാന വർഷ വിദ്യാർഥിനിയാണ് ആർദ്ര. മാർച്ച് 3 ന് ഷാൻ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം. പിതാവ്: ബാലകൃഷ്ണൻ. മാതാവ്: ഷീന. സഹോദരി: ആര്യ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)