നിപ്പ വൈറസ് ബാധയെത്തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ വിറങ്ങലിച്ച് മംഗലാട് ഗ്രാമം. തിങ്കളാഴ്ച രാത്രിയോടെ മമ്പളിക്കുന്ന് ഹാരിസിന്റെ മരണ വാർത്ത അറിഞ്ഞെങ്കിലും നിപ്പയാണെന്ന് സ്ഥിരീകരിച്ചത് ഇന്നലെ വൈകിട്ടാണ്. അതേസമയം, നിപ്പയാണെന്ന സംശയം നേരത്തേ തന്നെ ഡോക്ടർമാർ പ്രകടിപ്പിച്ച സാഹചര്യത്തിൽ മംഗലാടും പരിസരവും വിജനമായിരുന്നു. കടകൾ പലതും അടച്ചു. വിദ്യാലയങ്ങൾക്ക് അവധി നൽകുകയും ചെയ്തു. ഇതുവഴിയുള്ള വാഹന ഓട്ടവും കുറഞ്ഞു.
ആയഞ്ചേരി പഞ്ചായത്തിലെ 13–ാം വാർഡിലെ ഈ പ്രദേശത്തു നിന്ന് ഏറെ അകലെയല്ലാതെയാണ് തിരുവള്ളൂർ, വില്യാപ്പള്ളി പഞ്ചായത്തുകൾ. മരണകാരണം നിപ്പയാണെന്ന സംശയം ബലപ്പെട്ടതിനെത്തുടർന്ന് സമീപ പഞ്ചായത്തുകളിലും മുൻകരുതൽ നടപടികൾ കർശനമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശിച്ച രോഗ പ്രതിരോധ നടപടികൾ കർശനമായി പാലിക്കാൻ പ്രദേശത്ത് സന്ദേശങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്.
മംഗലാടിനു ചുറ്റും 4 വാർഡുകൾ അടച്ചിടുംമംഗലാട് പ്രദേശത്തിനു ചുറ്റും 4 വാർഡുകൾ അടച്ചിടും. രോഗം റിപ്പോർട്ട് ചെയ്ത മംഗലാട് 13 ാം വാർഡിനു പുറമേ പൊയിൽപാറ 14, അഞ്ചു കണ്ടം 2, കീരിയങ്ങാടി 3 എന്നീ വാർഡുകളാണ് അടയ്ക്കുക. ഇവിടങ്ങളിൽ രോഗപ്രതിരോധ നടപടികൾക്ക് പുറമേ അത്യാവശ്യ സഹായവും സാധനങ്ങളും മരുന്നും എത്തിക്കാൻ ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും ആരോഗ്യ പ്രവർത്തകരുടെയും യോഗം തീരുമാനിച്ചു. മരിച്ചയാളുമായി നേരിട്ട് സമ്പർക്കമുള്ള 60 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
ഇന്നു രാവിലെ മുതൽ സമീപ വാർഡ് അംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ സമ്പർക്ക പട്ടികയിൽ കൂടുതൽ ആളുകളുണ്ടോ എന്നു പരിശോധിക്കും. റോഡ് അടയ്ക്കുന്ന കാര്യത്തിൽ പൊലീസുമായി ആലോചിച്ച് നടപടിയെടുക്കും. അടച്ചിട്ട വാർഡിൽ അത്യാവശ്യ ഘട്ടത്തിൽ വാഹന സൗകര്യം ലഭ്യമാക്കും. ഇതിന് പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടണം. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, സ്ഥിരസമിതി അധ്യക്ഷരായ ടി.വി.കുഞ്ഞിരാമൻ, പി.കെ.ലതിക എന്നിവർ പ്രസംഗിച്ചു.