Thursday 06 February 2025 10:45 AM IST : By സ്വന്തം ലേഖകൻ

‘അടിയൊഴുക്കുകൾ ഉണ്ടാകും, സാഹചര്യങ്ങൾ മനസ്സിലാക്കി വഴിമാറ്റും’: അർബുദത്തെ അതിജീവിച്ച അനുഭവം പങ്കിട്ട് നിഷ ജോസ് കെ. മാണി

nisha-jose-k-maani ചിത്രം: റസൽ ഷാഹുൽ / മനോരമ

കടലിൽ നീന്തുന്നവർ അടിയൊഴുക്കുകളെ മറികടക്കുന്നത് എങ്ങനെയെന്നു വിവരിക്കുകയായിരുന്നു നിഷ ജോസ് കെ. മാണി.  അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സർക്കാർ നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’ പദ്ധതിയുടെ ഭാഗമായ സ്ത്രീ കൂട്ടായ്മ ആരോഗ്യ ആനന്ദസംഗമം ഉദ്ഘാടനം ചെയ്യുമ്പോഴാണ് കടൽയാത്രയിലെ കാറും കോളും നിറഞ്ഞ സന്ദർഭത്തെ നേരിടും പോലെ അർബുദത്തെ അതിജീവിച്ച അനുഭവം നിഷ പങ്കിട്ടത്.

കടലിൽ നീന്തുന്നയാളാണു ഞാൻ. നീന്തുന്നതിനു മുൻപ് പദ്ധതി തയാറാക്കും. എവിടെപ്പോകണം? ഓക്സിജൻ അളവ് തുടങ്ങിയവയൊക്കെ മുൻകൂട്ടി നിശ്ചയിക്കും. എന്നാൽ പ്ലാൻ ചെയ്യുന്ന പോലെയാകില്ല നീന്തൽ. അടിയൊഴുക്കുകൾ ഉണ്ടാകും. സാഹചര്യങ്ങൾ മനസ്സിലാക്കി വഴിമാറ്റും. ജീവിതത്തിലും അതുതന്നെയാണ് നടന്നത്.  വർഷത്തിലൊരിക്കൽ ചെയ്തിരുന്ന മാമോഗ്രാമിലൊന്നിലാണ് അർബുദം കണ്ടെത്തിയത്.

കാൻസറിനെ നേരിടാൻ വഴിമാറ്റി മുന്നോട്ടുപോയി. പലരും രോഗവിവരം മറച്ചുവച്ച് മക്കളുടെ വിവാഹശേഷം മതി ചികിത്സയെന്നു തീരുമാനിക്കാറുണ്ട്. എന്നാൽ എന്റെ മകളുടെ വിവാഹം ഉറപ്പിച്ചത് ശസ്ത്രക്രിയയ്ക്കു ശേഷമാണെന്നും നിഷ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും കുടുംബശ്രീയും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കലക്ടർ ജോൺ സാമുവൽ, ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, ഡോ.പി.എൻ. വിദ്യാധരൻ, ഡോ. ആർ. ഭാഗ്യശ്രീ, കെ.വി. ബിന്ദു, നിർമല ജിമ്മി, മഞ്ജു സുജിത്, പി.എം. മാത്യു, ജെസി ഷാജൻ എന്നിവർ പ്രസംഗിച്ചു. അർബുദ അതിജീവിതയും ജില്ലാ പഞ്ചായത്ത്  സ്ഥിരസമിതി അധ്യക്ഷയുമായ പി.എസ്.പുഷ്പമണി അനുഭവങ്ങൾ പങ്കുവെച്ചു.

ബ്രാൻഡ് അംബാസഡർ നിഷ

സൂംബ ചുവടുവച്ചാണ് ആരോഗ്യം ആനന്ദം, അകറ്റാം അർബുദം ക്യാംപെയ്നിന്റെ ജില്ലാ ബ്രാൻഡ് അംബാസഡർ സ്ഥാനം നിഷ ജോസ് കെ. മാണി എറ്റെടുത്തത്. ബ്രാൻഡ് അംബാസഡറെന്നു രേഖപ്പെടുത്തിയ രാജസ്ഥാൻ തലപ്പാവ് കലക്ടർ ജോൺ വി. സാമുവൽ നിഷയെ അണിയിച്ചു. കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രം അംഗങ്ങളുടെ നേതൃത്വത്തിലാണ് സൂംബ നൃത്തം നടത്തിയത്.

Tags:
  • Spotlight
  • Motivational Story
  • Inspirational Story