വേദനകളുടെ കടൽ ഉള്ളിലിരമ്പിയിട്ടും തന്റെ ജോലിയിൽ കർമനിരതനായി തിരികെ എത്തിയിരിക്കുകയാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. മകൾ മീരയുടം ആത്മഹത്യ മനസിലേൽപ്പിച്ച മുറിവുകൾ ഉള്ളിലിട്ട് പുതിയ സിനിമയുടെ പ്രമോഷനു വേണ്ടി വിജയ് എത്തി. ചിത്രത്തിന്റെ പ്രസ്സ് മീറ്റിനും അഭിമുഖങ്ങൾക്കുമായി രണ്ടാമത്തെ മകളെയും കൂട്ടിയാണ് വിജയ് ആന്റണി വന്നത്. എല്ലാ വേദനകളെയും ഉള്ളിലൊതുക്കി തന്നെ പ്രതീക്ഷിച്ചിരിക്കുന്ന സഹപ്രവർത്തകരിലേക്ക് ഓടിയെത്തിയ വിജയ്‍യുടെ ഹൃദയവിശാലതയെ കുറിച്ച് തുറന്നെഴുതുകയാണ് നിഷാ പി. മനസിന് ഇത്രേം ആശ്വാസം നൽകിയ മറ്റൊരു ചിത്രം ഈയിടെ ഉണ്ടായിട്ടില്ലെന്ന ആമുഖത്തോടെയാണ് നിഷയുടെ കുറിപ്പ് തുടങ്ങുന്നത്.
‘ഇരുട്ട് മുറിക്കുള്ളിൽ തളച്ചിട്ടു ദുഃഖം തെളിയിക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാവരുത്..നെറ്റി ചുളിക്കരുത്. കൂടുതൽ സ്നേഹത്തോടെ അവർക്ക് ചിരിക്കാനുള്ള കാരണങ്ങൾ നൽകണം.’– നിഷ കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
മനസിന് ഇത്രേം ആശ്വാസം നൽകിയ മറ്റൊരു ചിത്രം ഈയിടെ ഉണ്ടായിട്ടില്ല...
വിജയ് ആന്റണിയുടെ മകൾ ആത്മഹത്യ ചെയ്തു എന്ന വാർത്ത പോലും ഷെയർ ചെയ്യാൻ മനസു വന്നില്ല.
മാതാപിതാക്കളെ പാഠം പഠിപ്പിക്കലും
കുട്ടികളെ വളർത്താൻ ഉള്ള ടിപ്സ് പങ്കു വെക്കലും ഒന്നും ഔചിത്യമായി തോന്നിയില്ല
എന്നാൽ ഈ ചിത്രം പങ്കു വെക്കുന്ന ഒരു പ്രതീക്ഷയുണ്ട്
രണ്ട് ആഴ്ചകൾക്ക് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി അദ്ദേഹം വേദിയിൽ തിരിച്ചെത്തി.
ഇനി അദ്ദേഹത്തെ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാതെ ഇരിക്കുക എന്നതാണ് കടമ
മക്കളെ നഷ്ടപെടുന്ന വേദന എന്തെന്ന് മനുഷ്യർക്ക് പറഞ്ഞ് ബോധ്യപ്പെടുത്തി തരേണ്ട കാര്യമില്ല.
പക്ഷെ അങ്ങനെ സംഭവിച്ചാൽ തിരിച്ചു സ്വന്തം കാലിൽ എണീറ്റ് നിൽക്കാൻ ശ്രമിക്കുന്നവരെ തള്ളി താഴെ ഇടാതെ ഇരിക്കാനുള്ള കരുണ നമ്മൾ കാണിക്കണം.
ഇനി ഈ സ്ഥാനത്തൊരു അമ്മ ആയിരുന്നു എന്ന് വെക്കുക
അവളെന്തൊരു പെണ്ണാണ്
എന്നല്ല അവളെ പോലെയും ആയിരിക്കട്ടെ പെണ്ണുങ്ങൾ എന്ന് ദയവ് ചെയ്തു പറയാൻ പഠിക്കണം.
ദുഖിക്കാൻ നമ്മൾ ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല
അതെത്ര അളവ് വരെ വേണം എന്ന് നമ്മൾ നിശ്ചയിക്കേണ്ട കാര്യവുമില്ല..
അവർക്ക് പിന്നെയും ചിരിക്കാൻ കഴിയുന്നുണ്ട് എങ്കിൽ..
ജീവിതത്തെ നേരിടാൻ ധൈര്യം ഉണ്ടാവുന്നുണ്ട് എങ്കിൽ
പട്ടുടുക്കാനും പൊട്ടു കുത്താനും മനസു വരുന്നുണ്ട് എങ്കിൽ
അശ്വസിക്കയാണ് വേണ്ടത്...
ഇരുട്ട് മുറിക്കുള്ളിൽ തളച്ചിട്ടു ദുഃഖം തെളിയിക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാവരുത്..
നെറ്റി ചുളിക്കരുത്. കൂടുതൽ സ്നേഹത്തോടെ അവർക്ക് ചിരിക്കാനുള്ള കാരണങ്ങൾ നൽകണം..
ഈ അച്ഛനെ നമ്മൾ സ്വീകരിക്കുന്നത്
ഇനിയെല്ലാ അച്ഛൻ അമ്മമാർക്കും മാതൃക ആവേണ്ടതാണ്..
ഒന്നും അവസാനിക്കുന്നില്ല....
മനസിലെ വിങ്ങൽ മറ്റൊരാൾക്ക് തെളിയിക്കാൻ വേണ്ടി ഒന്നും അവസാനിപ്പിക്കേണ്ടതുമില്ല
Love and prayers to this lovely father ❤️