സാമൂതിരിയുടെ കാലത്തോളം പഴക്കമുണ്ട് ഓണത്തല്ലിന്. ഗുരുക്കന്മാരെ വണങ്ങി ‘ഹയ്യത്തട’ എന്ന വായ്ത്താരിയോടെ തല്ലുകാർ കളത്തിൽ ഇറങ്ങുമ്പോൾ തുടക്കമാകും. വടക്കേ ചേരി, തെക്കേ ചേരി എന്നിങ്ങനെ തിരിഞ്ഞാണ് തല്ല്. ചെറുതുരുത്തി വെട്ടിക്കാട്ടിരിക്കാരാണ് ഇപ്പോൾ പതിവായി തല്ലിനു പങ്കെടുക്കുന്നവർ. ഓരോ ചേരിക്കും ഓരോ ആശാന്മാരുണ്ടാകും. ഇവരാണു പ്രായവും ശക്തിയും കണക്കിലെടുത്ത് ഓരോ തല്ലുകാരെ കളത്തിലിറക്കുന്നത്. തുല്യശക്തിയുള്ളവർ എന്ന് കണക്കാക്കിയാണ് ഇങ്ങനെ ഏറ്റുമുട്ടാൻ കളത്തിൽ ഇറക്കുക. ചായിക്കാരന്മാർ എന്നറിയുന്നപ്പെടുന്നവാണു തല്ല് നിയന്ത്രിക്കുക. ഓണത്തല്ലിൽ പരിചയസമ്പന്നരും പ്രായമുള്ളവരെയുമാണു ചായിക്കാരന്മാകുക.
തല്ല് രീതി
ആയുധമില്ലാതെ ഉടുമുണ്ട് തറ്റുടുത്ത് രണ്ടാം മുണ്ട് അരയിൽ കെട്ടിയാണു തല്ലിന് ഇറങ്ങേണ്ടത്. ഇരുചേരിയിലുള്ള 2 പേർ മുഖാമുഖം നിന്ന് നിയമങ്ങൾ പാലിച്ചു പരസ്പരം തല്ലുന്നതാണു രീതി. ശരീരത്തിന്റെ ഓരോ ഭാഗത്തും നൽകുന്ന തല്ലുകളാണ് ഓണത്തല്ലിലെ വിജയികളെ നിശ്ചയിക്കുന്നത്. കളിക്കളത്തിൽ വീഴുക, ചോര പൊടിയുക, കച്ച അഴിയുക എന്നിവ ഉണ്ടായാൽ തോറ്റതായി കണക്കാക്കും. കൈപരത്തിയുള്ള അടിയും തടയും മാത്രമേ പാടുള്ളൂ. തല്ലു വാങ്ങാതെ തടുക്കാൻ കഴിയുന്നതും മികവാണ്.
കുന്നംകുളത്ത് ഓണത്തല്ല് ബുധനാഴ്ച
കുന്നംകുളത്ത് ഓണത്തല്ല് ബുധനാഴ്ച രണ്ടിനു ജവാഹർ സ്ക്വയർ സ്റ്റേഡിയത്തിൽ അരങ്ങേറും. വീറിനു കുറവൊട്ടും ഉണ്ടായിട്ടില്ലെങ്കിലും അരദിവസത്തിലേക്കു ചുരുക്കിയാണ് തല്ല് നടത്തുന്നത്. പ്രോത്സാഹിപ്പിക്കാൻ മുൻപ് ലഭിച്ചിരുന്ന സർക്കാർ ഫണ്ട് മുടങ്ങിയതോടെയാണു കഴിഞ്ഞ വർഷം മുതൽ ഓണത്തല്ല് ചുരുക്കേണ്ടി വന്നത്. പോപ്പുലർ ക്ലബ്ബാണു സംഘാടകർ.
2 ദിവസം നടത്തിയിരുന്ന ഓണത്തല്ലിന് ടൂറിസം വകുപ്പ് വർഷം തോറും 2 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. 2018ൽ നടത്തിയ മത്സരത്തിന് ഇനിയും സഹായം കിട്ടിയില്ല. കോവിഡും പ്രളയവും മുടക്കിയ ഓണത്തല്ല് കഴിഞ്ഞ വർഷം അങ്കത്തട്ടിലേക്കു മടങ്ങിയെങ്കിലും സർക്കാർ സഹായം നൽകിയില്ല. പഴയ ബസ് സ്റ്റാൻഡിൽ പ്രത്യേകം ഒരുക്കം നടത്തിയാണ് കഴിഞ്ഞ വർഷം തല്ല് നടത്തിയത്. ജവാഹർ സ്ക്വയർ സ്റ്റേഡിയം നഗരസഭ അനുവദിച്ചതോടെയാണ് പ്രതിസന്ധി ഒരു പരിമിതി വരെ അകന്നത്.