ADVERTISEMENT

പാലായിൽ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു മരിച്ച അഫീൽ. ഏക മകൻ നഷ്ടമായ ആ അമ്മ താണ്ടിയത് സങ്കടക്കടൽ. അതിനൊടുവിൽ ഈശ്വരൻ അവർക്കൊരു മാലാഖക്കുഞ്ഞിനെ കൊടുത്തു!

സ്വർഗത്തിൽ മാലാഖമാർക്കൊപ്പമിരുന്നു കളിക്കുന്ന അഫീൽ അതിലൊരു മാലാഖയെ ഞങ്ങൾക്കു കൂട്ടായി അയച്ചതാവാം. അതുകൊണ്ടാണ് കുഞ്ഞിന് ഏഞ്ചൽ എന്ന പേരിട്ടത് – അഫീലിന്റെ ചിത്രത്തിൽനോക്കി കൊഞ്ചുന്ന കുഞ്ഞിനെ നോക്കി ഡാർളി പറഞ്ഞു. 2019 ഒക്ടോബർ 21നാണ് ഡാർളിയുടെയും ജോൺസന്റെയും ജീവിതത്തിൽനിന്ന് അഫീൽ എന്ന പ്രകാശം അണഞ്ഞത്.

ADVERTISEMENT

കനത്ത ഇരുട്ടിലേക്കു വീണ അവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഉഴറി നിന്ന കാലം. എന്നാൽ 2 വർഷങ്ങൾക്കു ശേഷം ഈശ്വരൻ അവർക്കൊരു മാലാഖക്കുഞ്ഞിനെ കൊടുത്തു. ആ ഒന്നരവയസ്സുകാരിയുടെ കുറുമ്പുകളാണ് ഇപ്പോൾ പാലാ ചൊവ്വൂർ കുറിഞ്ഞാംകുളം വീടിനെ ഉണർത്തുന്നത്.

എറിഞ്ഞുടച്ചത് ജീവിതം 

ADVERTISEMENT

2019 ഒക്ടോബർ 4നാണ് പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനിടെ വിദ്യാർഥി എറിഞ്ഞ ഹാമർ തലയിൽ പതിച്ചാണ് അഫീൽ ജോൺസണ്(16) പരുക്കേൽക്കുന്നത്. 17 ദിവസങ്ങൾക്കു ശേഷം, ഒക്ടോബർ 21ന് അഫീൽ അവരെ വിട്ടുപോയി. ഒരു വർഷത്തിനകം ഡാർളിയുടെ അമ്മ കൂടി മരിച്ചതോടെ ഒന്നു മിണ്ടാൻ പോലും ആരുമില്ലാത്ത അവസ്ഥ. അക്കാലത്താണ് ഒരു കുഞ്ഞെന്ന പ്രതീക്ഷയുടെ വെളിച്ചം ജീവിതത്തിലേക്കു വന്നത്. സിസേറിയനായിരുന്നു ഡാർളിയുടെ ആദ്യപ്രസവം.

സങ്കീർണതകൾ ഉണ്ടായതുകൊണ്ട് ഉടനെ അടുത്ത കുട്ടി വേണ്ടെന്നു വച്ചു. അങ്ങനെ വർഷങ്ങൾ കടന്നുപോയി. അഫീൽ എന്ന പ്രകാശത്തിനു ചുറ്റും തിരിയുന്ന ഗ്രഹങ്ങളായി ആ അച്ഛനും അമ്മയും. അഫീലിന്റെ മരണശേഷം വീണ്ടും ഡോക്ടറെ കണ്ടു. 45–ാം വയസ്സിലെ പ്രസവം റിസ്കാണെന്നാണ് ആദ്യം ഡോക്ടർമാർ പറഞ്ഞത്. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല.

ADVERTISEMENT

ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൃത്രിമ ചികിത്സാരീതിയിലൂടെ ഗർഭിണിയായി. 2022 ജനുവരി 2ന് ലേബർ റൂമിലേക്കു പോകുമ്പോഴും അഫീലിന്റെ ചിത്രം ഡാർളി ചേർത്തുപിടിച്ചിരുന്നു. ഒരു കുടുംബസുഹൃത്താണ് മകന് അഫീൽ എന്നു പേരിട്ടത്. പ്രകാശം എന്നർഥമുള്ള ആ പേര് ബൈബിളിൽനിന്നെടുത്തതാണ്. ഏഞ്ചൽ എന്ന പേരാകട്ടെ പ്രതീക്ഷയുടെ സ്വർഗത്തിൽനിന്നു കിട്ടിയതും!

സ്പോർട്സിൽ അഫീൽ നേടിയ മെഡലുകൾ, അവന്റെ ചിരി മായാത്ത ചിത്രം, സന്ധ്യാപ്രാർഥനയിൽ വായിച്ചിരുന്ന ബൈബിൾ,  എന്നും രാവിലെയും വൈകിട്ടും വീടിനു മുൻപിൽക്കൂടി പോകുന്ന സ്കൂൾ ബസിന്റെ ഹോണടി... അഫീലിന്റെ  ഓർമത്തുണ്ടുകൾ ഓരോന്നും ഡാർളിയുടെ കണ്ണുകൾ നനയിച്ചുകൊണ്ടിരിക്കും, പിന്നിൽനിന്ന് ‘അമ്മേ’ എന്ന കൊഞ്ചൽവിളി എത്തുംവരെയും. 

നീണ്ടു നീണ്ട് കേസ് 

കൃഷിപ്പണി ചെയ്താണു കുടുംബം മുന്നോട്ടു പോകുന്നത്. അഫീലിന്റെ മരണം സംബന്ധിച്ച കേസിൽ 3 വർഷം കഴിഞ്ഞിട്ടും ഒരു പുരോഗതിയുമില്ല. ഇതിനിടെ, തങ്ങൾ കുറ്റക്കാരല്ലെന്നു കാട്ടി പ്രതികൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അഫീലിന്റെ മരണശേഷം പിതാവിനു ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായില്ല. ഡ്രൈവർ തസ്തികയിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ജോൺസൺ വന്നിരുന്നതാണ്. എന്നാൽ ആ ലിസ്റ്റും കാലഹരണപ്പെട്ടു. 

കൂടുതൽ വാർത്തകൾ

ADVERTISEMENT