ADVERTISEMENT

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിൽ സുപ്രധാന സംഭാവന നൽകിയ കേന്ദ്ര പൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട് ഐടിഐ ജീവനക്കാർക്കു 3 മാസമായി ശമ്പളമില്ല. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയാഘോഷങ്ങൾക്കിടയിലും ജീവനക്കാർക്കിത് കണ്ണീരോണം. ശമ്പളത്തിനൊപ്പം മറ്റു ആനുകൂല്യങ്ങളും ഇക്കുറി നൽകിയിട്ടില്ല. ഫണ്ട് മുടങ്ങിയതാണു പ്രതിസന്ധിക്കു കാരണമെന്നും എല്ലാ യൂണിറ്റിലും ഒരുമിച്ചു മാത്രമേ ശമ്പളവിതരണം നടത്താനാവൂ എന്നുമാണു മാനേജ്മെന്റിന്റെ വിശദീകരണമെന്നു യൂണിയൻ നേതാക്കൾ പറയുന്നു.

എന്നാൽ കമ്പനി വലിയ ലാഭത്തിലായിട്ടും ഐഎസ്ആർഒയിൽ നിന്ന് ഉൾപ്പെടെയുള്ള സുപ്രധാന കരാറുകൾ ലഭിച്ചിട്ടും ഫണ്ട് ലഭ്യമല്ലെന്ന ന്യായീകരണം വിശ്വസിക്കാനാകുന്നില്ലെന്നു ജീവനക്കാർ പറയുന്നു. കഞ്ചിക്കോട് യൂണിറ്റിൽ കരാർ തൊഴിലാളികൾ ഉൾപ്പെടെ മുന്നൂറിലേറെ ജീവനക്കാരുണ്ട്. ശമ്പളവിതരണം മുടങ്ങിയതിനു പിന്നാലെ എൻജിനീയർമാർ ഉൾപ്പെടെയുള്ളവർ ജോലി രാജിവച്ച് സ്വകാര്യ കമ്പനികളിലേക്കു പോയിട്ടുണ്ട്. ഇവരിൽ ചന്ദ്രയാൻ ദൗത്യത്തിനായി സേവനം നൽകിയവരും ഉൾപ്പെടും.

ADVERTISEMENT

ചന്ദ്രയാൻ 3 ലാൻഡറിന്റെ നിർമാണത്തിന് ഉപയോഗിച്ച 16 ഹെഡ്മൗണ്ട് സേഫ് ആം (എച്ച്എംഎസ്എ), 9 റേഡിയോ ഫ്രീക്വൻസി സിസ്റ്റം (ആർഎംഎസ്എ) യൂണിറ്റുകൾ ഉൾപ്പെടെ ഒട്ടേറെ ഇലക്ട്രോണിക് സർക്യൂട്ടുകൾ നിർമിച്ചത് കഞ്ചിക്കോട് ഐടിഐയിലാണ്. വിക്ഷേപണം മുതൽ ലക്ഷ്യത്തിൽ എത്തുന്നതു വരെ ഓരോ ഘട്ടത്തിലും ജ്വലനത്തിനും വേർപ്പെടുത്തലിനും ഉൾപ്പെടെ സുപ്രധാന പങ്കു വഹിക്കുന്നതാണ് ഈ ഉപകരണങ്ങൾ. ഇവ നിർമിച്ചു നൽകുന്ന ഇന്ത്യയിലെ ഏക സ്ഥാപനവും കഞ്ചിക്കോട് ഐടിഐയാണ്.

ADVERTISEMENT

ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതിനു പിന്നാലെ അടുത്ത ദൗത്യത്തിലേക്ക് ആവശ്യമായ 200 യൂണിറ്റ് എച്ച്എംഎസ്എ യൂണിറ്റുകൾ നിർമിക്കാനുള്ള ഐഎസ്ആർഒയുടെ കരാറും ഐടിഐ സ്വന്തമാക്കി. ഇന്നലെ ചന്ദ്രയാൻ ദൗത്യ വിജയത്തിൽ മധുരവിതരണം നടത്തിയ ജീവനക്കാർ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധ സമരവും നടത്തി. ശൂന്യമായ ശമ്പള കവർ നൽകിയാണ് ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിച്ചത്. സമരം സംഘടിപ്പിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഭാഗത്തുള്ള ആരും ജോലി ഉപേക്ഷിക്കുകയോ കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് സമരം ചെയ്യുന്ന യൂണിയനുകളുടെ പ്രതിനിധികൾ പറയുന്നു.

ADVERTISEMENT

സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു. ഐടിഐ എംപ്ലോയീസ് യൂണിയനും ഓഫിസേഴ്സ് അസോസിയേഷനും ചേർന്നു നടത്തിയ സമരത്തിൽ യൂണിയൻ നേതാക്കളായ എ.മുരളീധരൻ, ജി.അനിൽകുമാർ, എൻ.രാജഗോപാൽ, എം.ശിവദാസ് എന്നിവർ പ്രസംഗിച്ചു.

More

ADVERTISEMENT