പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭര്‍ത്താവ് പാടത്തിട്ട് വെട്ടിക്കൊലപ്പെടുത്തി. നല്ലേപ്പിള്ളി മാണിക്കത്ത് കളം സ്വദേശിനി ഊർമിളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട രണ്ടാം ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെ ചിറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിളി കേട്ടെത്തുമ്പോൾ ഹെൽമറ്റ് ധരിച്ചയാൾ യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നും ഓടിയെത്തുമ്പോഴേക്കും യുവാവ് ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നും ദൃക്സാക്ഷി വിനോദ് കുമാർ പറയുന്നു.
ഊര്‍മിളയുടെ നിലവിളി കേട്ടാണ് വിനോദ് കുമാര്‍ ഓടിയെത്തിയത്. ഇതിനിടയില്‍ ഹെല്‍മെറ്റ് ധരിച്ചിരുന്ന യുവാവ് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട കൊഴിഞ്ഞാമ്പാറ സ്വദേശിയും ഊര്‍മിളയുടെ രണ്ടാം ഭര്‍ത്താവുമായ സജീഷിനെ ചിറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സജീഷ് പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. മൂന്ന് മാസം മുന്‍പ് സമാനമായ ആക്രമണം ഊര്‍മിളയ്ക്ക് നേരെയുണ്ടായതായി ബന്ധുക്കള്‍ പറയുന്നു.
ഭര്‍ത്താവുമായി പ്രശ്നങ്ങളുള്ളതിനാല്‍ വീട്ടില്‍ നില്‍ക്കുകയായിരുന്നു ഊര്‍മിള. മൂന്ന് മാസം മുന്‍പ് ഇതേ രീതിയിലുള്ള ആക്രമണം നടത്തി കേസായതാണ്. വീടിന്റെ അഞ്ഞൂറ് മീറ്ററിനിപ്പുറം പാടത്ത് വച്ചാണ് ഊര്‍മിളയെ ആക്രമിച്ചത്.
കഴുത്തിലും കൈയ്യിലും സാരമായി പരുക്കേറ്റ ഊര്‍മിളയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഊര്‍മിളയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.