Thursday 01 June 2023 11:50 AM IST

‘പെട്ടെന്ന് എന്റെ ശരീരം എവിടെയോ ഒടിഞ്ഞു നുറുങ്ങുന്ന ഒച്ചകേട്ടു, വേദന കൊണ്ടു നിലത്തിരുന്നു പോയി’’: പറന്നുയർന്ന പഞ്ചമി

V R Jyothish

Chief Sub Editor

panchami-

തിരുവനന്തപുരത്തു നിന്നു ബ്രിട്ടനിലേക്കു വിമാനം കയറുമ്പോൾ ചക്രക്കസേരയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. അത് ഉറച്ച ഒരു തീരുമാനമായിരുന്നു! അപൂർവമായ രോഗത്തിനൊപ്പമുള്ള അതിജീവനം. പിന്നെ, രോഗവും വൈകല്യവും ജീവിതത്തിന്റെ അവസാന വാക്കല്ലെന്നു പറയാനുള്ള ഒരവസരം. അധികം ചോദ്യങ്ങളില്ലാത്ത എന്നാൽ ഉത്തരങ്ങൾ ധാരാളമുള്ള ഒരിടം തേടിയുള്ള യാത്ര.

ഈ ലോകത്തു നമ്മളെ ഏറ്റവും നന്നായി തിരിച്ചറിയാൻ കഴിയുന്നതു നമ്മൾക്കു മാത്രമാണ്. അങ്ങനെ അറിഞ്ഞാൽ പിന്നെ, പ്രതിസന്ധികളോടു യുദ്ധം ചെയ്യാം. കഴിയുമെങ്കിൽ അവയെ തരണം ചെയ്യാം.’’

ഓസ്റ്റിയോ ജനസിസ് ഇംപെർഫക്റ്റാ അഥവാ ബ്രിറ്റിൽ ബോൺ എന്ന അപൂർവരോഗം ബാധിച്ച പഞ്ചമി ഇപ്പോൾ ബ്രിട്ടനിലെ കോവെൻട്രി സർവകലാശാലയിലെ എജ്യുക്കേഷൻ ഓഫിസർ ആണ്.

‌‘‘ഈ പദവിയിൽ എത്തുന്ന ആദ്യത്തെ മലയാളിയാണു ഞാൻ. പൊങ്ങച്ചം പറയുന്നതല്ല. കടന്നുവന്ന വഴികളെക്കുറിച്ച് ഓർത്തപ്പോൾ പറ‍ഞ്ഞുപോയി എന്നേയുള്ളു. പരസഹായമില്ലാെത സ്വന്തം കാര്യങ്ങളെങ്കിലും ചെയ്യണം. അതായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹം. സ്കൂളിൽ സഹപാഠികൾ ൈമതാനത്തു കളിക്കുമ്പോൾ കൂടെ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും അതു കാണാനെങ്കിലും പോയിനിൽക്കണം. അത്രയൊക്കെയായിരുന്നു ആഗ്രഹങ്ങൾ. എന്നാൽ അതിനുപോലും പലപ്പോഴും കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തു പാപ്പനംകോടിനടുത്തു തൂക്കുവിളയിലാണു വീട്. മാതൃനിലയം എന്നാണു വീട്ടുപേര്. അച്ഛൻ സതീഷ് കുമാർ. അമ്മ സിന്ധുമതി. പ്രേമവിവാഹമായിരുന്നു അവരുടേത്. അച്ഛനു ഗൾഫി ൽ ബിസിനസ്സാണ്.

കുഞ്ഞായിരുന്നപ്പോഴേ ഞാനൊരു ‘ആക്റ്റിവിസ്റ്റ്’ ആയിരുന്നു എന്ന് അമ്മ തമാശയായി പറയാറുണ്ട്. മറ്റു കുട്ടികൾ നടക്കുന്ന പ്രായത്തിനു മുന്നേ ഞാൻ നടന്നു തുടങ്ങി. ഓടിക്കളിക്കാൻ വലിയ ഇഷ്ടമായിരുന്നു. മൂന്നു വയസ്സായപ്പോഴേ ഡാൻസ് പഠിക്കാൻ പോയി. സമ്മാനങ്ങളും വാങ്ങി. നഴ്സറി ക്ലാസ്സിൽ നന്നായി പഠിക്കുന്ന, എല്ലാ കലാപരിപാടികൾക്കും മുൻപന്തിയിൽ നിൽക്കുന്ന കുട്ടി. അതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ.’’

അന്ന് ഉച്ചനേരത്ത്

‘‘നീറമൺകര മന്നം മെമ്മോറിയൽ റസിഡൻഷൽ ഹയർ സെക്കൻഡറി സ്കൂളിലെ യുകെജി വിദ്യാർഥിയായി ഉല്ലസിച്ചു നടക്കുന്ന കാലത്തെ ഒരുച്ചനേരത്താണു സന്തോഷത്തിന്റെ പ്രകാശം മങ്ങിത്തുടങ്ങിയത്.

അച്ഛൻ ഗൾഫിൽ നിന്നു വന്ന സമയം. ഞങ്ങൾ ഒരുമിച്ചിരുന്ന് ഉച്ചയൂണു കഴിച്ചു. കൈ കഴുകാൻ വീടിനു പുറത്തിറങ്ങിയതാണു ഞാൻ. പെട്ടെന്ന് എന്റെ ശരീരം എവിടെയോ ഒടിഞ്ഞു നുറുങ്ങുന്ന ഒച്ച കേട്ടു. വേദന കൊണ്ടു ഞാൻ നിലത്ത് ഇരുന്നുപോയി. അച്ഛനും അമ്മയും ഓടി വന്നു. എന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി. നീണ്ട പരിശോധന. തുടയെല്ലു പൊട്ടിയതായിരുന്നു. വെറുതെ നടന്നുപോയപ്പോൾ തുടയെല്ലു പൊട്ടിയതെങ്ങനെ എന്നുമാത്രം ആരും അന്വേഷിച്ചില്ല. കുട്ടിയല്ലേ, ചാടുകയോ ഓടുകയോ ചെയ്തിട്ടുണ്ടാകും എന്ന് അവർ കരുതിക്കാണും.

മൂന്നുമാസത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടിലെത്തി. സ്കൂളിൽ പോയിത്തുടങ്ങി. രണ്ടുമാസം കഴിഞ്ഞപ്പോൾ ഇതാ വരുന്നു അടുത്ത ഭൂകമ്പം. നേരത്തെ ഒടിഞ്ഞ തുടയെല്ലു തന്നെ വീണ്ടും ഒടിഞ്ഞു. അതും പ്രത്യേകിച്ചുകാരണമൊന്നുമില്ലാതെ. അങ്ങനെ വീണ്ടും മൂന്നുമാസം. അതോടെ ഇതെന്റെ ജീവിതവേദനയായി മാറുന്നുവെന്ന യാഥാർഥ്യം മുന്നിൽ വന്നു നിന്നു.

മൂന്നാം പ്രാവശ്യവും പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ തുടയെല്ലു പൊട്ടിയപ്പോൾ മറഞ്ഞിരിക്കുന്ന ഏതോ രോഗത്തിന്റെ ലക്ഷണമായി തോന്നി. പിന്നെ, എന്നെ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലേക്കു മാറ്റി.

ഓസ്റ്റിയോ ജനസിസ് ഇംപെർഫക്റ്റാ അഥവാ എല്ലുകൾ നുറുങ്ങിപ്പോകുന്ന ബ്രിറ്റിൽ ബോൺ എന്ന രോഗമാണെന്നു കണ്ടെത്തി. ചികിത്സയില്ല, മരുന്നില്ല. എല്ലുകൾ ഒടിയുമ്പോൾ വേദന സഹിക്കുക. സർജറി െചയ്യുക. അത്രേയുള്ളു വൈദ്യശാസ്ത്രത്തിനു ചെയ്യാനായി. ഈ ലോകത്ത് ഇങ്ങനെ വേദന തിന്നുന്ന ഞങ്ങൾ കുറച്ചുപേരുണ്ട്.’’

ഒടിവുകളുടെ ഘോഷയാത്ര

‘‘മൂന്നാമത്തെ ഒടിവിനുശേഷം പിന്നെ ഒടിവുകളുടെ ഒരു ഘോഷയാത്രയായിരുന്നു എന്റെ ശരീരത്തിൽ. ഇന്നോളം 25 ശസ്ത്രക്രിയകൾ െചയ്തു. അച്ഛൻ കഷ്ടപ്പെട്ടു പൈസയുണ്ടാക്കിക്കൊണ്ടു വന്നു. എന്റെ അമ്മയും അമ്മാമയും അമ്മാവന്മാരും സഹോദരിയും മറ്റു ബന്ധുക്കളും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ശുശ്രൂഷിച്ചു. അവരുടെ സ്നേഹത്തിനു നടുവിലും വേദന തിന്നുതിന്നു ഞാൻ അങ്ങനെ കഴിയുന്നു. ഇപ്പോഴുമുണ്ടു വേദന. എപ്പോഴാണ് എല്ലുകൾ നുറുങ്ങുന്നതെന്ന് അറിയില്ല. നുറുങ്ങിയാൽ വീണ്ടുമൊരു സർജറി. പിന്നെ കുറേദിവസത്തെ വേദന.

ഈ വേദനകൾക്കിടയിലും അമ്മ എന്റെ വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധിച്ചു. ആശുപത്രിയിലായാലും വീട്ടിലായാലും പരീക്ഷാസമയമാകുമ്പോൾ പഠിക്കാൻ നിർബന്ധിച്ചു. ആറാംക്ലാസിൽ പഠിക്കുമ്പോൾ തന്നെ ജീവിതം ചക്രക്കസേരയിലായി. എങ്കിലും പഠിച്ചു. ചില പരീക്ഷകൾ ക്ലാസ്മുറിയിൽ കിടന്നാണ് എഴുതിയത്. സാമാന്യം നല്ല മാർക്കു വാങ്ങി തന്നെ പന്ത്രണ്ടാംക്ലാസും പാസായി.

വേദനയുടെ കടലിൽ മുങ്ങി താഴാൻ തുടങ്ങുമ്പോൾ അകലെ എവിടെയെങ്കിലും ഇത്തിരി പ്രകാശമുണ്ടോ എ ന്നു നോക്കുമായിരുന്നു. അതിനുവേണ്ടി നല്ല പുസ്തകങ്ങൾ വായിക്കും. നല്ല സിനിമകൾ കാണും. അങ്ങനെ സാഹിത്യത്തോടു താൽപര്യം കൂടി.

നീറമൺകര എൻ. എസ്. എസ് കോളജിൽ ഇംഗ്ലിഷ് സാ ഹിത്യത്തിൽ ഡിഗ്രി കോഴ്സിനു ചേർന്നു. സാഹിത്യം പഠിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം, ഒപ്പം വേദനയിൽ നിന്നു രക്ഷപ്പെടാനുള്ള മാർഗങ്ങൾ കൂടി അന്വേഷിക്കുകയായിരുന്നു. മൂന്നു വർഷത്തെ ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ ഉൾവെളിച്ചമുണ്ടായി. ആത്മവിശ്വാസം വർധിച്ചു. വേദനയുടെ കടലിലാണെങ്കിലും വെളിച്ചത്തിന്റെ കര കണ്ടുതുടങ്ങി.’’

panchami-3

സമൂഹത്തിന്റെ ചോദ്യങ്ങൾ

‘‘ചക്രക്കസേരയിൽ സഞ്ചരിക്കുന്ന പെൺകുട്ടി നമ്മുടെ സമൂഹത്തിൽ നേരിടുന്ന ഒന്നിലധികം ചോദ്യങ്ങളുണ്ടായി രുന്നു. എനിക്കും നേരിടേണ്ടി വന്നു അത്തരം ചില ചോദ്യങ്ങൾ. പല ചോദ്യങ്ങൾക്കും മറുപടിയുണ്ടായിരുന്നില്ല. ഇന്റർനെറ്റിന്റെ സഹായത്തോടെ ലോകപര്യടനം നടത്തി മനസ്സുകൊണ്ട്. ചോദ്യങ്ങൾ നേരിടാതെ പഠിക്കാൻ കഴിയുന്ന, ജീവിക്കാൻ കഴിയുന്ന ഇടങ്ങൾ അന്വേഷിച്ചു.

അക്കാലത്താണു ശ്രീമാസ് എന്ന വിദേശ കൺസൽറ്റൻസി സ്ഥാപനം നടത്തുന്ന ഹരിപ്പാടുള്ള ശ്രീദേവി മാഡ ത്തെ പരിചയപ്പെടുന്നത്. വിദേശ പഠനത്തിന്റെ പല വാതിലുകൾ അവർ പരിചയപ്പെടുത്തി. അങ്ങനെയാണു ബ്രിട്ടനിലെ കോവെൻട്രി സർവകലാശാല ക്യാംപസിൽ വീൽചെയറിൽ സഞ്ചരിക്കുന്ന ചില പെൺകുട്ടികളെ ഞാൻ ക ണ്ടത്. പിന്നെ ഒട്ടും ആലോചിച്ചില്ല. ആ ക്യാംപസിൽ എ ത്തിപ്പെടാനുള്ള ശ്രമങ്ങളിലായി.

അന്നോളം അമ്മയുടെ കരവലയത്തിലായിരുന്നു ഞാ ൻ. ഇരുപത്തിയഞ്ചുവയസ്സുള്ളപ്പോഴും കൊച്ചുകുഞ്ഞുങ്ങളെ എന്നപോലെ അമ്മ പരിചരിച്ചു. ഞാൻ പറഞ്ഞു; ‘അമ്മ ഒപ്പം വരരുത്. ഞാൻ ഒറ്റയ്ക്കു പോകും. ഒരു വർഷത്തോളമെടുത്തു അച്ഛനെയും അമ്മയെയും തീരുമാനങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ. ചക്രക്കസേരയിൽ ഞാൻ ഒറ്റയ്ക്കാണു യുകെ‌യിലേക്കു പോയത്.

ഇപ്പോൾ ഇവിടെ ലണ്ടനിലാണു ഞാൻ. അവധിക്കാലത്തു നാട്ടിൽ വരാറുണ്ട്. നാട്ടിൽ പഠിച്ച കലാലയങ്ങളെയും അധ്യാപകരെയും അനധ്യാപകരെയുമൊക്കെ മനസ്സാല്‍ എല്ലാ ദിവസവും പ്രണമിക്കാറുണ്ട്. കാരണം അവരുടെ സ്നേഹവും സഹകരണവും ഒന്നുകൊണ്ടുമാത്രമാണ് ഇവിടെ വരെയെത്താൻ കഴിഞ്ഞത്. ഇടയ്ക്കിടയ്ക്കു വീടും വീട്ടുകാരുമൊക്കെ മോഹിപ്പിക്കാറുണ്ടെങ്കിലും ഇവിെട നിന്ന് എന്റെ സ്വപ്നങ്ങൾക്കു വെള്ളവും വളവും കിട്ടും എന്നൊരു പ്രതീക്ഷയുണ്ട്. ‌

ഈ ക്യാംപസിൽ ഓരോ വർഷവും വോട്ടെടുപ്പിലൂടെ ഓരോ എജ്യൂക്കേഷൻ ഓഫിസറെ തിരഞ്ഞെടുക്കും. ഈ വർഷം ഏറ്റവും കൂടുതൽ വോട്ടു വാങ്ങി ഞാനാണ് ആ പദവി നേടിയത്. പിന്നെ, സ്റ്റുഡൻസ് അംബാസഡറുമാണ്.’’

panchami-2 അച്ഛൻ സതീഷ്കുമാർ, അമ്മ സിന്ധുമതി, അമ്മാവൻ സുരേഷ്കുമാർ, അനുജത്തി പവിത്ര, മുത്തശ്ശി ശാരദാമ്മ എന്നിവരോടൊപ്പം പഞ്ചമി

പഞ്ചമിയുടെ തോണിയിലെ പങ്കായം

സ്വപ്നങ്ങൾക്കു പിറകേ യാത്ര ചെയ്യാൻ ശ്രമിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. നമ്മുടെ രാജ്യം കുറച്ചു കൂടി അംഗപരിമിത സൗഹാർദമാകണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ?

അതിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ടു സംസാരിക്കണമെന്ന ആഗ്രഹമുണ്ട്. ഒരുപാട് ആശയങ്ങളുണ്ട്. അദ്ദേഹവുമായി പങ്കുവയ്ക്കാൻ. ഇന്റർനാഷനൽ ബിസിനസ് മാനേജ്മെന്റാണു ഞാൻ ഇവിടെ പഠിക്കുന്ന വിഷയം.

പെൺകുട്ടികൾ ബിസിനസ് രംഗത്തു കൂടുതൽ സജീവമാകണം എന്ന ആഗ്രഹം എനിക്കുണ്ട്. അതിനുവേണ്ടിയുള്ള സംരംഭങ്ങളും സഹായവും മറ്റുള്ളവർക്കു കൊടുക്കണം എന്നൊരു മോഹവുമുണ്ട്. സമാന ചിന്താഗതിയുള്ളവരുമായി ആശയവിനിമയം നടത്തി ബിസിനസ് രംഗത്തും സജീവസാന്നിധ്യമാകണം എന്നു ഞാൻ ആഗ്രഹിക്കുന്നു. എന്റെ സഹോദരി പവിത്രയും ഇപ്പോൾ ലണ്ടനിൽ വിദ്യാർഥിയാണ്.

എനിക്ക് എന്തിനാണു പഞ്ചമി എന്നു പേരിട്ടതെന്ന് അമ്മയോടു ചോദിച്ചിട്ടുണ്ട്. മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഒന്നുമില്ലാതിരുന്ന അക്കാലത്ത് അച്ഛന് പാട്ടുകളോടു വലിയ ഇഷ്ടമായിരുന്നു. ഒരു ഉച്ചയ്ക്ക് കണ്ട െടലിവിഷൻ പരിപാടിയിൽ വയലാറിന്റെ പ്രശസ്തമായ ഗാനം

‘പാമരം പളുങ്കു കൊണ്ട്

പന്നകം കരിമ്പ് കൊണ്ട്

പഞ്ചമിയുടെ തോണിയിലെ

പങ്കായം പൊന്നു കൊണ്ട്......’

നമ്മുടെ ആദ്യത്തെ കുഞ്ഞ‌ു പെണ്ണാണെങ്കിൽ അവൾക്ക് പഞ്ചമി എന്നു പേരിട്ടാൽ മതി’ അമ്മ പറഞ്ഞു. അച്ഛനും സമ്മതിച്ചു. അങ്ങനെ ഞാൻ പഞ്ചമിയായി.

വേദനകൾക്കു നടുവിലൂടെയാണെങ്കിലും പാട്ടിലെ പോലെ ഞാനും തുഴഞ്ഞു മുന്നോട്ടു നീങ്ങുന്നു. ഉറക്കത്തിൽ അറിയാതെ ഒന്നു തിരിഞ്ഞാലും മതി, എല്ലു നുറുങ്ങാൻ. എങ്കിലും ഞാനിപ്പോൾ തനിയെ എഴുന്നേറ്റു നിൽക്കാനുള്ള ശ്രമത്തിലാണ്. രണ്ടുപേരുടെ കൈത്താങ്ങുണ്ടെങ്കിൽ അൽപദൂരം നടക്കും.

എന്റെ തോണി കരയെത്തിക്കാനുള്ള ശ്രമത്തിലാണു ഞാൻ. എല്ലുറപ്പില്ലെങ്കിലും മനസ്സുറപ്പുണ്ട്. എന്റെ തോണി കടവ് അടുക്കും;

അതെനിക്കുറപ്പാണ്.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ഫെബിൻ സുഗതൻ, നോയൽ എം.ജോർജ്