Thursday 23 November 2023 03:54 PM IST : By ശ്യാമ

‘അവർക്കുണ്ടല്ലോ വഴക്കുണ്ടാക്കാത്ത അച്ഛനും അമ്മയും’: വീട്ടിൽ തല്ലുകൂടുമ്പോൾ കുഞ്ഞുങ്ങളെ ഓർക്കുക, അവരുടെ മനസു തിരിച്ചറിയുക

2016719417

അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകൾ കുട്ടികളുടെ സ്വഭാവരൂപീകരണം, വ്യക്തിത്വം  ഇവയെ സാരമായി ബാധിക്കും..

ക്ലാസിലിരുന്നു സ്ഥിരമായി ഉറങ്ങുന്നതു കണ്ടിട്ടാണു ടീച്ചർ ആ കുട്ടിയോടു രഹസ്യമായി ചെന്നു തട്ടിവിളിച്ചു പീരിയഡ് കഴിയുമ്പോൾ സ്റ്റാഫ് റൂമിലേക്കു വരാൻ പറഞ്ഞത്. ‘എന്തു പറ്റി രാത്രി ഉറങ്ങിയില്ലേ?’ എന്ന് ചോദിച്ചതും അ വൾ ടീച്ചറെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ‘അച്ഛനും അമ്മയും വഴക്കായിരുന്നു മിസ്സേ... തല്ലും വാക്കുതർക്കവും. വെളുപ്പിനെ വരെ... ’ ഏങ്ങിയേങ്ങി അവൾ പറഞ്ഞു.

ഇതൊരു കുഞ്ഞിന്റെ മാത്രം കാര്യമല്ല. മാതാപിതാക്കൾ പതിവായി വഴക്കിടുന്നതിന്റെ മാനസികാഘാതവും പേറി നടക്കുന്ന, പലപ്പോഴും അതേക്കുറിച്ച് ആരോടും ഒന്നും മിണ്ടാൻ കൂടി പറ്റാത്ത ധാരാളം കുട്ടികൾ നമുക്കിടയിലുണ്ട്. വീട്ടിലെ വഴക്കുകൾ പൂർണമായും ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിലും അവ ആരോഗ്യകരമായി കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ മുതിർന്നവർ ശീലിക്കേണ്ടതുണ്ട്.

ആഘാതങ്ങൾ പല തോതിൽ

വീടിന്റെ ഭാഗമായിരിക്കാൻ ആഗ്രഹിക്കുന്നവരാണു കുട്ടികൾ. സുരക്ഷിതത്വം ഉള്ളൊരിടമായിരുന്നാൽ മാത്രമേ ഇത് എന്റെ ഇടമാണെന്നു കുട്ടിക്കു തോന്നൂ. മറിച്ചു സ്ഥിരം വഴക്കുണ്ടാകുന്നൊരു സ്ഥലത്തെക്കുറിച്ച് ‘ഇവിടം സുരക്ഷിതമാണ്’ എന്ന ചിന്ത വരില്ല, വഴക്കു നടക്കാന്‍ സാധ്യതയുള്ളൊരു സ്ഥലം എന്നതു കുട്ടിയെ സംബന്ധിച്ച് അപകടമേഖലയിൽ ഇരിക്കും പോലെയാണ്. എപ്പോൾ വേണമെങ്കിലും അച്ഛനും അമ്മയും പൊട്ടിത്തെറിക്കാം  എന്ന ചിന്ത കുട്ടിയിൽ എപ്പോഴുമുണ്ടാകും. ആരുടെയെങ്കിലും മുഖം ചെറുതായൊന്നു  മാറുന്നതു കണ്ടാൽ തന്നെ കുട്ടി ഭയപ്പെടും. ആ ഭയം പതിയെ ഉത്കണ്ഠയിലേക്കു മാറും. വീട്ടിലിരുന്നാൽ മാത്രം വരുന്ന ഇത്തരം ആകുലതകൾ പതിയെ മറ്റെവിടെയിരുന്നാലും കുട്ടിയുടെ മനസ്സിൽ സ്ഥിരമായി വന്നു തുടങ്ങും.

മറ്റു കുട്ടികളും മാതാപിതാക്കളും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നതു കാണുമ്പോൾ ഇവർ സങ്കടം അനുഭവിക്കാൻ സാധ്യതയുണ്ട്. ‘അവർക്കുണ്ടല്ലോ വഴക്കുണ്ടാക്കാത്ത അച്ഛനമ്മമാർ, എനിക്കില്ലല്ലോ’ എന്നുള്ള താര തമ്യത്തിൽ മക്കൾ ഉഴലും. ഇതു കുട്ടികളെ വിഷാദത്തിലേക്കു വരെ നയിക്കാം.

‘എന്റെ വീട്ടിൽ ഇങ്ങനെയൊക്കെ നടക്കുന്നത് അപ്പുറത്തെ വീട്ടുകാർ കേൾക്കുമോ? അതേക്കുറിച്ച് അവർ ചോദിക്കുമോ?’ എന്നോർത്തുള്ള അപമാനഭാരവും വരും. ചിലപ്പോൾ മറ്റുള്ളവരോടു മിണ്ടാനും മറ്റും മടി കാണിക്കും. ഭാവിയിൽ ഇതു കുട്ടിയുടെ ആത്മവിശ്വാസത്തെ തന്നെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.  

സ്ഥിരമായി വഴക്കുണ്ടാകുന്ന വീടുകളിലെ കുട്ടികൾ അച്ഛനമ്മമാർ മക്കളോട് എങ്ങനെ ആരോഗ്യകരമായി ഇടപഴകണമെന്നു കണ്ടു പഠിച്ചിട്ടില്ല. അതുപോലെ സ്നേഹം കൃത്യമായി എങ്ങനെ പ്രകടിപ്പിക്കണമെന്നും അവർ കാണുന്നില്ല. അതുകൊണ്ട് അവർ ഭാവിയിൽ മാതാപിതാക്കളാകുമ്പോൾ സ്വന്തം കുട്ടികളുമായി അടുപ്പം സ്ഥാപിക്കാൻ പറ്റാത്ത അവസ്ഥ വരെയുണ്ട്. അത്തരം ബുദ്ധിമുട്ടുകൾ തെറപ്പിയിലൂടെ മാറ്റാനാകും.

അതേപോലെ പുതിയ ബന്ധങ്ങൾ രൂപപ്പെടുമ്പോൾ അരക്ഷിതാവസ്ഥയും  ഇവർക്കുണ്ടാകും. എന്തെങ്കിലും പ്രശ്നം വരുമോ? ഇതു തകർന്നു പോകുമോ? എന്നൊക്കെ ചിന്തിക്കുന്നതും സ്ഥിരമായി കണ്ടുവരുന്നു.

സ്വഭാവ പ്രശ്നങ്ങൾ

പേടി, നാണക്കേട്, സങ്കടം ഒക്കെ ഉള്ളിൽ നിറഞ്ഞാണ് ഈ കുട്ടികൾ പലപ്പോഴും വളരുന്നത്. അതുകൊണ്ടു ചില അവസരങ്ങളിൽ വളരെ ദേഷ്യത്തോടെ തന്നെയാകും മറ്റുള്ളവരോടു പെരുമാറുക. ചില കുട്ടികളിൽ ഉത്കണ്ഠയും സങ്കടവും കൂടി അവരുടെ മനസ്സാന്നിധ്യത്തെതന്നെ ബാധിക്കുന്നതും കാണാം.

സമ്മർദം അനുഭവിക്കുന്നതിലൂടെ ശ്രദ്ധക്കുറവ് ഉണ്ടാകും. ചില കുട്ടികൾ ഒതുങ്ങി മാറുന്ന സ്വഭാവത്തിലേക്കും ആത്മവിശ്വാസമില്ലായ്മയിലേക്കും പോകും. മറ്റുള്ളവരുമായി ഇടപഴകാനും മടിക്കും. സുഹൃത്തുക്കൾ ഇല്ലാതിരിക്കുന്ന അവസ്ഥയോ അല്ലെങ്കിൽ കുറച്ചു കൂട്ടുകാർ മാത്രമോ ആയിരിക്കും ഉണ്ടാകുക. എന്റെ വീട്ടിലേക്കു കൂട്ടുകാർ വന്നാൽ അച്ഛനമ്മമാർ വഴക്കു കൂടുന്നതു നേരിൽ കാണുമോ, ആരെങ്കിലും പറഞ്ഞറിയുമോ എന്നൊക്കെയോർത്ത് ആരോടും വലിയ അടുപ്പം വയ്ക്കില്ല.

ഇതിനു നേർവിപരീതമായും സംഭവിക്കാറുണ്ട്. വീട്ടിൽ നിരന്തരം പ്രശ്നങ്ങളായതു കൊണ്ടു കൂട്ടുകാർക്കിടയിൽ മാത്രം ജീവിക്കുന്നവരെയും കാണാം. സുഹൃത്തുക്കളാകും ഇവരുടെ എല്ലാം. അങ്ങനെ വരുമ്പോൾ മോശമായൊരു റോൾമോഡലുണ്ടെങ്കിൽ അവരെ കണ്ണുമടച്ചു വിശ്വസിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും. വീട്ടിൽ നിന്നു തീർത്തും വിട്ടു നിൽക്കുന്ന രീതിയും കാണാം. വീട്ടുകാരുടെ പ്രശ്നങ്ങളിൽ പോലും ക്രമേണ ഇടപെടാതെ സ്വന്തമായൊരു ലോകമുണ്ടാക്കി മുന്നോട്ടു പോകും അവർ.

പ്രകടമായ ലക്ഷണങ്ങൾ

സ്ഥിരം വഴക്കുണ്ടാകുന്ന വീട്ടിലെ കുട്ടി പലപ്പോഴും ചിന്തകളിൽ പെട്ടുഴലുന്നതു കാണാം. ഇതു മൂലം അങ്കലാപ്പു കുടും. ദൈനംദിനപ്രവൃത്തികളിൽ പോലും ക്രമം തെറ്റും. ഭക്ഷണരീതി മാറും, വിശപ്പു തോന്നില്ല, ഉറക്കം കുറയും. ചില കുട്ടികൾ പഠനത്തിൽ പുറകിലാകും. അതു പഠിക്കാനിഷ്ടമില്ലാത്തതു കൊണ്ടല്ല, അവർക്കു ശ്രദ്ധിക്കാൻ പറ്റാത്തതു കൊണ്ടാണ്. വഴക്കു പതിവാകുമ്പോൾ കുട്ടിക്കുള്ള വലിയൊരു ഭയം ‘ഇനി ഞാൻ എവിടെ പോകും?’ എന്നതാണ്. സംരക്ഷിക്കേണ്ടവർ കടമ മറക്കുമ്പോൾ എവിടെയാണ് എന്റെ ‘സേഫ് സോൺ?’ എന്നു കുട്ടി ചിന്തിക്കും. അ ച്ഛനമ്മമാർക്കൊപ്പവും ഏകാന്തതയനുഭവപ്പെടും. അത് അവരുടെ എല്ലാ പ്രവൃത്തികളെയും ബാധിക്കും. സംസാരിക്കുമ്പോൾ മുഴുവൻ ശ്രദ്ധിക്കാതിരിക്കുന്നതും എന്തെങ്കിലും കാര്യം കേൾക്കുന്നതിനും പറയുന്നതിനുമിടയിൽ പെട്ടന്നു കുട്ടി ‘ബ്ലാങ്ക്’ ആയി പോകുന്നതും കാണാം.

258053699

തെറ്റിലേക്കു തള്ളി വിടാതിരിക്കാം

വീടു യുദ്ധക്കളമാകുമ്പോൾ ഏതു തരത്തിലുമുള്ള മോശം കാര്യങ്ങളിലേക്കും കുട്ടികൾ വീണു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികൾ തന്നെ സ്നേഹിക്കുന്ന, ശ്രദ്ധിക്കുന്ന ഇടമാണ് അന്വേഷിക്കുന്നത്, അല്ലാതെ ലഹരി തന്നെയാകില്ല. ‘എല്ലാം മറക്കാൻ ഇത് ചെയ്താൽ മതി’ എന്നൊക്കെ പറയുമ്പോള്‍ കുട്ടികൾ പലപ്പോഴും പെട്ടുപോകുന്ന അവസ്ഥയുണ്ട്.

വീട്ടിൽ ചൂഷണം കണ്ടു വളരുന്ന കുട്ടികൾ പലപ്പോഴും മുതിരുമ്പോൾ പങ്കാളിയെ ചൂഷണം ചെയ്യുന്നതും കാണാറുണ്ട്. ഭാവിയിലെ ബന്ധങ്ങളിൽ അവർ അരക്ഷിതരാരിക്കും. പൊസ്സസീവ് ആകുക, പങ്കാളിയെ സംശയിക്കുക, ചോദ്യങ്ങൾ ചോദിച്ചു ശ്വാസംമുട്ടിക്കുക ഒക്കെ ഉണ്ടാകും. വീട്ടിൽ നിന്ന് ഒരിക്കലും കിട്ടാത്തതു കൊണ്ട് ഇത്തരം കുട്ടികൾ ശാശ്വതമായ വൈകാരിക പിന്തുണ തേടിക്കൊണ്ടേയിരിക്കും. ദേഷ്യം വരുമ്പോള്‍, സങ്കടം വരുമ്പോൾ, പേടിക്കുമ്പോൾ ഒക്കെ അതിനോടനുബന്ധമായി വരുന്ന വികാരങ്ങളെ പുറന്തള്ളാൻ പങ്കാളിയെ ഉപയോഗിച്ചെന്നു വരാം. എല്ലാത്തിനും പങ്കാളിയും ഒപ്പം വേണമെന്നു ശഠിക്കും. ഒരു സമാധാനപരമായ സ്നേഹാന്തരീക്ഷം അവർക്കു പലപ്പോഴും സൃഷ്ടിക്കാൻ സാധിക്കില്ല.

ഇനി മാതാപിതാക്കളിൽ ഒരാൾ എല്ലാം ക്ഷമിച്ചും സഹിച്ചും നിൽക്കുന്ന രക്ഷാകർതൃത്വം കണ്ടാണു വളരുന്നതെങ്കിൽ കുട്ടി ടോക്സിക് ബന്ധങ്ങളിലും അകപ്പെടാം. ‘എപ്പോഴും നമ്മൾ വിട്ടുവീഴ്ച ചെയ്യണം’ എന്നാണു കേട്ടു വളര്‍ന്നതെങ്കിൽ കുട്ടി വിധേയത്വം ശീലിക്കും. എന്തു മോശം കാര്യം ഭാവിയിൽ സംഭവിച്ചാലും ഇതൊക്കെ ഞാന്‍ സഹിക്കണം എന്നാകും അവർ ചിന്തിക്കുക.

മാനിപ്പുലേറ്റീവ് പേരന്റ്സ്

മാതാപിതാക്കളിൽ ഒരാൾ  മറ്റേയാളെ കുറിച്ച് എപ്പോഴും കുട്ടിയോടു മോശം പറയുന്നതു തെറ്റായ പ്രവണതയാണ്. ഇതു കുട്ടിക്കു വൈകാരിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഒരു കാരണവശാലും കുട്ടിയോടു പങ്കാളിയെ കുറിച്ചു മോശം പറയേണ്ടതില്ല. പങ്കാളിക്കു പ്രശ്നമുണ്ടെങ്കിൽ തന്നെ അ തു കുട്ടി സ്വയം മനസ്സിലാക്കിക്കൊള്ളും. മോശം കാര്യ ങ്ങൾ മാത്രം പറഞ്ഞു കൊടുത്തതു മൂലം കുട്ടി രക്ഷിതാവിൽ നിന്ന് അകന്നു പോകുകയും പിന്നീട് ഒരു സാഹചര്യത്തിൽ സത്യം മനസ്സിലാക്കി തിരികെ വരികയും ചെയ്യുന്ന സാഹചര്യങ്ങളുണ്ട്.

മാനിപ്പുലേഷന് വിധേയരായാൽ ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ വരാം. നല്ല കാര്യങ്ങൾ പോലും സത്യമല്ല, അധികകാലം നിലനിൽക്കില്ല എന്നൊക്കെയുള്ള ധാരണ വന്നേക്കാം. പങ്കാളിയും നിങ്ങളും തമ്മിലാണു പ്രശ്നം. ആ കയ്പു കുട്ടിക്കു വീതിച്ചു കൊടുക്കേണ്ടതില്ല.   

245862697

24 മണിക്കൂറും ക്യാമറയുള്ള വീടാണു കുട്ടികൾ ഉള്ള വീട് എന്നോർക്കാം. അവർ അറിഞ്ഞും അറിയാതെയും മാതാപിതാക്കളുടെ ചെറുചലനങ്ങൾ പോലും നോക്കിപഠിക്കുന്നുണ്ട്. മറ്റുള്ളവരോടു മോശമായി പെരുമാറരുത് എന്നു കുട്ടിയോടു പറഞ്ഞിട്ടു പങ്കാളിയോടു മോശമായി പെരുമാറിയാൽ അതിൽ നിന്നു കുട്ടി മോശം പെരുമാറ്റങ്ങൾ പഠിക്കും.

സംസാരിച്ചു തുടങ്ങുമ്പോൾ അസ്വാരസ്യങ്ങള്‍ വരുന്നു എന്നു തോന്നിയാൽ കുട്ടിക്കു മുന്നിൽ വച്ച് ആ വിഷയം സംസാരിക്കാതിരിക്കാൻ മാതാപിതാക്കൾക്കു കഴിയണം. അപ്പോൾ ഒരു കൂട്ടായ തീരുമാനത്തിൽ എത്താൻ മാതാപിതാക്കൾക്കു സാധിച്ചു എന്നു കുട്ടി കരുതും. പിന്നീടു കുട്ടികൾ ഇല്ലാത്ത സമയത്ത് ആ വിഷയം ചർച്ച ചെയ്യാം എന്നു പക്വമായി തീരുമാനിക്കുക. സംസാരിച്ചാലും പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾക്ക് തെറപ്പി എടുക്കാം.

അവരാഗ്രഹിക്കും പോലെ സ്നേഹിക്കാം

കുട്ടിക്കു മാർക്ക് കുറഞ്ഞാൽ ‘നീയൊക്കെ എന്തിനാ പഠിക്കാൻ പോയേ?, ഇതിനാണോ നിന്നെ പഠിക്കാൻ വിടുന്നേ?’ എന്നൊക്കെയുള്ള തരത്തിൽ പ്രതികരിച്ചാൽ കുട്ടിക്ക് പേടിയാണു തോന്നുക.

എന്തുകൊണ്ടു മാർക്ക് കുറഞ്ഞു എന്നന്വേഷിക്കാതെ കുട്ടിയെ വഴക്കുപറഞ്ഞാൽ പിന്നീടു കുട്ടി ആ വിഷയം പഠിക്കുന്നതു പേടി കൊണ്ടാകും. വഴക്കു പേടിച്ചു ഭാവിയിൽ കുട്ടി മാർക്ക് തിരുത്തിയിടാനും സ്വന്തമായി ഒപ്പിടാനും ഒ ക്കെ തുടങ്ങാം. എന്തെങ്കിലും പ്രശ്നം വന്നാലും തന്നെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യും എന്നു കരുതി മാതാപിതാക്കളോടു കുട്ടി ഒന്നും തുറന്നു സംസാരിക്കാതെയാകും.

കുറഞ്ഞ മാർക്കുമായി കുട്ടി വന്നാൽ ‘സാരമില്ല, ഇത്രയൊക്കെ ശ്രമിച്ചല്ലോ നമുക്ക് ഇതു മതി. അടുത്ത തവണ കുറച്ചു കൂടി നന്നായി പഠിക്കാം.’ എന്നൊക്കെ പറയുക. ഇതുവരെ ശാന്തരാക്കും മാത്രമല്ല, അച്ഛനും അമ്മയും തമ്മിൽ പ്രശ്നമുണ്ടായാൽ പോലും അവർ എനിക്കു വേണ്ടി ഒരുമിച്ച് നിൽക്കും, എനിക്കവരുണ്ട് എന്നൊരു ചിന്ത കുട്ടിയിൽ വരും. ഇത് അവരുടെ ആത്മവിശ്വാസം കൂട്ടും.

എന്തു ചെയ്യണം?

∙ കുട്ടിക്കു മുന്നിൽ വഴക്കിട്ടു പോയതിൽ കുറ്റബോധമുള്ള തിരുത്താൻ ആഗ്രഹമുള്ള മാതാപിതാക്കൾ ആദ്യം മനസ്സിലാക്കേണ്ടതു കുട്ടിക്കു പേടി തട്ടിയിട്ടുണ്ടെന്നാണ്. അതു മാറ്റാൻ കുട്ടിയുടെ അടുത്തു ചെന്നു കൈപിടിച്ചു കണ്ണിൽ നോക്കി പറയാവുന്ന ഒന്നാണ് ‘സോറി, മോൾ/മോൻ പേടിച്ചോ, സോറി. ഇനി ഇങ്ങനെ സംഭവിക്കാതെ നോക്കാം.’

∙ അടുത്തപടിയായി എന്താണു നടന്നത് എന്നതിന്റെ വിശദീകരണം കുട്ടിക്ക് കൊടുക്കുക. കാരണം കുട്ടി ഒരു മോശം കാര്യം കണ്മുന്നിൽ കണ്ടു കഴിഞ്ഞു.

‘മോളാണെങ്കിലും കൂട്ടുകാർക്കൊപ്പം പോകുമ്പോൾ ചിലപ്പോൾ അവർ പറയുന്ന കാര്യങ്ങൾ എല്ലാം അംഗീകരിക്കാൻ പറ്റില്ലല്ലോ, എതിരഭിപ്രായം ഉണ്ടാകില്ലേ. അങ്ങനെ ഞങ്ങൾ സംസാരിച്ചപ്പോഴും ചില അഭിപ്രായവ്യത്യാസം വന്നു. അപ്പോ പെട്ടെന്ന് അങ്ങനെ പറഞ്ഞു പോയതാണ്. അതു കണ്ടു പേടിക്കേണ്ട, മോളോടു ഞങ്ങൾക്കു യാതൊരു ഇഷ്ടക്കുറവുമില്ല’ എ ന്നൊക്കെ പറഞ്ഞു കൊടുക്കാം.

അച്ഛനുമമ്മയും തമ്മിൽ പ്രശ്നമുണ്ടായാലും അത് പറഞ്ഞു തീർക്കും എന്നു കുട്ടിക്കും തോന്നും. ഉണ്ടായിപ്പോയ പേടിയിൽ നിന്നു പതിയെ കുട്ടിയെ മോചിപ്പിക്കാനും സാധിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

നീത ഫ്രാൻസിസ്,

സൈക്കോളജിക്കൽ കൗൺസലർ,

അവന്യു കൗൺസലിങ് സർവീസസ്

Tags:
  • Mummy and Me
  • Parenting Tips