ADVERTISEMENT

സീതത്തോട് ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ ഏറുമാടത്തിൽ കഴിഞ്ഞിരുന്ന രാജേന്ദ്രനും കുടുംബവും അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷയിലേക്ക്. ദീർഘനാളായി വീടെന്ന സ്വപ്നവുമായി കഴിഞ്ഞിരുന്ന കുടുംബത്തിന്റെ ആഗ്രഹം ഇതോടെ യാഥാർഥ്യമായി. ചാലക്കയം ഉൾവനത്തിൽ കഴിഞ്ഞിരുന്ന കുടുംബം ഏതാനും മാസങ്ങൾക്കു മുൻപാണ് ആദിവാസികൾക്കു സ്ഥലം നൽകുന്നുണ്ടെന്നറിഞ്ഞ് ളാഹ മഞ്ഞത്തോട്ടിൽ എത്തുന്നത്. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായ കാരണത്താൽ മരത്തിനു മുകളിൽ ഏറുമാടം കെട്ടിയാണു രാജേന്ദ്രനും ഗർഭിണിയായ ഭാര്യ പൊന്നമ്മയും ഇവരുടെ മക്കളുമടങ്ങിയ കുടുംബം താമസിച്ചിരുന്നത്.

കുത്തനെയുള്ള പടവുകൾ കടന്ന് മരത്തിനു മുകളിലുള്ള ഇവരുടെ ദുരിതപൂർണമായ ജീവിതം മനോരമ വാർത്തയായതോടെ ഇവർക്കു വീട് നിർമിച്ച് നൽകാൻ വിവിധ സന്നദ്ധ സംഘടനകൾ മുന്നോട്ടു വന്നു. തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'അക്ഷറി'ന്റെ നേതൃത്വത്തിലാണ് ആവശ്യമായ ഷീറ്റുകളും നിർമാണത്തിനു ആവശ്യമായ പണവും നൽകിയത്. ളാഹ വനാവകാശ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളയിൽ കെട്ടിമറച്ച മൂന്ന് മുറിയും അടുക്കളയും വരാന്തയും അടങ്ങിയ വീടിന്റെ നിർമാണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. തറ കോൺക്രീറ്റ് ചെയ്തെങ്കിലും വാതിലുകൾ ഇല്ല. 

ADVERTISEMENT

ഇന്നലെ താമസം ആരംഭിക്കുകയായിരുന്നു. കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കെടുക്കാൻ പ്രമോദ് നാരായൺ എംഎൽഎ, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ,ഊര് മൂപ്പൻ രാജു, പി.എസ്.ഉത്തമൻ,അക്ഷർ പ്രതിനിധികളായ സാം വർഗീസ്,രാജൻ വനം വകുപ്പ്, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT