Thursday 25 May 2023 11:51 AM IST : By സ്വന്തം ലേഖകൻ

‘അരയ്ക്കൊപ്പം ഉയരമുള്ള വലിയ കടുവയായിരുന്നു, ശരിക്കും ഭയന്നുപോയി’; ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തില്‍ റജി ജോണ്‍

pta-raji.jpg.image.845.440

‘‘അരയ്ക്കൊപ്പം ഉയരമുള്ള വലിയ കടുവയായിരുന്നു. ശരിക്കും ഭയന്നു പോയി. ഓടി വീട്ടിൽ കയറുമ്പോൾ തട്ടിത്തടഞ്ഞു വീണു’’. അതു പറയുമ്പോൾ റജിയുടെ മുഖത്ത് ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം. കടുവയുടെ മുന്നിൽനിന്നു ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. വടശേരിക്കര ഒളികല്ല് മണിമലേത്ത് എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ ചുരയ്ക്കാട് റജി ജോണാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. 

ഇന്നലെ രാവിലെ ആറരയോടെ ടാപ്പിങ് തുടങ്ങുന്നതിനു മുന്നോടിയായി കുരങ്ങുകളെ ഓടിക്കാൻ പടക്കം പൊട്ടിക്കാൻ തോട്ടത്തിലേക്ക് ഇറങ്ങിയതായിരുന്നു റജി. കുരങ്ങുകളുടെ അസാധാരണമായ കരച്ചിൽ കേട്ടു നോക്കിയപ്പോളാണ് 10 മീറ്റർ അകലെയായി കടുവയെ കണ്ടത്. പരിഭ്രമത്തിനിടെ തൊട്ടടുത്ത റബർ മരത്തിൽ വലിഞ്ഞു കയറാൻ ശ്രമിച്ചെങ്കിലും റജി താഴെ വീണു. അവിടെനിന്നു ചാടിപിടഞ്ഞ് എഴുന്നേറ്റ് ഓടി വീടിനു പുറത്തെ ശുചിമുറിയിൽ കയറി കതകടച്ചു. വീടിനു പുറത്തുണ്ടായിരുന്ന ഭാര്യ സോമിനിയോടും അകത്തു കയറാൻ പറഞ്ഞു. 

കടുവ പോയെന്നു തോന്നിയതോടെ ഓടി വീട്ടിനുള്ളിൽ കയറി. ‘തന്റെ അരയ്ക്കൊപ്പം ഉയരമുള്ള വലിയ കടുവയായിരുന്നു. ശരിക്കും ഭയന്നു പോയി. ഓടി വീട്ടിൽ കയറുമ്പോൾ തട്ടിത്തടഞ്ഞു വീണു’. അതു പറയുമ്പോൾ റജിയുടെ മുഖത്ത് ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം. വെച്ചുച്ചിറ സ്വദേശിയാണെങ്കിലും 8 വർഷമായി മണിമലേത്ത് എസ്റ്റേറ്റിൽ താമസിച്ചു ജോലി ചെയ്യുകയാണു റജിയും കുടുംബവും. വടശേരിക്കര റേഞ്ച് ഓഫിസർ വി.കെ.രാജുവിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ ദിവസം ആട്ടിൻകുട്ടിയെ കടുവ പിടിച്ച സ്ഥലത്തിനു സമീപം ബൗണ്ടറിയിലാണു കടുവയെ പിടികൂടാൻ കൂടു വച്ചത്. കൂട്ടിൽ ഇന്നലെ ഇരയായി ആടിനെ കെട്ടിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. പെരുനാട്ടിൽ കണ്ട കടുവ തന്നെയാണു ബൗണ്ടറിയിലും സമീപത്തും എത്തിയിരിക്കുന്നതെന്ന നിഗമനത്തിലാണു വനം വകുപ്പ്. ആനകൾ പലപ്പോഴും ഈ മേഖലയിൽ ഇറങ്ങാറുണ്ടെങ്കിലും കടുവയെ കാണുന്നത് ആദ്യമാണെന്നു പ്രദേശവാസികൾ പറഞ്ഞു. വനം വകുപ്പിന്റെ കാവൽ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പമ്പയിൽ പുലി; നായയെ പിടിച്ചു

പമ്പ ഗണപതികോവിൽ ഭാഗത്ത് പുലിയിറങ്ങി. വളർത്തു നായയെ പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.45നാണ് പുലിയിറങ്ങിയത്. ആഞ്ജനേയ ഓഡിറ്റോറിയത്തിന്റെ വശത്തുള്ള മുറിക്കു മുന്നിൽ കെട്ടിയിട്ടു വളർത്തിയ നായയെയാണ് പിടിച്ചത്. ഒന്നര മാസം മുൻപ് രാത്രി ഗാർഡ് റൂമിനു സമീപം പുലിയിറങ്ങിയപ്പോൾ ഈ നായ കുരയ്ക്കുന്നതു കേട്ടാണു ദേവസ്വം ഗാർഡുകൾ ഉണർന്നത്. ഇവിടെ ഗണപതികോവിൽ  മുറ്റത്തു മാത്രമേ വെളിച്ചമുള്ളു. വഴിവിളക്കുകൾ ഒന്നും തെളിക്കുന്നില്ല. അതിനാൽ മാസപൂജ കഴിഞ്ഞുള്ള ദിവസങ്ങളിൽ ഭീതിയോടെയാണ് ദേവസ്വം ജീവനക്കാരും പൊലീസും മറ്റ് ഉദ്യോഗസ്ഥരും കഴിയുന്നത്.

Tags:
  • Spotlight