ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ ഗൗരവം കുറയ്ക്കാൻ പൊലീസ് ബോധപൂർവം ശ്രമിക്കുന്നതായി ആരോപണം. കുഞ്ഞിനെ ഉറ്റവരിൽ നിന്ന് തട്ടിയെടുത്ത് 21 മണിക്കൂർ തടങ്കലിൽ പാർപ്പിച്ചതു തന്നെ ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെ അതിന്റെ ഗൗരവം കുറയ്ക്കുന്ന തരത്തിലാണു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എഡിജിപി മാധ്യമങ്ങളോടു പങ്കുവച്ചത്. കാറിൽ തട്ടിക്കൊണ്ടുപോയപ്പോൾ ബഹളമുണ്ടാക്കിയ കുട്ടിക്കു ഗുളിക കൊടുത്തുവെന്നു പൊലീസ് പറഞ്ഞു. കുട്ടിയെ ‘റിലാക്സ്ഡ്’ (ശാന്തമാക്കാൻ) ആക്കാനാണു ഗുളിക കൊടുത്തതെന്നാണ് എഡിജിപി പറഞ്ഞത്. ഏതു ഗുളികയാണു കുട്ടിക്കു നൽകിയതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളൊന്നും പൊലീസ് വെളിപ്പെടുത്തിയില്ല. കുട്ടിയെ മയക്കിക്കിടത്താനാകും ഗുളിക നൽകിയത്. ബലപ്രയോഗത്തിലൂടെയാകും നൽകിയതും.
‘സേഫ് ഹാൻഡിൽ’ (ഉത്തരവാദിത്തപ്പെട്ട കൈകളിൽ) ഏൽപ്പിക്കണമെന്ന ബോധ്യത്തോടെയാണു പിറ്റേന്ന് അനിതാകുമാരി കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് എഡിജിപി പറഞ്ഞത്. കോളജ് വിദ്യാർഥികൾ എത്തി കുഞ്ഞുമായി സംസാരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ ഭർത്താവിനൊപ്പം പോയതെന്നാണു പൊലീസ് ഭാഷ്യം. സ്വന്തം രക്ഷയേക്കാൾ പ്രതികൾ ഊന്നൽ നൽകിയതു കുട്ടിയുടെ സുരക്ഷയ്ക്കാണെന്നും അങ്ങനെ വരുത്തിത്തീർത്തു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഉത്തരവാദിത്തപ്പെട്ട കൈകളിൽ ഏൽപിച്ചുവെന്ന് ഉറപ്പു വരുത്താൻ പ്രതികൾ ശ്രമിക്കുമോ എന്നും ഇതിനെതിരെ ചോദ്യമുയരുന്നു. പത്മകുമാറിന്റെ മകളും പ്രതിയുമായ അനുപമയ്ക്ക് ഈ കേസിലെ പങ്കും ലളിതവൽക്കരിച്ചിട്ടുണ്ട്.
ഒരു വർഷമായി കുടുംബം കുറ്റകൃത്യം ആസൂത്രണം ചെയ്യുകയായിരുന്നെന്നു പൊലീസ് പറയുന്നുണ്ട്. എന്നാൽ അനുപമ ഇടപെട്ടിട്ട് ഒരു മാസമേ ആയിട്ടുള്ളൂ എന്നും കൂട്ടിച്ചേർക്കുന്നു. യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതിനെ തുടർന്നു ‘ഡിപ്രസ്ഡ്’ ആയ അവസരത്തിലാണു കൃത്യം നടത്താൻ അനുപമ ഒരുങ്ങിയതെന്നുമാണു പൊലീസ് വാദം. ‘അസ്സലായി ഇംഗ്ലിഷ് പറയുന്ന കുട്ടി. സെൽഫ് എഫർട്ട് (സ്വന്തമായി പ്രയത്നം) എടുത്തു ചെയ്യുന്ന കുട്ടി. ബിഎസ്‍സി കംപ്യൂട്ടർ സയൻസിനു ജോയിൻ ചെയ്തെങ്കിലും എൽഎൽബി എടുക്കാനായിരുന്നു കുട്ടിക്കു താൽപര്യം’ – എന്നൊക്കെയാണ് എഡിജിപി അനുപമയെക്കുറിച്ചു വർണിക്കുന്നത്.