ഫ്രാൻസിസ് മാർപാപ്പയുമായി വിഡിയോ കോളിൽ സംസാരിക്കാൻ ഭാഗ്യം ലഭിച്ചയാളായിരുന്നു കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ മുത്തശ്ശി വടക്കേക്കര കല്ലുകളം ശോശാമ്മ ആന്റണി (96). കർദിനാൾ കൂവക്കാടിന്റെ അമ്മ ലീലാമ്മയുടെ അമ്മയാണ് ശോശാമ്മ. ശോശാമ്മയ്ക്കു പിറന്നാൾ ആശംസ നേരാനാണു മാർപാപ്പ വിഡിയോ കോളിലെത്തിയത്.
സുപ്രഭാതം എന്നർഥം വരുന്ന ‘ബൊഞ്ചോർണോ...’ എന്ന് ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്താണു മാർപാപ്പ വിഡിയോ കോൾ തുടങ്ങിയത്. 4 മിനിറ്റോളം വിഡിയോ കോൾ നീണ്ടു. ‘എന്റെ കൊച്ചുമോൻ എനിക്കുതന്ന ഏറ്റവും വലിയ സമ്മാനം’ – ശോശാമ്മ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. മാർച്ച് ഒന്നിനായിരുന്നു ശോശാമ്മയുടെ മരണം.