ADVERTISEMENT

ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്നതായി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിമർശനം ഉണ്ടായ ദിവസം തന്നെ തലസ്ഥാനത്ത് നടുറോഡിൽ അരങ്ങേറിയ കൊലപാതകം സേനയ്ക്കാകെ നാണക്കേടായി. പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട രണ്ടുപേർ അടക്കം ആറംഗ ക്രിമിനൽ സംഘമാണ് ആലപ്പുഴ സ്വദേശിയായ പോസ്റ്റൽ അസിസ്റ്റന്റ് പി. പ്രദീപിനെ(50) അനുജന്റെ മുൻപിലിട്ട് അടിച്ചു കൊന്നത്.

പൂജപ്പുരയിൽ ചൊവ്വാഴ്ച്ച രാത്രി 11.45ന് ആയിരുന്നു സംഭവം. പ്രതികളിൽ മുടവൻമുകൾ സ്വദേശി അരുൺ, തൃക്കണ്ണാപുരം സ്വദേശി ജെറിൻ എന്നിവർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.  കൊലപാതകശ്രമം അടക്കം  ഇവർക്ക് എതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. മറ്റു പ്രതികളായ തൃക്കണ്ണാപുരം സ്വദേശി രതീപ്, വെള്ളായണി സ്വദേശി ഷംനാദ്, മുടവൻമുകൾ സ്വദേശി മിഥുൻ എന്നിവർ ഒട്ടേറെ അടിപിടി കേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. 

ADVERTISEMENT

ബാറിൽ വച്ചുണ്ടായ തർക്കമാണ് പിന്നീട് റോഡിലെ കൊലയ്ക്കു കാരണം. കേരളീയം സമാപനത്തിന്റെ ഭാഗമായി നഗരം മുഴുവൻ പൊലീസ് കാവലുള്ളപ്പോഴായിരുന്നു കൊല നടന്നത്. 1300 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. ഒരാഴ്ചയ്ക്കിടെ കൊലപാതകം അടക്കം മൂന്നു വീതം ആക്രമണങ്ങളും മോഷണവും പീഡനവും നഗരത്തിൽ നടന്നു. 

പൊലീസ് –ഗുണ്ട അവിശുദ്ധ കൂട്ടുകെട്ട് പലയിടത്തും നിലനിൽക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഡിജിപിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഉയർന്ന വിമർശനം. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഓംപ്രകാശിനെ ഇതുവരെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ 9 മാസമായി ഒളിവിൽ കഴിയുകയാണ്  ഓംപ്രകാശ്. മാസങ്ങൾക്ക് മുൻപ് ഓംപ്രകാശിനായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിപ്പിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ADVERTISEMENT

ഓംപ്രകാശ് ഒളിവിൽ കഴിയുന്ന ലൊക്കേഷൻ കണ്ടെത്താനായി മൊബൈൽ ഫോൺ നമ്പർ ഇന്റലിജൻസ് ട്രാക്ക് ചെയ്തെങ്കിലും അറസ്റ്റ് ഉണ്ടായില്ല.  ജനുവരി 9ന് പുലർച്ചെ പാറ്റൂരിനു സമീപം കൺസ്ട്രക്‌ഷൻ കമ്പനിയുടമയായ നിഥിനെയും സുഹൃത്തുകളായ ആദിത്യ, ജഗതി സ്വദേശി പ്രവീൺ, പൂജപ്പുര സ്വദേശി ടിന്റു ശേഖർ എന്നിവരെ കാർ തടഞ്ഞു നിർത്തി ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്.

ഒരുമിച്ച് ബാറിൽ നിന്ന് ഇറങ്ങി, പിന്നെ തർക്കം, കൊല 

ADVERTISEMENT

പ്രദീപിനെ അടിച്ചു കൊന്ന സംഭവത്തെപ്പറ്റി പൊലീസ് പറഞ്ഞത്: പ്രദീപും പ്രമോദും ബാറിൽ ഇരുന്നു മദ്യപിക്കുമ്പോൾ ഇവിടെ മദ്യപിക്കാൻ എത്തിയ ഷംനാദും സുഹൃത്തുക്കളും ഇവരെ പരിചയപ്പെടുകയും ബാറിൽ നിന്നു ഒരുമിച്ചിറങ്ങുകയും ചെയ്തു. പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ ‘നീയും അനുജനും ബോംബെയിലെ ഡോണുകളാണോ’ എന്നു ചോദിച്ച് ഷംനാദ് പ്രദീപിനെ പരിഹസിച്ചു.

ഇതു പ്രദീപ് ചോദ്യം ചെയ്തതോടെ ഷംനാദും സംഘവും ബഹളം വച്ചു. തുടർന്നു പ്രദീപും പ്രമോദും പുറത്തിറങ്ങി താമസസ്ഥലമായ പൂജപ്പുരയിലെ ഹോട്ടൽ ഹിൽവ്യൂവിലേക്കു പോകാനായി നടന്നു. ഈ സമയം ബൈക്കിലും ഓട്ടോറിക്ഷയിലുമായി ഇവരെ പിന്തുടർന്ന അക്രമി സംഘം യൂണിയൻ ബാങ്കിനു മുൻപിൽ വച്ച് ആക്രമിക്കുകയായിരുന്നു.

പ്രദീപിനെ പിടിച്ചുവലിച്ചു തലയിലും മുഖത്തും വയറിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. പിന്നീട് റോഡിൽ തള്ളിയിട്ട ശേഷം തല പിടിച്ചു തറയിലിടിച്ചു. തടയാൻ ശ്രമിച്ച അനുജൻ പ്രമോദിനും പരുക്കേറ്റു.  രക്തം ഛർദിച്ചു കിടന്ന പ്രദീപിനെ ഏറെ വൈകിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. അനുജൻ പ്രമോദ് അബോധാവസ്ഥയിലായിരുന്നു. രണ്ടു മണിയോടെ വിവരം അറിഞ്ഞ് എത്തുമ്പോൾ പ്രദീപിന്റെ ശരീരം തണുത്തു മരവിച്ച നിലയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

സിസിടിവിയിൽ ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങൾ

പൂജപ്പുരയിൽ പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥനെ ക്രിമിനൽ സംഘം പിന്തുടർന്ന് ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. ആക്രമണം ഭയന്ന് ഓടി മാറുന്ന പ്രദീപിനെ പിന്നിൽ നിന്നു മർദിക്കുന്നതും തൂക്കിയെടുത്ത് നിലത്തടിക്കുന്നതും ദൃശ്യത്തിലുണ്ട്. ബാങ്കിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിൽ മറഞ്ഞു നിൽക്കാൻ ശ്രമിച്ച പ്രദീപിനെ പ്രതി രതീപ് ആണു മർദിചത്. 

മുതുകിൽ പലവട്ടം ഇടിച്ച ശേഷം കഴുത്തിനു പിടിച്ചു പ്രദീപിനെ തറയിലടിക്കുകയായിരുന്നു. നടപ്പാതയിൽ തലയിടിച്ചു ഗുരുതരമായി പരുക്കേറ്റു ചോരവാർന്നതോടെ പ്രതികൾ ആക്രമണം മതിയാക്കി മടങ്ങിയെന്നും പൊലീസ് പറഞ്ഞു. ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ചുണ്ടായ തർക്കത്തിനു ശേഷം വീണ്ടും പ്രശ്നം ഉണ്ടായെന്നാണു പ്രതികൾ പൊലീസിനോട് പറഞ്ഞത്.

കൊല്ലപ്പെട്ട പ്രദീപും അനുജൻ പ്രമോദും റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറിയിരുന്നു മദ്യപിച്ചെന്നും ഇതിനെ തുടർന്നാണു പ്രശ്നമുണ്ടായതെന്നുമാണ് പ്രതികളുടെ കുറ്റസമ്മതമെന്നു പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളിൽ 4 പേരെ പൂജപ്പുര എസ്എച്ച്ഒ ആർ.റോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കേസിൽ ഇനി രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.

ADVERTISEMENT