Thursday 17 August 2023 04:23 PM IST

പെട്രോൾ അടിച്ച് മുടിയില്ല, ഗ്യാസ് വിലയും പൊള്ളിക്കില്ല: ഈ വീട്ടമ്മമാരുടെ തന്ത്രങ്ങള്‍ ഒന്നു പയറ്റിനോക്കൂ

Roopa Thayabji

Sub Editor

vilakkayattam-1 റുബീന ഷിബു, എൻകെ ഗീത ജാൻസി ഗോപി, ജ്യോത്സ്ന,

അരി വില അറുപതു കടന്നു... പെട്രോൾ വില സെഞ്ചുറിയടിച്ചു... ഗ്യാസ് വില പിന്നെയും കൂട്ടി... വെള്ളക്കരവും വൈദ്യുതി ചാർജും വർധിപ്പിച്ചു... പച്ചക്കറിക്കു തീ വില... പലിശനിരക്കു കൂടിയതു കൊണ്ട് ഇഎംഐ കൂടി... ഓരോ ദിവസവും പത്രം തുറന്നാൽ ചങ്കുപൊള്ളുന്ന വിലക്കയറ്റ വാർത്തകളാണ്.

ശരാശരി ശമ്പളക്കാരന്റെ മാസബജറ്റിൽ നിത്യോപയോഗ വസ്തുക്കൾക്കുള്ള നീക്കിവയ്പ് മാസാമാസം കൂടിക്കൂടി വരുമ്പോൾ അതിനനുസരിച്ചു വരുമാനം കൂടുന്നുണ്ടോ? ശമ്പളം കൂട്ടിച്ചോദിച്ചാൽ ‘നാളെയും പണി വേണോ’ എന്ന മറുചോദ്യം നേരിടേണ്ടി വരുന്നത് അവിടെ നിൽക്കട്ടെ. ഉ ള്ള വരുമാനത്തിൽ ചെലവു നിർത്താൻ വീട്ടമ്മമാർ നടത്തുന്ന ‘മണി മാനേജ്മെന്റിനെ’ കുറിച്ചു സംസാരിക്കാം.

നിത്യോപയോഗ സാധനങ്ങൾ, പെട്രോൾ, ഗ്യാസ്, പച്ചക്കറി തുടങ്ങി മിക്ക സാധനങ്ങൾക്കും വലിയ വിലക്കയറ്റമാണുണ്ടായത്. ഉള്ള വരുമാനത്തിൽ ഞെരുങ്ങി ജീവിക്കുമ്പോൾ വിലക്കയറ്റം നേരിടാൻ അവർ എന്തു മാജിക്കാണു കാണിക്കുന്നതെന്നു കേട്ടാലോ?

വെള്ളംകുടി മുട്ടില്ല

നിത്യോപയോഗ സാധനങ്ങൾക്കു വില കൂടുമ്പോൾ ചിലതൊക്കെ വേണ്ടെന്നു വ യ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.

പക്ഷേ, വെള്ളം പോലെ ഒഴിവാക്കാനാകാത്തവയുമുണ്ടല്ലോ. വെള്ളത്തിനു വില കൂടിയെങ്കിലും അതു മാനേജ് ചെയ്യാൻ സ്വന്തം വഴികളിലൂടെ ശ്രമിക്കുകയാണു തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് റസിഡൻഷൽ സ്കൂളിലെ അധ്യാപികയായ സുനു ജോസ്. ‘‘വീട്ടിൽ കിണറുള്ളവർക്കു വലിയ പ്രശ്നമുണ്ടാകില്ല. പക്ഷേ, പൈപ് കണക്‌ഷൻ മാത്രമുള്ള നഗരത്തിന്റെ കാര്യം അങ്ങനെയല്ലല്ലോ. ടാപ് തുറന്നിട്ടു പല്ലു തേക്കുന്നതും ഷവറിലെ കുളിയും കണക്കിൽപ്പെടാതെ വെള്ളം ഒഴുക്കികളയും. വെള്ളം എങ്ങനെ ബുദ്ധിപൂർവം ഉപയോഗിക്കാമെന്നു ചിന്തിച്ചു വീട്ടിൽ പുതിയ ജലനയം നടപ്പാക്കി. കപ്പിൽ വെള്ളം പിടിച്ചു വച്ചു പല്ലു തേക്കാനും ബക്കറ്റിൽ വെള്ളം പിടിച്ചു വച്ചു കുളിക്കാനും മക്കളെ ശീലിപ്പിച്ചു. അ വരോടു വെള്ളം കുറച്ചുപയോഗിക്കാൻ പറയുമ്പോൾ നമ്മളും അതു പ്രയോഗിച്ചു കാണിക്കണമല്ലോ. അടുക്കളയിലെ പാത്രം കഴുകൽ വെള്ളം പിടിച്ചു വച്ച് ആക്കി. സുനുവിന്റെ ഈ ടിപ്പിനു സഹപ്രവർത്തകരായ അനു മാത്യുവും ആനി പ്രിയയും നൂറിൽ നൂറു മാർക്കിട്ടു.

ദിവസവുമുള്ള തുണി അലക്ക് രണ്ടു ദിവസത്തിൽ ഒരിക്കലാക്കിയാണ് അനു വെള്ളത്തെ കൈപ്പിടിയിലാക്കിയത്. ‘‘അധികം മുഷിയാത്ത വസ്ത്രങ്ങളും അഴുക്കു പിടിച്ച വസ്ത്രങ്ങളും തരം തിരിക്കും. മുഷിഞ്ഞവ ഒന്നിടവിട്ട ദിവസങ്ങളിൽ അലക്കും. അധികം മുഷിയാത്തവ ഒന്നിച്ച് ആഴ്ചയിലൊരിക്കലും. അടുക്കളയി ൽ മീനും ഇറച്ചിയും പച്ചക്കറികളുമൊക്കെ കഴുകുന്ന വെള്ളം കൊണ്ടു ചെടി നനച്ചാണ് ആ നി വാട്ടർ ബില്ലിനെ കൂളാക്കിയത്.

പെട്രോൾ പൊള്ളില്ല

തൃശൂർ വാണിയംപാറയിലെ യുവസംരംഭകയായ വിൻസിക്ക് ചെടികളുടെ വിൽപനയ്ക്കും മറ്റുമായി രണ്ടുമൂന്നു വണ്ടികളുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പെട്രോൾ വിലയിൽ കുതിച്ചുചാട്ടം വന്നതോടെ കാര്യങ്ങൾ അൽപം പാളം തെറ്റിയെങ്കിലും വിദഗ്ധമായി തന്നെ വിൻസി അതു മാനേജ് ചെയ്തു. ‘‘വളവും കാർഷിക ഉപകരണങ്ങളും അനുബന്ധ വസ്തുക്കളുമൊക്കെയായി നമ്മൾ എന്തു വാങ്ങിയാലും ഓരോ വട്ടവും വില കൂടും. പക്ഷേ, നമുക്കു വിൽക്കാനുള്ള ഉത്പന്നത്തിനു വില ഇല്ല.

തെങ്ങും കവുങ്ങും കൃഷിയുമൊക്കെ വലിയ പരുക്കില്ലാതെ പോകുന്നതിനിടെയാണ് കോവിഡ് വന്നത്. അതോടെ ഓൺലൈനായി വിൽപന ലക്ഷ്യമിട്ട് ആ മ്പൽ വച്ചുപിടിപ്പിച്ചു. ലോക്ഡൗൺ മാറി നേരിട്ടു വിൽപന തുടങ്ങിയപ്പോഴാണു പെട്രോൾ വില തിരിച്ചടിയായത്. പക്ഷേ, അതിനു പരിഹാരവും കണ്ടെത്തി.

ഒരേ റൂട്ടിലേക്കുള്ള ഓർഡറുകളെല്ലാം ഒറ്റ വണ്ടിയിൽ ഒരു ദിവസം തന്നെ കൊടുക്കും. പല വട്ടം വണ്ടിയോടിച്ചു ചെലവു കൂട്ടേണ്ടല്ലോ.’’ സ്വന്തം വണ്ടിയിൽ ഓഫിസിലേക്കു വരുന്നവർക്കും വിൻസിയുടെ ഈ ഐഡിയ പ്രായോഗികമാക്കാം. ഒരു റൂട്ടിൽ നിന്നു വരുന്നവർ ചേർന്നു പൂൾ ആയി വാഹനം ഉപയോഗിച്ചാൽ പെട്രോളിനുള്ള ചെലവിൽ മാസബജറ്റിൽ നല്ലൊരു തുക മിച്ചം പിടിക്കാമല്ലോ.

price-hike-1 സുനു, അനു, ആനി (ഇടത്ത്) സി വിൻസി

അരിവില ഇങ്ങനെ പോയാൽ

കനത്ത തക്കാളി ക്ഷാമം തുടരുന്നതിനാലും വിലക്കയറ്റം രൂക്ഷമായതിനാലും ബ്രിട്ടനിലെ ഇറ്റാലിയൻ റെസ്റ്റോറന്റുകളിൽ തക്കാളിയില്ലാതെ പീത്‍സ ഉണ്ടാക്കുന്നു എന്ന വാർത്ത കണ്ടത് അടുത്തിടെയാണ്. പീത്‍സയിൽ തക്കാളി ഇല്ലെങ്കിലും കുഴപ്പമില്ല. മലയാളിയുടെ സ്വന്തം സാമ്പാറിൽ തക്കാളിയില്ലാതെ പറ്റുമോ. പച്ചക്കറികൾക്കും പലവ്യഞ്ജനത്തിനും സോപ്പിനും പേ

സ്റ്റിനും വരെ വില റോക്കറ്റു പോലെ കുതിച്ചു കയറുകയാണ്.

കണ്ണൂരിലെ കുറുമാത്തൂരിൽ ജനസേവന കേന്ദ്രം നടത്തുന്ന ജാൻസി ഗോപിക്കും ജ്യോത്സ്നയ്ക്കും വിലക്കയറ്റം പൊല്ലാപ്പായെങ്കിലും അതിനെ പിടിച്ചു നിർത്താനുമറിയാം. ‘‘മുപ്പതും മുപ്പത്തഞ്ചും രൂപയിൽ കിടന്ന അരിയുടെ വില ഇപ്പോൾ അറുപതായില്ലേ. വരുമാനത്തേക്കാൾ ചെലവാണ് കൂടുതൽ.

നിത്യവും ഉപയോഗിക്കേണ്ട സാധനങ്ങളുടെ വിലക്കയറ്റം കാരണം പല ആവശ്യങ്ങൾക്കും പണം തികയാത്ത അവസ്ഥയാണ്. ഗ്യാസിനു സബ്സിഡി ഇല്ലെങ്കിലും അവശ്യസാധനങ്ങൾക്കു സബ്സിഡി കിട്ടുന്ന സപ്ലൈകോ ആണ് ആശ്വാസം. അരിയും മുളകും പയറും പരിപ്പുമൊക്കെ അങ്ങനെ മാസ ബജറ്റിലൊതുക്കും. പലചരക്കും പച്ചക്കറികളും മാത്രമല്ലല്ലോ, പാലും മരുന്നുമൊക്കെ അത്യാവശ്യ സാധനങ്ങളല്ലേ. അവയുടെ വില കൂടുന്നതിനു പരിഹാരമുണ്ടോ?’’ ജാൻസിയുടെ ചോദ്യത്തിന് ആര് ഉ ത്തരം നൽകും?

ഓരോ സീസണിലും വില കുറയുന്ന പച്ചക്കറികളാണു ജാൻസിയുടെ ഡൈനിങ് ടേബിളിലെ താരങ്ങൾ. കാരറ്റും ബീൻസും കാബേജും കത്രിക്കയുമൊക്കെ സീസണനുസരിച്ചു മാറിമാറി വരും. കുട്ടികൾക്കു മടുപ്പില്ലാതിരിക്കാൻ തോരനായും മെഴുക്കു പുരട്ടിയായും ഫ്രൈയായുമൊക്കെ ദിവസവും വേഷം മാറുമെന്നു മാത്രം.

vilakkayattam-3 ചന്ദ്രിക അശോക് (ഇടത്ത്)മേഴ്സി, സംഗീത, സിനി, ഓമന,

കറന്റു പോകില്ല

വെള്ളം പോലെ തന്നെ ഒഴിവാക്കാനാകാത്തതാണു വൈദ്യുതി. പക്ഷേ, ചൂടുകാലം എത്തിയതോടെ ഫാനും എസിയുമൊക്കെയായി ഷോക്കടിക്കുന്ന വൈദ്യുതി ബില്ലാണു വരുന്നത്. രാത്രി മുഴുവനും എസി പ്രവർത്തിപ്പിച്ചാൽ എ ത്ര വൈദ്യുതി ചെലവാകുമെന്ന് അറിയാമോ? ഇതൊക്കെ കൃത്യമായി പഠിച്ചാണ് കോട്ടയം നാട്ടകത്തെ ചന്ദ്രിക പുതുവഴികൾ പരീക്ഷിച്ചത്. ‘‘വൈദ്യുതി ഉപയോഗം കൂടുന്നു എന്നു കണ്ടപ്പോഴേ മറ്റു മാർഗങ്ങൾ ആലോചിച്ചു തുടങ്ങി. എല്ലാ മുറിയിലും എസി പ്രവർത്തിപ്പിക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടു കൊച്ചുമക്കളെ ഒന്നിച്ചു കിടത്തി. പകൽ സമയത്ത് എല്ലാ മുറിയിലും ലൈറ്റും ഫാനും പ്രവർത്തിപ്പിക്കുന്ന രീതിക്കു ‘നിരോധനാജ്ഞ’ പ്രഖ്യാപിച്ചു.

വൈദ്യുത ബിൽ കൂട്ടുന്ന വീട്ടിലെ മറ്റൊരു ഭീകരനാണു ഫ്രിജ്. മഴക്കാലവും തണുപ്പുകാലവും വേനൽക്കാലവുമൊക്കെ മാറുന്നതിനനുസരിച്ചു ഫ്രീസറും ഫ്രിജുമൊക്കെ കമ്പനി നിർദേശിക്കുന്ന താപനിലയിൽ തന്നെ ക്രമീകരിക്കണം. ദിവസവും ഓരോ മണിക്കൂർ ഫ്രിജ് ഓഫാക്കി ഇട്ടാൽ കാര്യമായ നഷ്ടമില്ലെന്നു മാത്രമല്ല, വൈദ്യുതി ബില്ലിൽ നേട്ടവുമുണ്ട്.

വൈദ്യുതി ആവശ്യങ്ങൾ പരിഹരിക്കാൻ സോളറും നല്ല മാർഗമാണ്. ആദ്യഘട്ടമെന്ന നിലയിൽ സോളർ വാട്ടർ ഹീറ്റർ പിടിപ്പിച്ചു. ഊർജക്ഷമത കൂടിയ ഉപകരണങ്ങൾ പിടിപ്പിക്കുന്നതിനും സോളർ പ്ലാന്റും വാട്ടർ ഹീറ്ററുമൊക്കെ സ്ഥാപിക്കുന്നതിനും വലിയ തുക ചെലവാകില്ലേ എ ന്നാണു മിക്കവരും ചോദിക്കുന്നത്. മുടക്കുന്ന തുക നഷ്ടമായി കരുതേണ്ട കാര്യമില്ല. നാലു മുതൽ ആറു വർഷത്തിനകം മുടക്കിയ തുക തിരികെ കിട്ടുമെന്നു മാത്രമല്ല വൈദ്യുത ബില്ലിലും കാര്യമായ മാറ്റമുണ്ടാകുമെന്ന് അനുഭവപാഠം മുൻനിർത്തി ചന്ദ്രിക പറയുന്നു.

ഗ്യാസ് പോകുമോ?

പാചവാതകത്തിന് എന്നും എപ്പോഴും വില കൂടുന്നതു മലയാളിക്കു ശീലമായി കഴിഞ്ഞു. പക്ഷേ, ഗ്യാസിന് എത്ര വി ല കൂടിയാലും കോട്ടയം കലക്ടറേറ്റിൽ ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥയായ ഗീതയ്ക്കു കുലുക്കമേയില്ല. പാചകവാതക വില കൂടി തുടങ്ങിയ കാലത്തു വീട്ടിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച ഗീതയ്ക്ക് ഇപ്പോൾ ഇരട്ടി സന്തോഷമാണ്. ‘‘അത്യാവശ്യം ഉള്ളവ മാത്രം വാങ്ങിയാൽ മ തി എന്നതാണു പോളിസി. എല്ലാം എല്ലാ ദിവസവും വേണ്ടി വരില്ലല്ലോ. പക്ഷേ, ഗ്യാസിനു ഗ്യാസ് തന്നെ വേണ്ടേ. അങ്ങനെയാണു ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്.

ഒരു ദിവസം ഒന്നര മണിക്കൂർ വരെ പാചകം അതിൽ നടക്കും. അപ്പോൾ ഗ്യാസ് മാത്രമല്ല ലാഭം കേട്ടോ. വേസ്റ്റ് മാനേജ്മെന്റും ഈസിയാണ്. സ്ലറി കൊണ്ടു പച്ചക്കറികൾക്കും നല്ല വിളവു കിട്ടുന്നു. അപ്പോൾ ഗ്യാസിന്റെ മാത്രമല്ല പച്ചക്കറിയുടെയും വില നിയന്ത്രിക്കാമെന്നു ഗീത പറയുന്നു.

ഒരു കോവലുണ്ടെങ്കിൽ വർഷം മുഴുവൻ കറി വയ്ക്കാം. കുറച്ചു ചീരയും പച്ചമുളകും വെണ്ടയും തക്കാളിയുമൊക്കെ ആർക്കാണു കൃഷി ചെയ്യാൻ പറ്റാത്തത്. കുറച്ചു കോഴികളുണ്ടെങ്കിൽ മുട്ടയും പച്ചക്കറിക്കുള്ള വളവും റെഡി.

സംരംഭങ്ങൾ നിലനിൽക്കും

പക്ഷേ, ദിവസം ഒന്നര മണിക്കൂർ ബയോഗ്യാസ് കൊണ്ടു തന്റെ ജീവിതം മുന്നോട്ടു പോകില്ലെന്നു പറഞ്ഞാണു ഗ്യാസ് വില വർധനവിനെ കുറിച്ചു ആലപ്പുഴ നൂറനാട്ടെ റുബീന ഷിബു സംസാരിച്ചു തുടങ്ങിയത്. ‘‘കൃഷിയും കാർഷിക ഉത്പന്നങ്ങളുടെ വിപണനവുമൊക്കെയായി ജീവിതച്ചെലവു മുന്നോട്ടു കൊണ്ടുപോകുന്ന ആളാണു ‍ഞാൻ. വീട്ടിലുണ്ടാക്കുന്ന അച്ചാറുകളും മുളകുപൊടിയും ഒക്കെയാണ് സംരംഭകയായി നിലനിർത്തുന്നത്. പക്ഷേ, ഓരോ സാധനത്തിനും തീപിടിച്ച വിലയാണ്. അച്ചാറും മറ്റുമുണ്ടാക്കാൻ ഗ്യാസ് കത്തിക്കാതെ പറ്റുമോ? ഗ്യാസ് വില കൂടി ചേർത്ത് അച്ചാറിനു വിലയിടാനും പറ്റില്ലല്ലോ.

മുളകുപൊടിക്കു മുളകിനേക്കാൾ വില കുറയുമോ എ ന്നു പരസ്യത്തിൽ ചോദിക്കാം. പക്ഷേ, വില കൊടുത്തു വാങ്ങിയ മുളകും മല്ലിയുമൊക്കെ വൃത്തിയായി പൊടിച്ചു പാക്ക് ചെയ്തു വിപണിയിലെത്തിക്കുമ്പോൾ വില കൂടുതലാണെന്നു പറഞ്ഞ് ആളുകൾ മുഖം തിരിക്കും. നമ്മുടെ കഷ്ടപ്പാടിനു പ്രതിഫലം വേണ്ടേ. ലാഭം കുറയുന്നതു ജീവിക്കാനുള്ള അങ്കലാപ്പു കൂട്ടും. അതുകൊണ്ടു തന്നെ ചെലവുകൾ കുറയ്ക്കാനുള്ള വഴികളാണു നോക്കുന്നത്. എളുപ്പം ചൂടുപിടിക്കുന്ന, പാചകസമയം കുറയ്ക്കുന്ന പാത്രങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ചേരുവകളെല്ലാം തയാറാക്കി വച്ച ശേഷമേ അടുപ്പു കത്തിക്കൂ. പാചകത്തിനിടയ്ക്ക് ഉള്ളി അരിയാനും വർത്തമാനം പറയാനും നിന്നാൽ അനാവശ്യമായ ഇന്ധനനഷ്ടം ഉണ്ടാകുമെന്നു പറഞ്ഞു ചിരിച്ചു റുബീന പാചകത്തിലേക്കു തന്നെ തിരിഞ്ഞു.

ഗ്യാസ് വിലയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഉണ്ടെങ്കിലും വിപണിയിലെത്തിക്കുന്ന ഉൽപന്നങ്ങളുടെ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നു തന്നെയാണ് എറണാകുളത്തു ബേക്കറി ബിസിനസ് നടത്തുന്ന സിനി റോഷും ബോർമയിൽ ജോലി ചെയ്യുന്ന ഓമന ഉദയനും സംഗീതയും മേഴ്സി ജോസഫും പറയുന്നത്. ‘‘വാണിജ്യ സിലിണ്ടറിനു വില കൂട്ടുന്നതു പതിവായതോടെ ഹോട്ടലുടമകളുടെയും കാറ്ററിങ് ബിസിനസ് ചെയ്യുന്നവരുടെയുമൊക്കെ ലാഭം കുറഞ്ഞു.

vegitable-price-hike-cover

ബോർമയിൽ നിന്നു ബേക്കറികളിലേക്കു വാഹനങ്ങളിലാണു സാധനങ്ങളെത്തിക്കുന്നത്. അപ്പോൾ പെട്രോൾ വിലയും വില്ലനാകും. പക്ഷേ, ഇതൊന്നും ഉപഭോക്താവിന് ഭാരമാകാതെ നോക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ട്. ഭക്ഷണത്തിന് ഒരു പരിധിയിൽ കൂടുതൽ വില കൂട്ടാനാകില്ല. ഗുണനിലവാരം ഒട്ടും കുറയ്ക്കാനുമാകില്ല.

ചിപ്സ് പോലുള്ള വറപൊരി പലഹാരങ്ങൾക്കായി പഴയ വിറകടുപ്പ് പൊടി തട്ടിയെടുത്തു. പാചക പാത്രങ്ങൾ കരിയും അഴുക്കും കളഞ്ഞു വൃത്തിയാക്കിയേ അടുപ്പിൽ വയ്ക്കൂ. ഇതു പാചകസമയം കുറയ്ക്കുക മാത്രമല്ല, ഇന്ധന ലാഭവും നൽകുമെന്നു സിനി സ്വന്തം അടുക്കളയിൽ പ രീക്ഷിച്ചു വിജയിച്ച പൊടിക്കൈ.

അടുക്കള വഴി വീട്ടുചെലവു കുറയ്ക്കാനുള്ള വഴികൾ ഓമനയ്ക്കും മേഴ്സിക്കും സംഗീതയ്ക്കുമറിയാം. ‘‘പയറും പരിപ്പുമൊക്കെ കുതിർത്ത ശേഷമേ അടുപ്പിൽ കയറ്റൂ. ഭക്ഷണം തിളച്ചു തുടങ്ങുമ്പോൾ സിമ്മിലേക്കു മാറ്റി പാത്രം മൂടി വയ്ക്കും.

തിളയ്ക്കുന്ന ചോറിനു മുകളിൽ വച്ചു പച്ചക്കറി ആവി കയറ്റും, പിന്നീടു പാചകത്തിനു കുറച്ചു ഗ്യാസ് മതിയല്ലോ.’’ അവശ്യസാധനങ്ങൾക്കു വില കൂടിയാലും നമ്മുടെ അടുക്കള പൂട്ടിപ്പോകില്ല എന്ന ഇവരുടെ ചിരിയിലുണ്ട് മലയാളി മാസ്സാണ് എന്ന ആത്മവിശ്വാസം.

രൂപാ ദയാബ്ജി