Wednesday 27 March 2024 04:21 PM IST

‘മോനേ... അച്ഛനിപ്പോൾ വരാം’: ചികിത്സിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടാകാം അച്ഛന്‍ എന്നെ ഉപേക്ഷിച്ചു പോയത്: പ്രസാദിന്റെ അതിജീവനം

Rakhy Raz

Sub Editor

prasad-crisis

‘മോനേ... അച്ഛനിപ്പോൾ വരാം... അതുവരെ ട്രെയിൻ കണ്ട് ഇരുന്നോളൂ.’ അഞ്ചു വയസ്സുകാരൻ പ്രസാദിന് സന്തോഷമായി. ട്രെയിൻ ഒന്നൊന്നായി കടന്നുപോയി. ഉച്ചയായി. വിശപ്പ് കത്തിത്തുടങ്ങി. വൈകുന്നേരമായി കണ്ണുകൾ നിറഞ്ഞു തുളുമ്പി. എന്നിട്ടും അച്ഛൻ വന്നില്ല.

വിശപ്പും സങ്കടവും പകപ്പും കലർന്ന ആ ഭാവം ഇപ്പോഴും പ്രസാദിന്റെ മുഖത്തു മായാതെ കിടക്കുന്നു. കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജിലെ ധനതത്വശാസ്ത്ര പ്രഫസറുടെ നിഴലായി ഇന്നും ആ കുഞ്ഞു പിന്നിൽ നിൽക്കുന്നു.

അച്ഛൻ

‘‘ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ആയിരുന്നു അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. അച്ഛൻ റിക്ഷാ ഡ്രൈവർ. അമ്മ അനിയത്തിയെയും കൊണ്ടു പിരിഞ്ഞുപോയശേഷം അച്ഛന്റെ സംരക്ഷണത്തിലായിരുന്നു ഞാൻ.

വീടിനു തൊട്ടടുത്താണു സ്കൂൾ. ആരും കൊണ്ടുപോയി വിടാനൊന്നും വരാറില്ല. അന്ന് റോഡ് പണി നടക്കുന്ന സമയം. റോഡിലേക്ക് ഇറങ്ങിയതും ചെരുപ്പിൽ ടാർ ഒട്ടിപ്പിടിച്ചു. എനിക്കു നീങ്ങാൻ കഴിയുന്നില്ല. വഴിയാകെ പൊടിപടലം. ഞാൻ നിൽക്കുന്നത് എതിരേ വന്ന ലോറി ഡ്രൈവർ കണ്ടില്ല. വണ്ടി എ ന്നെ ഇടിച്ചുവീഴ്ത്തിയത് ലോറി ഡ്രൈവർക്കു മനസ്സിലായോ? അയാൾ ലോറി ഉപേക്ഷിച്ച് ഇറങ്ങി ഓടി പോയോ? എന്നൊന്നും അറിയില്ല.

ചോരയിൽ കുളിച്ച് ലോറിക്കടിയിൽ നേരത്തോടുനേരം ബോധം കെട്ടു കിടന്നു. ആരും കണ്ടില്ല. ഏറെ നേരത്തിനു ശേഷം ബോധം വന്ന് എഴുന്നേൽക്കുമ്പോൾ കാലുകൾ ചതഞ്ഞരഞ്ഞു റോഡിൽ കിടക്കുകയായിരുന്നു. കയ്യിലെ എല്ലുകൾ പല കഷണങ്ങളായി ഒടിഞ്ഞിരുന്നു. പിന്നത്തെ ഒാർമ ആശുപത്രിയിലേക്ക് ഓട്ടോയിൽ കൊണ്ടുപോകുന്നതാണ്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എന്നെ ചികിത്സിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാകാം അച്ഛൻ അന്നുറെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു പോയത്. അങ്ങനെയാണെങ്കിലും പരാതിയൊന്നുമില്ല. അഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ അച്ഛന്റെയോ അമ്മയുടെയോ പേരോ മുഖമോ കൃത്യമായി ഓർക്കുന്നില്ല. എന്തിനാണ് അവർ പിരിഞ്ഞത് എന്നും അറിയില്ല.

റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്കിരുന്നു തളർന്നപ്പോൾ മുന്നിൽ കണ്ട ട്രെയിനിൽ കയറിക്കിടന്നുറങ്ങി. ഉണരുമ്പോൾ ചെന്നൈയിലായിരുന്നു. കൂടെയാരുമില്ലാതെ നടക്കുന്ന കുഞ്ഞിനെ കണ്ട് ഇഡ്ഡലിയും ദോശയും വിൽക്കുന്ന അമ്മമാർ വയർ നിറയെ ഭക്ഷണം തന്നു. വീണ്ടും മറ്റൊരു ട്രെയിനിൽ കയറിക്കിടന്നു. ആ ട്രെയിൻ വന്നു ചേർന്നതു കോഴിക്കോട്ട്. എന്തു ചെയ്യണം എന്നറിയാതെ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ സുമുഖനായൊരാൾ അടുത്തേക്കു നടന്നു വന്നു.

രക്ഷകൻ

അപകടത്തിന്റെ മുറിവുകൾ ഉണങ്ങുന്നതേയുള്ളൂ. കൈകൾ തിരിഞ്ഞ അവസ്ഥയിലാണ്. ഒറ്റക്കാലിൽ ചാടിയും ഏന്തിയുമാണ് നടപ്പ്. അടുത്തെത്തിയ മനുഷ്യൻ ഡോ. ല ത്തീഫായിരുന്നു. അദ്ദേഹവും ഭാര്യ ഡോ. ലില്ലിയും ചേർന്ന് അവർ ജോലി ചെയ്യുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ എന്നെ അഡ്മിറ്റ് ചെയ്തു. ആറു മാസം അവിടെ ചികിത്സയിൽ കഴിഞ്ഞു. ഖദീജ എന്നു പേരുള്ള നഴ്സ് അന്നെന്നെ അമ്മയെപ്പോലെ പരിചരിച്ചു. ചികിത്സയ്ക്കു ശേഷം ലത്തീഫ് – ലില്ലി ദമ്പതികൾ മുൻകയ്യെടുത്തു തലശ്ശേരി അ തിരൂപതയുടെ കീഴിലുള്ള ബാലഭവനിലാക്കി.

അനാഥരായ കുട്ടികളും പാവപ്പെട്ട മാതാപിതാക്കൾ മ ക്കളെ വളർത്താൻ സാധിക്കാതെ വരുമ്പോൾ ഏൽപ്പിക്കുന്ന കുട്ടികളും അവിടെയുണ്ടായിരുന്നു. ആർച്ച് ബിഷപ്പ് ആ യിരുന്ന മാർ ജോർജ് വലിയമറ്റത്തിന്റെയും മറ്റു വൈദികരുടെയും തുണയിൽ പഠിച്ചു.

ഒന്നു തൊട്ടു പത്തുവരെ അവിടെ നിന്നാണു പഠിച്ചത്. അവധിക്കാലത്തു ഡോ. ലത്തീഫും ഡോ. ലില്ലിയും വന്ന് അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകും. അവരുടെ മക്കളോടൊപ്പം സന്തോഷപൂർവം അവധിക്കാലം കഴിച്ചു കൂട്ടും. അവരുടെ മക്കൾ രണ്ടു പേരും ഇന്നു ഡോക്ടർമാരാണ്. ലത്തീഫ് ഡോക്ടർ മരിച്ചു. ലില്ലി ഡോക്ടറെയും മക്കളെയും സൗകര്യപ്പെടുമ്പോഴൊക്കെ പോയി കാണും.

വിദ്യാഭ്യാസം

ഒന്നാം ക്ലാസ് മുതൽ തന്നെ നന്നായി പഠിക്കുമായിരുന്നു. മുന്നേറാനുള്ള ഏകമാർഗം വിദ്യാഭ്യാസം ആണെന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല അന്ന്. എങ്കിലും ഏകാഗ്രത വിടാതെ വാശിയോടെ പഠിച്ചു. ബാലഭവന് അടുത്തുള്ള സെന്റ് ജോസഫ്സ് യുപി സ്കൂളിലേക്ക് ഞാനും കൂടെയുള്ള കുട്ടികളും നടന്നു പോയാണു പഠിച്ചിരുന്നത്. പത്താം ക്ലാസ് ഡിസ്റ്റിങ്ഷനോടെ പാസ്സായി.

പത്താം ക്ലാസ് കഴിഞ്ഞ കുട്ടികളെ ബാലഭവനിൽ നിൽക്കാൻ അനുവദിക്കാറില്ല. എന്നെ സ്പെഷൽ കേസ് ആയി പരിഗണിച്ച് അച്ചന്മാരുടെ കൂടെ പള്ളിമേടയിൽ കഴിയാൻ അനുവദിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോളജിലായിരുന്നു പ്രീഡിഗ്രി. സെക്കൻഡ് ഗ്രൂപ്പ് പഠിക്കാനായിരുന്നു ഇ ഷ്ടം. ഈ കൈകൊണ്ട് പ്രാക്റ്റിക്കൽസ് ചെയ്യുക സാധ്യമല്ലാത്തതു കൊണ്ട് തേഡ് ഗ്രൂപ്പെടുത്തു.

പിഡിസി കഴിഞ്ഞ ശേഷമുള്ള രണ്ടു മാസത്തെ അവധിക്കാലത്തു ചെന്നൈയിൽ ചെറിയൊരു കമ്പനിയിൽ ക്ലർക് ആയി ജോലി സമ്പാദിച്ചെങ്കിലും കൂടുതൽ പഠിക്കണമെന്ന ആഗ്രഹത്താൽ തിരികെയെത്തി. അച്ചനോടു തുട ർന്നു പഠിക്കാൻ സഹായിക്കാമോ എന്നഭ്യർഥിച്ചു. അച്ചൻ സമ്മതിച്ചു.

ലത്തീഫ് ഡോക്ടറുടെ സഹായവും ഉണ്ടായിരുന്നു. നിർമലഗിരി കോളജിൽ നിന്നു ഡിഗ്രി പാസ്സായി. കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ ബിഎഡിന് അപേക്ഷിച്ചെങ്കിലും അഡ്മിഷൻ ലഭിച്ചില്ല. കാരണമറിയാനായി കാലടിക്ക് പുറപ്പെട്ടു. വൈസ് ചാൻസലറെ കണ്ടു. എന്റെ കഥ കേട്ട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. ഉടൻ തന്നെ സ്പെഷൽ സീറ്റ് അനുവദിച്ചു തന്നു. ബിഎഡിന് കിട്ടിയതറിഞ്ഞു പഠനചെലവ് ഏറ്റെടുക്കാൻ അതിരൂപത തയാറായി.

ബിഎഡിന് ശേഷം എംപ്ലോയ്മെന്റ് മുഖേന എൽഡി ക്ലർക്ക് ആയിട്ട് ആറു മാസം ഹൗസിങ് ബോർഡിൽ ജോലി ചെയ്തു. അതേസമയം നല്ലൊരു ജോലിക്കായി കണ്ണൂർ ക ലക്ട്രേറ്റിൽ സമരം ചെയ്തു.

prasad-2

പല വിധ സംവരണങ്ങൾ ഇവിടെയുണ്ട്. അനാഥരായ വ്യക്തികൾക്ക് ഒരുവിധ സംരക്ഷണമോ സർക്കാർ സഹായമോ ലഭിക്കാറില്ല. സമരത്തിന്റെ ഫലമായി ജോലി നൽകാൻ കലക്ടർ ഉത്തരവിട്ടു, ജോലി ലഭിക്കാൻ വൈകുമെന്നതിനാൽ അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ താൽക്കാലിക ജോലി നൽകാമോയെന്നു ചോദിച്ച് അപേക്ഷ നൽകി. അതനുസരിച്ചു സഭയുടെ സ്കൂളുകളിൽ ലീ വ് വേക്കൻസിയിൽ ജോലി ചെയ്തു തുടങ്ങി. 2004 ൽ നെ ല്ലിക്കുറ്റി സ്കൂളിൽ സ്ഥിര ജോലിയായി.

2003 ലായിരുന്നു സലോമിയുമായുള്ള വിവാഹം. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടപ്പോൾ മാതാപിതാക്കളോടു കാര്യം പറയുകയായിരുന്നു. സലോമിയുടെ വീട്ടുകാർ എതിരൊന്നും പറഞ്ഞില്ല. ഞങ്ങൾക്കു രണ്ടു കുട്ടികൾ. മകൻ ലിയോ ബെംഗളൂരുവിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥി, മകൾ ലിയ എട്ടാം ക്ലാസിൽ.

2006 ൽ ആണ് സമരം ചെയ്തതിന്റെ ഫലമായി വാഗ്ദാനം ചെയ്യപ്പെട്ട ജോലി ലഭിക്കുന്നത്. ഗവൺമെന്റ് സർവീസി ൽ യുപി സ്കൂളിൽ. ജോലിയോടൊപ്പം മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വിദൂര വിദ്യാഭ്യാസ കോഴ്സിലൂടെ ഇക്കണോമിക്സിൽ പോസ്റ്റ് ഗ്രാജുവേഷൻ നേടി.

ജീവിതം

2007ൽ പ്ലസ്‌ടു അധ്യാപന യോഗ്യതയായ സെറ്റ് പാസായി.

2014 ൽ കോളജ് അധ്യാപന യോഗ്യതയായ നെറ്റും ആദ്യശ്രമത്തിൽ തന്നെ നേടി. യുപി സ്കൂൾ ജോലി വിട്ട് പ്ലസ് ടു അധ്യാപകനായി. 2016 ലാണു കോളജ് അധ്യാപകനാകുന്നത്.’’ കണ്ണൂർ പള്ളിക്കുന്ന് വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ വനിതാ കോളജിൽ ഇക്കണോമിക്സ് ഡിപ്പാർട്മെന്റിൽ പ്രഫസറാണ് ഇപ്പോൾ പ്രസാദ്. വിജയമധുരങ്ങളുടെ മേൽ അതിമധുരമെന്നതു പോലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംസ്ഥാന നാഷനൽ സർവീസ് സ്കീമിന്റെ മികച്ച പ്രോഗ്രാം ഓഫിസർ പുരസ്കാരവും പ്രസാദിനെ തേടിയെത്തി.

‘വിജയം’ എന്നാണ് പ്രസാദ് സാറിന്റെ ജീവിതത്തെ ആളുകൾ വിലയിരുത്തുന്നതെങ്കിലും വലിയൊരു സങ്കടത്തിനുമേലാണു തന്റെ ജീവിതം ഉയർന്നു നിൽക്കുന്നതെന്ന തിരിച്ചറിവു പ്രസാദിനുണ്ട്.

ഓർത്താൽ ഇപ്പോഴും ഹൃദയത്തിന്റെ അരികുകളിൽ ചോര പൊടിയും. അതുകൊണ്ടാണ് ഇപ്പോഴും ആരെ പരിചയപ്പെട്ടാലും പ്രസാദ് സർ ആദ്യം ചോദിക്കുന്നത്, ‘ഭക്ഷണം കഴിച്ചല്ലോ അല്ലേ?’എന്ന്.

‘‘അനാഥനായാണു വളർന്നതെങ്കിലും ഇത്രയും നാ ൾ ഉള്ളതിനെക്കാൾ അനാഥത്വം എനിക്കു തോന്നുന്നത് ഇപ്പോഴാണ്. എന്റെ മക്കൾക്ക് എന്റെ മാതാപിതാക്കളുടെ സ്നേഹം കിട്ടുന്നില്ലല്ലോ എന്നോർക്കുമ്പോൾ...’’ നേർത്ത ചിരിയോടെയാണ് ഇതു പറഞ്ഞതെങ്കിലും ആ മുഖം കണ്ടാൽ അറിയാം, എന്തൊരു വേദനയാണ് ആ മനുഷ്യൻ ഒരു ചെറുചിരിക്കുള്ളിൽ മറയ്ക്കുന്നതെന്ന്. അതൊക്കെ മറന്നു മുന്നോട്ടു പോകാനുള്ള ശ്രമമാണ് ആ ചിരിയിൽ നിറയെ. പക്ഷേ, അതിനൊപ്പമുണ്ട് എങ്ങനെ മറക്കുമെന്നറിയാത്ത ഒരു മനുഷ്യന്റെ സങ്കടം.

രാഖി റാസ്

ഫോട്ടോ: അരുൺ പയ്യടിമീത്തൽ