ശിവവാസു ഇലക്ട്രോണിക്‌സിന് ഐഎസ്ആര്‍ഒയുടെ കരാർ ലഭിച്ച വിവരം രാധാംബിക ആദ്യം പറഞ്ഞത് അച്ഛന്‍ പരമേശ്വരൻ പിള്ളയോടും അമ്മ സരോജിനി അമ്മയോടുമാണ്. അപ്പോൾ ആ മുഖങ്ങളിൽ വിരിഞ്ഞ ചിരി അത്രകാലം അവരിലുണ്ടായിരുന്ന പലവിധ ആധികളുടെ ഒഴിഞ്ഞു പോകല്‍ കൂടിയായിരുന്നു...
‘ഈ വയ്യാത്ത കാലും വച്ച് ഇവളെന്തു ചെയ്യാനാ...?’ എന്നു പരിഹസിച്ചവർക്കും കളിയാക്കിയവര്‍ക്കുമുള്ള രാധാംബികയുടെ ആദ്യ മറുപടിയായിരുന്നു ആ നേട്ടം. പിന്നീട് തൊഴിൽ ദാതാവായും ദേശീയ–സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സംരംഭകയായുമൊക്കെ ആത്മവിശ്വാസത്തിലും വിശ്വാസ്യതയിലും ചുവടുറപ്പിച്ചു നിന്ന നാല് പതിറ്റാണ്ടുകൾ...
രണ്ടാം വയസില്‍ തന്നെ തളര്‍ത്തിയ പോളിയോയെ, അതു സമ്മാനിച്ച ശാരീരിക വെല്ലുവിളികളെ സധൈര്യം നേരിട്ട് ജീവിതവിജയത്തിന്റെ പടവുകൾ കരുത്തോടെ ചവിട്ടിക്കയറിയ രാധാംബികയുടെ കഥ പ്രചോദനം മാത്രമല്ല, ഒരു അടയാളപ്പെടുത്തൽ കൂടിയാണ്: അസാധ്യമല്ല ഒന്നും, മനസ്സുറപ്പുണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും കടന്നു കുതിക്കാം എന്നതിന്റെ...
തിരുവനന്തപുരം പേരൂര്‍ക്കടയിലെ ശിവവാസു ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനവും നാല് പതിറ്റാണ്ടുകളിലായി അതു സ്വന്തമാക്കിയ നേട്ടങ്ങളും, കളിയാക്കലുകള്‍ക്കും കുത്തുവാക്കുകള്‍ക്കുമിടയിൽ രാധാംബിക കണ്ട വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്. വാശിയോടെ പൊരുതിക്കയറിയതിന്റെ വിജയമുദ്രയാണ്...
തിരുവനന്തപുരം അമ്പലത്തില്‍വീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെയും സരോജിനി അമ്മയുടെയും ഏഴു മക്കളില്‍ ആറാമത്തെയാളായാണ് രാധാംബികയുടെ ജനനം. രണ്ടാം വയസില്‍ ഒരു സാധാരണ പനിയുടെ രൂപത്തിലെത്തിയ പോളിയോയാണ് ആ ജീവിതം മാറ്റിമറിച്ചത്. രോഗം ആ കുഞ്ഞു ശരീരത്തെ തളര്‍ത്തി. ജീവന്‍ മാത്രം തുടിക്കുന്ന മകളുടെ പിഞ്ച് ശരീരവുമായി അച്ഛനും അമ്മയും കയറിയിറങ്ങാത്ത ആശുപത്രികളില്ല. പരീക്ഷിക്കാത്ത മരുന്നുകളില്ല. അവയിൽ ചിലതൊക്കെ ഫലം കണ്ടു. കുട്ടി കയ്യും കാലും അനക്കിത്തുടങ്ങി. ചികിത്സ മുന്നോട്ടു പോകുന്തോറും ശരീരം മരുന്നുകളോട് മെല്ലെ മെല്ലെ പ്രതികരിച്ചു. ഒടുവിൽ എഴുന്നേറ്റു നടക്കാം എന്നായെങ്കിലും വലതു കാല്‍ പിണങ്ങി നിന്നു. ആ പിണക്കം ഇപ്പോഴും മാറിയിട്ടുമില്ല. അഞ്ചാമത്തെ വയസില്‍ രാധാംബികയെ സ്‌കൂളില്‍ ചേര്‍ത്തു. അച്ഛന്റെയോ അമ്മയുടേയോ തോളിലിരുന്നായിരുന്നു സ്‌കൂളിലേക്കുള്ള പോക്കും വരവും. സ്വയം നടക്കാറായപ്പോള്‍ പരസഹായമില്ലാതെ പോയി വരാൻ തുടങ്ങി. പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് സ്‌കൂളിലേക്ക് എത്തിച്ചിരുന്നതെങ്കിലും കുട്ടികളുടെ പരിഹാസവും ഇരട്ടപ്പേര് വിളിക്കലുമൊക്കെ മനസ്സിനെ നോവിച്ചു. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ പഠിത്തം നിര്‍ത്തിയാലോ എന്ന് ആലോചിച്ചതാണ്. കോളജിലൊക്കെ പോയാല്‍ വീണ്ടും കളിയാക്കലുകൾ കേള്‍ക്കണമല്ലോ എന്നായിരുന്നു ഭയം. എന്നാൽ തങ്ങളുടെ കാലം കഴിഞ്ഞാല്‍ മകൾക്ക് ആരുണ്ടാകുമെന്ന അച്ഛന്റെയും അമ്മയുടേയും വിഷമം മനസിലാക്കിയതോടെ രാധാംബിക തന്നെ തോൽപ്പിക്കാൻ ശ്രമിച്ച വിധിയോട് തിരികെ പൊരുതാൻ തീരുമാനിച്ചു. അങ്ങനെയാണ് നാലാഞ്ചിറയിലെ ‘വൊക്കേഷണൽ റീഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഫിസിക്കലി ചലഞ്ച്ഡ് (വിആര്‍സി)’ എന്ന സ്ഥാപനത്തില്‍ എത്തിയത്. അവിടെ ഇലക്ട്രോണിക്‌സ് ട്രേഡ് എടുത്തു പഠിച്ചു. ഭിന്നശേഷിക്കാരായ ധാരാളം കുട്ടികള്‍ പഠിച്ചിരുന്ന ആ സ്ഥാപനമാണ് രാധാംബികയുടെ ജീവിതവിജയത്തിന്റെ ആദ്യ പടി.

ലോകാരോഗ്യ സംഘടന ആദ്യമായി ലോക ഭിന്നശേഷി വര്‍ഷമായി ആചരിച്ച 1981- 82 രാധാംബികയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി പൊതുമേഖലാ സ്ഥാപനങ്ങളിലുള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്ക് തൊഴിലധിഷ്ഠിത പരിശീലം നല്‍കാൻ നിര്‍ദേശിച്ചതും ആ വർഷമായിരുന്നു.
അങ്ങനെ വിആര്‍സിയില്‍ നിന്ന് പരിശീലനം നേടിയ 7പേരെ തുടര്‍പരീശിലനത്തിനായി ഐഎസ്ആര്‍ഒയിലേക്ക് അയച്ചു. അവരില്‍ ഒരാള്‍ രാധാംബികയായിരുന്നു. ആറു മാസത്തെ പരിശീലനത്തിനൊടുവില്‍ നടത്തിയ പരീക്ഷയിൽ ഒന്നാമതായി വിജയിച്ചതോടെ ഐഎസ്ആര്‍ഒയില്‍ നിന്നുള്ള കരാറുകൾ രാധാംബികയ്ക്കു നല്‍കാന്‍ തീരുമാനവുമായി.
കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ ചെറിയൊരു പേടിയുണ്ടായിരുന്നുവെന്ന് രാധാംബിക പറയുന്നു. കാരണം അത്രമാത്രം ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും വേണം ഈ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യാൻ. അക്കാലത്ത് ഐഎസ്ആര്‍ഒയില്‍ ഉണ്ടായിരുന്ന ഡോ. ഗുപ്തയും ഡോ. കുല്‍ക്കര്‍ണിയും രാധാംബികയ്ക്ക് ധൈര്യം പകർന്നു. അങ്ങനെ 1983 മുതല്‍ ശിവവാസു ഇലക്ട്രോണിക്‌സിന് ഐഎസ്ആര്‍ഒയുടെ പ്രോജക്ടുകളുടെ ഭാഗമായി.
1983ലാണ് തിരുവനന്തപുരം പേരൂര്‍ക്കട അമ്പലമുക്കില്‍ ശിവവാസു ഇലക്ട്രോണിക്‌സ് ആരംഭിച്ചത്. വീടിന്റെ ഒരു ഭാഗത്തു തന്നെയായിരുന്നു ഒാഫീസും. പിന്നീട് പടിപടിയായായുള്ള വളച്ച. 40 വര്‍ഷം മുന്‍പ് വെറും ഏഴു പേരുമായി ആരംഭിച്ച ശിവവാസു ഇലക്ട്രോണിക്‌സില്‍ ഇന്ന് 150 ജീവനക്കാരുണ്ട്. അതില്‍ ഇരുപതോളം പേര്‍ ഭിന്നശേഷിക്കാര്‍. ബി.ടെക്, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവരാണ് കൂടുതലും.
ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഹാര്‍വെയര്‍ കംപോണന്റ് ആയ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് (പിസിബി), വയറിംഗ്, അസംബ്ലിംഗ്, ടെസ്റ്റിംഗ്, ഹാര്‍നെസിംഗ് എന്നീ പ്രവര്‍ത്തനങ്ങളാണ് ശിവവാസുവിൽ നടക്കുന്നത്. എസ്എല്‍വി (സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍), എഎസ്എല്‍വി (ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍), പിഎസ്എല്‍വി (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍), ജിഎസ്എല്‍വി (ജിയോ സിങ്ക്രോണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍), ചന്ദ്രയാന്‍, മംഗള്‍യാന്‍ തുടങ്ങി 1983 മുതല്‍ ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ നടന്ന എല്ലാ ഉപഗ്രഹ വിക്ഷേപണത്തിലും ശിവവാസുവിന്റെ പങ്കുണ്ട്.
ചികിത്സയ്ക്കും സ്വന്തം ആവശ്യങ്ങള്‍ക്കും പണമില്ലാതെ ബുദ്ധിമുട്ടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തുണയാകുക എന്ന ഉദ്ദേശ്യത്തോടെ പല പ്രവർത്തനങ്ങളും ശിവവാസു തുടങ്ങിവച്ചു. അവിടെയും പെണ്‍കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തിനായിരുന്നു പ്രാധാന്യം. തനിക്ക് വിആര്‍സിയും ഐഎസ്ആര്‍ഒയും ഒരവസരം തന്നതുകൊണ്ടാണ് ഇന്നിവിടെ എത്തി നിൽക്കുന്നത്. തനിക്കു സാധിച്ചെങ്കില്‍ അത് മറ്റുള്ളവര്‍ക്കും സാധിക്കും. അപ്പോള്‍ അവര്‍ക്കു വേണ്ടത് ഒരവസരം മാത്രമാണ്. അതു ശിവവാസുവിലൂടെ നല്‍കുന്നു എന്നാണ് രാധാംബിക പറയുന്നത്.

വിആര്‍സിയില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഒരു വര്‍ഷം ഐഎസ്ആര്‍ഒ നിര്‍ദേശിക്കുന്ന മാതൃകയിലുള്ള പരിശീലനം ശിവവാസു നല്‍കും. പരിശീലന കാലത്ത് സ്റ്റൈപന്റും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും കൊടുക്കും. മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവരിൽ നിന്നു തെരഞ്ഞെടുക്കുന്ന കുട്ടികളെ ഐഎസ്ആര്‍ഒയുടെ 15 ദിവസത്തെ പരിശീലനത്തിനു വിടും. ഇതു വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രമേ ഐഎസ്ആര്‍ഒ പ്രോജക്ടിന്റെ ഭാഗമാകാന്‍ സാധിക്കുകയുള്ളു.
ഭര്‍ത്താവ് മുരളീധരന്‍ നായരും മക്കൾ ശ്രീവിനായകും ശ്രീരശ്മിയുമാണ് രാധാംബികയുടെ ധൈര്യം. ശ്രീവിനായകും ശ്രീരശ്മിയും ഇപ്പോള്‍ ശിവവാസുവിന്റെ നടത്തിപ്പിൽ അമ്മയ്‌ക്കൊപ്പമുണ്ട്. മുരളീധരന്‍ നായര്‍ കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു.