കോഴിക്കോട് പന്തീരാങ്കാവിലെ ഗാർഹിക പീഡന കേസിൽ പ്രതിയായ രാഹുൽ പി ഗോപാൽ വിവാഹത്തട്ടിപ്പു വീരനാണെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം ശരിവക്കുന്ന വാക്കുകളാണ് രാഹുലിന്റെ അമ്മ പറഞ്ഞത്. മുന്‍പ് കണ്ട ഈരാറ്റുപേട്ടയിലെ കുട്ടിയെ ആണ് ഇഷ്ടപ്പെട്ടതെന്നും വാക്കു കൊടുത്തെന്നും നിശ്ചയം നടത്താന്‍ പറഞ്ഞെന്നും അമ്മ പറയുന്നു. മകനെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം കള്ളമാണെന്നും ജര്‍മന്‍ പൗരനാണെന്നും ഇവര്‍ പറയുന്നു.
അതേസമയം ഈരാറ്റുപേട്ടയിലെ കുട്ടിയെ വിവാഹം ചെയ്ത് കുറച്ചു ദിവസം ഒപ്പം താമസിച്ചെന്നും പറവൂരിലെ കുട്ടിയുടെ പിതാവ് പറയുന്നു. പിന്നീട് ആ ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടിയും കുടുംബവും പിന്‍മാറി. എന്നാല്‍ ആ കുട്ടിയുമായി വിവാഹമോചനം നടത്താതെയാണ് തന്റെ മകളെ വിവാഹം ചെയ്തതെന്നും അച്ഛന്‍ ആരോപിക്കുന്നു.
വിവാഹനിശ്ചയത്തിനുശേഷം അവസാന നിമിഷമാണ് ഈരാറ്റുപേട്ടയിലെ പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറിയത്. തുടർന്നാണ് പറവൂരിലെ കുട്ടിയുമായി വിവാഹം ആലോചിച്ചതും ഉറപ്പിച്ചതും. സ്ത്രീധന പീഡനം പെൺകുട്ടിയുടെ വീട്ടുകാർ ഉണ്ടാക്കുന്ന കഥയാണെന്നും മകൻ ജർമൻ പൗരൻ ആണെന്നും അമ്മ പറഞ്ഞു. എന്നാൽ രാഹുൽ മുൻപ് വിവാഹവും വിവാഹനിശ്ചയങ്ങളും നടത്തിയെന്ന് പെൺകുട്ടിയുടെ അച്ഛൻ ഹരിദാസ് ആരോപിച്ചു. വിവാഹിതനായ പ്രതി വിവാഹമോചനം നടത്താതെ തന്റെ മകളെ ഭാര്യയാക്കി.
കേസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടി. കേസിലെ പൊലീസ് വീഴ്ചക്കെതിരെ യൂത്ത് കോൺഗ്രസ് പന്തിരങ്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അതിനിടെ പന്തീരങ്കാവിലെ വീട്ടിലെത്തി പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ബംഗളൂരുവിലേക്ക് റോഡ് മാർഗ്ഗം എത്തിയ രാഹുൽ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിക്കുകയാണ്.