ADVERTISEMENT

വിദ്യാഭ്യാസം ജീവിതത്തിനുള്ള തയാറെടുപ്പല്ല, വിദ്യാഭ്യാസം തന്നെയാണു ജീവിതം’- ഈ വാക്കുകൾ ഡോ. രാജഗോപാൽ കെ. നായരെ സംബന്ധിച്ചിടത്തോളം അക്ഷരം പ്രതി ശരിയാണ്. അല്ലെങ്കിൽ 70–ാം വയസ്സിലും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കംപ്യൂട്ടർ സയൻസ് വകുപ്പിലെ എംടെക് ക്ലാസിൽ കൊച്ചുമക്കളുടെ പ്രായത്തിലുള്ള കുട്ടികൾക്കൊപ്പം പഠിക്കാൻ എത്തില്ലല്ലോ? ക്ലാസിലേക്കു കോളജ് കുമാരനെപ്പോലെ ബാഗും തൂക്കി കയറിവന്ന രാജഗോപാൽനായരോട് ഇതിന്റെ ആവശ്യമുണ്ടോയെന്നു സഹപാഠികളും ചോദിച്ചു. അറിവു നേടുന്നതിനു പ്രായം കടമ്പയല്ലല്ലോയെന്ന് രാജഗോപാൽ. ഇപ്പോൾ അവരും രാജഗോപാലും ‘കട്ട’ ചങ്ങാതിമാരാണ്. 

1970ൽ പ്രീഡിഗ്രി പാസായ ശേഷം ദേശമംഗലത്തു നിന്നു തുടങ്ങിയതാണു ജീവിതവും തൊഴിലും കൂട്ടിയിണക്കിക്കൊണ്ടുള്ള രാജഗോപാൽ നായരുടെ യാത്ര. 2 എംബിഎ ഉൾപ്പെടെ 7 മാസ്റ്റേഴ്സ് ഡിഗ്രിയും ഒരു എംഫിലും ഒരു പിഎച്ച്ഡിയും 4 പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമയും കൈവശമുണ്ട്. എൻജിനീയറിങ് വിഷയങ്ങളിലാണു 3 മാസ്റ്റേഴ്സ് ഡിഗ്രിയും. കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടുന്നതിനുള്ള അന്തിമ ഘ‌ട്ടത്തിലാണ്. എട്ടാമത്തെ മാസ്റ്റേഴ്സ് ഡിഗ്രിയെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തോടു ‘ഇവനെന്തിന്റെ കേടെന്നു’ ചോദിച്ചവരും നെറ്റിചുളിച്ചവരും ഉണ്ട്. കുസാറ്റിൽ നിന്നൊരു ഡിഗ്രി എടുക്കണമെന്നതു ജീവിതാഭിലാഷമായി കൊണ്ടുനടന്നതും കുസാറ്റിന്റെ ആഗോള അംഗീകാരവുമാണ് 70–ാം വയസ്സിൽ രാജഗോപാലിനെ കുസാറ്റിലെത്തിച്ചത്. 

ADVERTISEMENT

ഐടി രംഗത്തിന്റെ വളർച്ചക്കൊപ്പമായിരുന്നു രാജഗോപാലിന്റെ യാത്ര. കാലാകാലങ്ങളിൽ ചെയ്ത ജോലികളുടെ സ്വഭാവവുമായി ബന്ധപ്പെട്ടാണു രാജഗോപാലൻനായരുടെ ഓരോ ബിരുദാനന്തര ബിരുദവും. 2 ലക്ഷം രൂപ മാസ ശമ്പളവും പ്രശസ്തമായൊരു കോളജിന്റെ പ്രിൻസിപ്പൽ സ്ഥാനവും ത്യജിച്ചാണു രാജഗോപാൽ കുസാറ്റിൽ എംടെക് കംപ്യൂട്ടർ സയൻസ് (എഐ ആൻഡ് എസ്ഇ) പഠിക്കാനെത്തിയിട്ടുള്ളത്.

ഭാഷാ വിദഗ്ധൻ

ADVERTISEMENT

സംസ്കൃതവും ഫ്രഞ്ചുമുൾപ്പെടെ 6 ഭാഷ അറിയാം. സംസ്കൃത ഗ്രന്ഥങ്ങളിലെ ഗണിതവുമായി ബന്ധപ്പെട്ട ആശയങ്ങൾ കംപ്യൂട്ടറുമായി കൂട്ടിയോജിപ്പിക്കുന്ന ഗവേഷണ വിവരങ്ങൾ ഉൾപ്പെടുന്ന 4 പുസ്തകം പ്രസിദ്ധീകരിച്ചു. നാലിന്റെയും പ്രസാധകർ മകൾ സംയുക്ത നായർ ചുമതല വഹിക്കുന്ന പേപ്പർ ലാന്റേൺ ബുക്സാണ്. 

സംസ്കൃത ഗ്രന്ഥങ്ങളിൽ മറഞ്ഞുകിടക്കുന്ന സയൻസ്, ടെക്നോളജി, എൻജിനീയറിങ്,മാത്തമാറ്റിക്സ് (സ്റ്റെം) എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനു തയാറെടുക്കുകയാണ് അദ്ദേഹം. 

ADVERTISEMENT

വ്യവസായി

ചെന്നൈ ആസ്ഥാനമായ രണ്ടു സ്ഥാപനങ്ങളുടെ ഉടമസ്ഥനാണു രാജഗോപാൽ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ ഇന്റർഡിസിപ്ലിനറി സ്റ്റഡീസും (ഐറിസ്) സോഫ്റ്റ്‌വെയർ കമ്പനിയായ മിഡ്‌ലാൻഡ്സ് സിസ്റ്റംസ് ആൻഡ് ഓട്ടമേഷൻ ടെക്നോളജീസും. ഇതിൽ ഐറിസിന് സെന്റർ ഫോർ സാൻസ്ക്രിറ്റ് ആൻഡ് റിസർച് (സിഎസ്എസ്ആർ), സെന്റർ ഫോർ സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് എൻജിനീയറിങ് (സിഎസ്എസ്ഇ)എന്നീ ശാഖകളുണ്ട്. രാജഗോപാൽ പഠനത്തിന് ഇറങ്ങിത്തിരിച്ചപ്പോൾ സ്ഥാപനങ്ങളുടെ മേൽനോട്ടം ഭാര്യ മീനാക്ഷി നായർക്കാണ്. മീനാക്ഷി നായർ ഇംഗ്ലിഷ് ലിറ്ററേച്ചറിൽ എംഫിൽ ബിരുദം നേടിയിട്ടുണ്ട്. 

പൂര്‍ണ്ണമായും വായിക്കാം.. 

ADVERTISEMENT