Tuesday 26 September 2023 04:31 PM IST : By സാദിഖ് കാവില്‍

‘സിഐഡിയോടാണ് നിങ്ങൾ കളിക്കുന്നത്, സൂക്ഷിക്കണമെന്ന് ഭീഷണി’; യുഎഇയിലെ ഓൺലൈൻ തട്ടിപ്പുകാരില്‍ നിന്ന് രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് റജീന റഷീദ്

regina-dubai

ഓൺലൈൻ തട്ടിപ്പുകാർ അതിരുവിടുന്നതായി ആക്ഷേപം. യുഎഇ ദേശീയ ദിനത്തിന് ആശംസാ പരസ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ദുബായ് പൊലീസിന്റെ പേരിൽ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി വനിതാ സംരംഭകരിൽ നിന്ന് പണം തട്ടിയെടുക്കാനാണ് കഴിഞ്ഞ ദിവസം ശ്രമം നടന്നത്. ഇതിൽ നിന്ന് മലയാളി സംരംഭക മലപ്പുറം വളാഞ്ചേരി സ്വദേശി റജീന റഷീദ് രക്ഷപ്പെട്ടത് ആത്മധൈര്യം കൊണ്ടും ഇതേക്കുറിച്ച് ബോധവതിയായിരുന്നതുകൊണ്ടും മാത്രം.

കഴിഞ്ഞദിവസം രാവിലെ ഓഫിസിൽ പോകാനുള്ള തയാറെടുപ്പുകൾക്കിടെയായിരുന്നു സംഭവം. തങ്ങൾ എമിറേറ്റ്സ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നാണ് വിളിക്കുന്നതെന്നും ഡിസംബർ രണ്ടിലെ യുഎഇ ദേശീയദിനത്തിന് ഭരണാധികാരികൾക്ക് പത്രത്തിൽ  കമ്പനിയുടെ ലോഗോ വച്ച് ആശംസ അറിയിക്കാൻ അവസരമുണ്ടെന്നും സഹകരിക്കണമെന്നുമായിരുന്നു ആവശ്യം. പത്രപ്പരസ്യത്തിന്‍റെ രീതി വച്ച് ഹാഫ് പേജ്, ഫുൾ പേജ് പരസ്യത്തിന്‍റെ തുക യഥാക്രമം 3000, 5000 ദിർഹം നൽകാനും ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പുകളേക്കുറിച്ച് ബോധവതിയായിരുന്ന റജീന തനിക്ക് താത്പര്യമില്ലെന്നറിയിച്ചപ്പോൾ കൂടുതൽ സമ്മർദം ചെലുത്തുകയായിരുന്നു.

ഇതൊരു നല്ല അവസരമാണെന്നും വനിതാ സംരംഭകരെ ശാക്തീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നുമായി മറുപടി. തനിക്ക് രണ്ട് പാർട്ണർമാരുണ്ട്, അവരുമായി ആലോചിച്ച് മറുപടി പറയാം എന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചപ്പോൾ, അതിന്റെ ആവശ്യമുണ്ടോ, നിങ്ങൾ ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്തോളൂ എന്നായി. ഇത്തരം ആവശ്യങ്ങൾക്ക് പൊലീസ് എന്തുകൊണ്ടാണ് മൊബൈൽ നമ്പരിൽ വിളിക്കുന്നത്, ഓഫിസ് നമ്പരിൽ നിന്നല്ലേ വിളിക്കാറുള്ളത് എന്ന് പറഞ്ഞപ്പോൾ അതൊന്നും വകവയ്ക്കാതെ സമ്മർദം തുടർന്നു. എങ്കിൽ പൊലീസ് ഹെഡ് ക്വാർ‌ട്ടേഴ്സുമായി ബന്ധപ്പെട്ട ശേഷം തീരുമാനിക്കാം എന്ന് റജീന പറഞ്ഞപ്പോൾ  പലതും പറഞ്ഞ് അതിൽ നിന്ന് പിന്തിരിക്കാനായി അടുത്ത ശ്രമം. 

ഞങ്ങൾ തട്ടിപ്പുകാരാണെന്നാണോ താങ്കളുടെ വിചാരം എന്നായിരുന്നു തുടർന്നുള്ള ചോദ്യം. എന്താണെങ്കിലും പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ വിളിച്ച് അന്വേഷിച്ച ശേഷം ബാക്കി കാര്യം തീരുമാനിക്കാം എന്ന് റജീന മറുപടി നൽകി. പരസ്യത്തിന് താരിഫ് വാട്സാപ്പിൽ അയച്ചു നൽകിയ ശേഷം ഉടൻ തീരുമാനമറിയിക്കണം എന്ന് പറഞ്ഞ് തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്തു. വാട്സാപ്പിൽ അയച്ചവ പരിശോധിച്ചപ്പോൾ തട്ടിപ്പു തന്നെ എന്ന് ഉറപ്പാക്കാനും കഴിഞ്ഞു. മുൻ വർഷങ്ങളിൽ തയ്യാറാക്കിയ ദേശീയദിനം സംബന്ധിച്ച പോസ്റ്റുകളിൽ 52–ാമത് ദേശീയ ദിനം എന്ന് മാത്രം തിരുത്തിയാണ് അയച്ചിട്ടുള്ളത്. ഇംഗ്ലീഷിൽ ഫിഫ്റ്റി സെക്കൻഡ്(nd) എന്ന് വേണ്ടിടത്ത് ഫിഫ്റ്റി– ത്ത്(th) എന്ന് കണ്ടതോടെയാണ് താനിക്കാര്യം ഉറപ്പിച്ചതെന്ന് റജീന മനോരമ ഓൺലൈനിനോട് പറഞ്ഞു. 

ഉച്ചയ്ക്ക് ശേഷം 'അഹമ്മദ്' വീണ്ടും വിളിച്ചു, എന്തു തീരുമാനിച്ചു എന്ന് ചോദിച്ചപ്പോൾ താത്പര്യമില്ലെന്നും ആശംസാ പരസ്യം നൽകണമെന്നു തോന്നുമ്പോൾ ദുബായ് പൊലീസുമായി ബന്ധപ്പെട്ട് നൽകിക്കോളാം എന്നും അറിയിച്ചു. ഇതേ തുടർന്ന്,  സിഐഡിയോടാണ് നിങ്ങൾ കളിക്കുന്നതെന്നും സൂക്ഷിക്കണമെന്നും ഭീഷണിയുയർത്തി. ദുബായിലെ പൊലീസും സിഐഡിയുമൊക്കെ എങ്ങനെയാണ് ജനങ്ങളോട് പെരുമാറുക എന്ന് വർഷങ്ങളായി യുഎഇയിലുള്ള തനിക്കറിയാമെന്നു മറപടി നൽകിയപ്പോൾ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്യുകയാണുണ്ടായത്. പിന്നീട് വിളിച്ചിട്ടില്ല.

ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ജാഗ്രത പാലിക്കണം

ബാങ്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങളും ഒടിപിയും ആവശ്യപ്പെട്ട് യുഎഇയിൽ ഓൺലൈൻ തട്ടിപ്പുകൾ ശക്തമായി  തുടരുന്നതായും പുതിയ തന്ത്രങ്ങളുപയോഗിച്ചാണ് അവർ ആളുകളെ ബന്ധപ്പെടുക എന്നും ജാഗ്രത പുലർത്തണമെന്നും റജീന പറയുന്നു. ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ് ദേശീയദിനാഘോഷത്തിന്‍റെ പേര് പറഞ്ഞുള്ള ഈ തട്ടിപ്പുശ്രമം. ആരും വിശ്വസിച്ചുപോകുന്ന തരത്തിൽ ഇംഗ്ലീഷും അറബിക്കും കൂട്ടിക്കലർത്തിയാണ് ഇവർ സംസാരിക്കുക. ആദ്യം വളരെ സൗമ്യമായി ആരംഭിക്കുന്ന വർത്തമാനം പിന്നീട് വഴങ്ങില്ല എന്ന് മനസിലാകുമ്പോൾ ഭീഷണിയുടെ സ്വരമുയർത്തുന്നു. ഇത്തരം സംഭവങ്ങൾ പത്രമാധ്യമങ്ങളിൽ വായിക്കാറുള്ളതുകൊണ്ടാണ് റജീന രക്ഷപ്പെട്ടത്. ഇതറിയാത്ത ഒട്ടേറെ പേർ ഇരകളായി പണം നഷ്ടപ്പെടുത്തുന്നുണ്ട്.

പൂര്‍ണ്ണമായും വായിക്കാം...

Tags:
  • Spotlight