ആക്രി സാമഗ്രികള്‍ ചുറ്റും കുന്നുകൂടി കിടക്കുന്ന വീട്. ഒരുവശത്ത് പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്‍, ഇരുമ്പ് സാമഗ്രികള്‍, കേടായ ഇലക്ട്രോണിക് ഉപകരണങ്ങള്‍, പത്രക്കെട്ട്... അങ്ങനെ ഇരുട്ടും പൊടിയും നിറഞ്ഞ ആ വീട്ടിലാണ് രണ്ട് . രാമലക്ഷ്മിയും രാജലക്ഷ്മിയും....
അവരെ രണ്ട് മാണിക്യങ്ങളെന്നു വിളിക്കാനാണ് പെരുമാൾ സാമിക്കിഷ്ടം. ആക്രിക്കൂനയിലെ പൊടിയും ഇരുട്ടും നിറഞ്ഞ വീട്ടിലിരുന്ന് എ പ്ലസ് തിളക്കത്തോടെ വിജയിച്ച രണ്ട് മണിമുത്തുകൾ. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ നാടൊട്ടുക്കും എപ്ലസുകാർ തിളങ്ങിനിൽക്കുമ്പോൾ ഇരട്ടകളായ രാമലക്ഷ്മിയുടേയും രാജലക്ഷ്മിയുടേയും വിജയത്തിളക്കത്തിന് മാത്രം ഏഴഴക്.
എന്തു കൊണ്ടന്നല്ലേ... സുഖസൗകര്യങ്ങളുടേയും മണിക്കൂര്‍ ഇടവിട്ട കോച്ചിങ് ക്ലാസുകളുടേയും നടുവിലിരുന്ന് പഠിച്ച് ജയിച്ചു വരുന്ന വിദ്യാർഥികളുള്ള നാട്ടിൽ അച്ഛനെ ആക്രി കടയിൽ സഹായിച്ച് വീടിന്റെ അല്ലലറിഞ്ഞ് ജയിച്ചു കയറിയവരാണവർ. അതും ഗ്രേസ് മാർക്ക് പോലുമില്ലാതെ. തെങ്കാശിയിലെ ശങ്കരൻ കോവിലിൽ നിന്ന് ജീവനും ജീവിതവും തേടിയെത്തിയ പെരുമാൾ സാമിയുടേയും വനിതയുടേയും മക്കളുടെ വിജയകഥ വനിത ഓൺലൈൻ വായനക്കാർക്കായി...
ഈ വിജയത്തിന് തങ്കത്തിളക്കം
‘എന്നുടെ മക്കൾ... അവർ അവളോം നല്ലാ പഠിക്കും സർ... എനിക്ക് ഇനിയും കഷ്ടപ്പെടണം അവരെ നല്ലാ പഠിപ്പിക്കണം.’– ഇറ്റുവീഴാനൊരുങ്ങിയ സന്തോഷക്കണ്ണീർ തുടച്ചു കൊണ്ട് തമിഴ് ചുവയുള്ള മലയാളത്തിൽ പെരുമാൾ സാമി പറഞ്ഞു തുടങ്ങുകയാണ്.
ജീവിതത്തില്‍ അധികമൊന്നും ബാക്കിയാക്കാൻ ഇല്ലാത്തവരാണ്. എന്റെ സ്വത്തും സമ്പാദ്യവും അവരാണ്. രാമ ലക്ഷ്മിയും രാജലക്ഷ്മിയും. 25 കൊല്ലങ്ങൾക്ക് മുമ്പാണ് ഞാൻ കേരളത്തിലേക്ക് വരുന്നത്. വീട്ടു ജോലി ചെയ്തു, കൂലിപ്പണി ചെയ്തു, ആക്രി പെറുക്കി... ജീവിതത്തിൽ ഒന്നും ബാക്കിയില്ലാത്ത ഈ പച്ചത്തമിഴൻ പിടിച്ചു നിന്നത് അങ്ങനെയാണ്. കുടുംബം ഉണ്ടായ ശേഷമാണ് സ്വപ്നങ്ങളും ലക്ഷ്യങ്ങളുമൊക്കെ ജീവിതത്തിൽ ഉണ്ടായത്. ഇരട്ടക്കൺമണികളെ ദൈവം തരുമ്പോൾ അവർക്കു വേണ്ടി മാത്രമുള്ളതായി ജീവിതം. നിങ്ങൾക്കറിയോ... ഞങ്ങളുടെ കഷ്ടപ്പെടാണ് നല്ല പോലെ അറിയാവുന്നവരാണ് രാമലക്ഷ്മിയും രാജലക്ഷ്മിയും. പഠിക്കേണ്ട സമയത്തു പോലും ഞങ്ങൾക്കൊപ്പം ആക്രിക്കടയില്‍ അവര്‍ സഹായത്തിനു വരും. ഞങ്ങൾ പോയിരുന്ന് പഠിക്കാൻ പറഞ്ഞാലും കൂട്ടാക്കില്ല. അപ്പാവുടെയും അമ്മാവുടെയും കഷ്ടപ്പാട് നല്ല രീതിയിൽ അവർക്കറിയാം. പക്ഷേ എത്രയൊക്കെ ആണെങ്കിലും സ്വന്തം കാര്യം നോക്കാൻ അവർക്കറിയാം. അവരുടെ പിന്നാലെ നടന്ന് പഠിക്ക് പഠിക്ക് എന്ന് അവരോട് പറയേണ്ടി വന്നിട്ടില്ല. സ്വന്തം ലക്ഷ്യത്തെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. വലിയ വീട്ടിലെ കുട്ടികളെ പോലെ മണിക്കൂർ ഇടവിട്ട് ട്യൂഷൻ നൽകാനൊന്നും ഞങ്ങൾക്ക് ആകുമായിരുന്നില്ല. പക്ഷേ എന്നിട്ടും എന്റെ കുഞ്ഞുങ്ങൾ കഠിനാധ്വാനം ചെയ്തു. അവരുടെ ആ ലക്ഷ്യബോധമാണ് മുഴുവൻ വിഷയങ്ങളിലേയും എ പ്ലസ്.

ഞാൻ എട്ടാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. പഠിക്കേണ്ട പ്രായത്തിലൊക്കെ ജീവിതം തേടി നടപ്പായിരുന്നു.. അതിനുള്ള ഭാഗ്യം ഇല്ലായിരുന്നു എന്നതാണ് സത്യം. പക്ഷേ എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ അതുണ്ടായിക്കൂടാ. അവർ നന്നായി പഠിക്കും, അവരുടെ ഭാവിക്കു വേണ്ടിയുള്ളതാണ് എന്റെ ഇനിയുള്ള അധ്വാനം. – പെരുമാൾ സാമി പറയുന്നു.
തിരുവല്ല എം.ജി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇരുവരും എല്‍.കെ.ജി. മുതല്‍ പഠിക്കുന്നത്. പ്ലസ്ടുവിന് രണ്ടു പേര്‍ക്കും ബയോ മാത്‌സ് പഠിക്കാനാണ് താൽപര്യം. മാന്നാര്‍ നായര്‍ സമാജത്തില്‍ അഡ്മിഷന്‍ എടുത്ത് സയൻസ് മെയിൻ എടുത്ത് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് രാമലക്ഷ്മിയും. ഒപ്പം നീറ്റ് എന്‍ട്രന്‍സിനും തയ്യാറെടുക്കണം. ഡോക്ടർ ആകുക എന്നതാണ് ഇരുവരുടേയും ലക്ഷ്യം. തിരുവല്ല പൊടിയാടിയിലാണ് പെരുമാൾ സാമിയും കുടുംബവും താമസിക്കുന്നത്. ഇളയ മകൾ ഗോപിക 9–ാം ക്ലാസ് വിദ്യാർഥിനിയാണ്.