രേഷ്മ... ചങ്ങനാശേരിയില്‍ നിന്ന് വിദ്യാഭ്യാസമൊക്കെ പൂര്‍ത്തിയാക്കി കൊച്ചിയിലേക്ക് ജീവിതം മാറ്റിയതായിരുന്നു മൂന്നു വര്‍ഷം മുന്‍പ് രേഷ്മ. ചെറുപ്പം മുതലേ കൊച്ചിയിലെ ജോലിയും ജീവിതവും രേഷ്മ സ്പ്നം കണ്ടിരുന്നു. അങ്ങനെ കൊച്ചിയുടെ മായികലോകത്ത് പാറിപ്പറന്ന് ജീവിതവും ജോലിയും ആസ്വദിച്ചു തുടങ്ങി ആ പെണ്‍കുട്ടി.
ഓരോ നിമിഷങ്ങളും ഒപ്പിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു. അങ്ങനെ ആ ഫോട്ടോയില്‍ ലൈക്ക് അടിച്ച് തുടങ്ങിയവരില്‍ ഒരാളായിരുന്നു ബാലുശേരി സ്വദേശി നൗഷിദ്. ഹായ് അയച്ചു. രേഷ്മ തിരിച്ചും. പതിയെ ഫ്രണ്ടായി. വളരെ വേഗത്തില്‍ ഇഷ്ടത്തിലായി... പ്രണയത്തിലായി... പിന്നെ ഇരുവരും കൊച്ചിയില്‍ ഒന്നിച്ചായി.
കലൂരിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ കെയര്‍ ടെക്കറായി ജോലി ചെയ്യുകയായിരുന്നു നൗഷിദ്. ഇരുവരും യാത്രകളിലൊക്കെ ഒന്നിച്ചായിരുന്നു. പതിയെ ചില കാരണങ്ങള്‍ ഇരുവര്‍ക്കും ഇടയിലുണ്ടായി. വഴക്കുകള്‍ പതിവായി. പല കാരണങ്ങള്‍ കൊണ്ട് ഇരുവര്‍ക്കും ഇടയില്‍ വഴക്കുണ്ടായെങ്കിലും നൗഷിദിന്റെ ശാരിരീക വൈകല്യങ്ങളെക്കുറിച്ച് ഇരുവരുടേയും സുഹൃദ് വലയത്തില്‍ പറഞ്ഞത് കളിയാക്കിയത് നൗഷിദിന് സമ്മതിച്ചുകൊടുക്കാന്‍ പറ്റുന്നതിലും വലുതായിരുന്നു. അത് നൗഷിദിന്റെ മനസില്‍ കിടന്ന് പുകഞ്ഞുകൊണ്ടിരുന്നു.
രേഷ്മ ചെയ്ത മാന്ത്രിക പൂജകള്‍ കാരണമാണ് തനിക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായതെന്നും നൗഷിദ് വിശ്വസിച്ചു. അങ്ങനെ പതിയെ നൗഷിദ് രേഷ്മയില്‍ നിന്ന് അകലാന്‍ തുടങ്ങി. കൊലയുടെ കാരണങ്ങളെക്കുറിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഇരുവരുടേയും ഫോണുകള്‍ പരിശോധിച്ചു. കൊലയ്ക്കുശേഷം രക്ഷപെടാനൊന്നും പ്രതി ശ്രമിച്ചില്ല. പക്ഷേ, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്കികൊണ്ടേയിരുന്നു. പക്ഷെ, തെളിവെടുപ്പില്‍ പൊലീസ് ആയുധം കണ്ടെടുത്തു.
കൊച്ചിയിലെ ജോലിക്കിടയില്‍ വീട്ടിലേക്ക് പതിവായി പോകുന്ന ശീലം രേഷ്മക്കുണ്ടായിരുന്നില്ല. ഓണത്തിന് വീട്ടിലേക്ക് വരുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. കലൂരിലെ നൗഷിദിന്റെ മുറിയിലേക്ക് അന്ന് വരുമ്പോഴും രേഷ്മയ്ക്ക് സംശയം ഒന്നും തോന്നിയിരുന്നില്ല. നഗരത്തിനു നടുവില്‍ തന്നെ ഉണ്ടായ കൊലപാതകത്തിന്റെ നടുക്കത്തിലാണ് പരിസരവാസികള്‍. നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികള്‍ ചതിയില്‍പ്പെടുന്ന സംഭവങ്ങള്‍ കൂടിവരുമ്പോള്‍ പൊലീസും നിസഹായരാകുകയാണ്.
നൗഷിദ് അകലാന്‍ ശ്രമിച്ചിട്ടും എന്തുകൊണ്ടായിരിക്കും രേഷ്മ ബന്ധത്തില്‍ ഉറച്ചുനിന്നത്. പക്ഷേ, അത് അവളുടെ ജീവനെടുക്കുന്ന തീരുമാനമാകുമെന്ന് രേഷ്മ ഒരിക്കല്‍ പോലും ചിന്തിച്ചില്ല. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയിച്ച് ജീവന് ബലി കഴിച്ച് പെണ്‍കുട്ടികളുടെ പട്ടികയിലേക്ക് ഒരു പേരു കൂടി... രേഷ്മ.