സൈക്കിളിൽ കശ്മീരിൽ എത്തി തന്റെ ആഗ്രഹം സഫലമാക്കിയ എസ്.ആർ. റിനോ തിരികെ നാട്ടിൽ എത്തി. കഴിഞ്ഞ പുതുവത്സര ദിനത്തിൽ ആണ് അരുവിക്കര ഇരുമ്പ പള്ളിത്തറ മേലെ പുത്തൻ വീട്ടിൽ റിനോ (28) ഇരുമ്പയിൽ നിന്ന് കാശ്മീരിലേക്ക് യാത്ര തുടങ്ങിയത്. കയ്യിൽ പണം കുറവായതിനാൽ 1,000 രൂപയ്ക്ക് വാങ്ങിയ സൈക്കിളിൽ ആയിരുന്നു സവാരി.
സൈക്കിളിൽ ക്യാരിയർ പിടിപ്പിച്ച് സ്റ്റൗവും അരിയും സാധനങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ കരുതിയാണ് യാത്ര തുടങ്ങിയത്. രാത്രി 10 വരെ യാത്ര നടത്തി പെട്രോൾ പമ്പുകളിൽ കിടന്നുറങ്ങും. രാവിലെ 5.30 ഓടെ യാത്ര തുടങ്ങും. പുണെ എത്തിയപ്പോൾ സൈക്കിൾ തകരായതോടെ ഒരു സുഹൃത്ത് വഴി ഒരു ഗിയർ സൈക്കിൾ സംഘടിപ്പിച്ചു.
ഇതിന് ക്യാരിയർ ഇല്ലാത്തതോടെ സ്റ്റൗ ഉൾപ്പെടെ സാധനങ്ങൾ ഉപേക്ഷിച്ചായിരുന്നു തുടർന്നുള്ള യാത്ര. അത്യാവശ്യമുള്ള വസ്ത്രങ്ങൾ ബാഗിൽ കരുതി. റിപ്പബ്ലിക് ദിനം ആയപ്പോൾ ജമ്മുവിൽ എത്തിയതായി റിനോ പറഞ്ഞു. തുടർന്ന് കാശ്മീരിൽ തങ്ങി തിരികെ ട്രെയിനിൽ കഴിഞ്ഞ ഒന്നിന് നാട്ടിൽ എത്തി. കാശ്മീരിൽ അതിശൈത്യം ആയിരുന്നെന്നും 3,200 കിലോമീറ്ററിലധികം സൈക്കിളിൽ താണ്ടിയതായും റിനോ പറഞ്ഞു.
യാത്രയ്ക്ക് 4,500 രൂപ ചെലവായി. വർഷങ്ങളായുള്ള ആഗ്രഹം ആയിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് 8 മാസം ആയപ്പോൾ ആണ് നടന്നതെന്ന് റിനോ പറഞ്ഞു. ഭാര്യ ഡീനയും റിനോയുടെ കുടുംബവും ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും ഒടുവിൽ സമ്മതിച്ചു. സൈക്കിൾ തിരികെ പാർസലായി അയച്ചു. ചാല കുര്യാത്തി വാട്ടർ അതോറിറ്റിയിൽ താൽക്കാലിക ജീവനക്കാരനാണ് റിനോ.