വാഹനാപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുന്നവരെ രക്ഷിക്കുന്നതിന്റെ പേരിൽ സാക്ഷി പറയാൻ കോടതി കയറിയിറങ്ങുകയാണ് ആലുവ ആലങ്ങാട് സ്വദേശി ബഷീർ. കഴിഞ്ഞ എട്ട് വർഷത്തിനിടെ എഴുപതോളം പേരെയാണ് റോഡുകളിൽ നിന്നും ബഷീർ ആശുപത്രിയിൽ എത്തിച്ചത്.
എത്ര കോടതി കയറി ഇറങ്ങേണ്ടി വന്നാലും റോഡ് അപകടങ്ങളിൽ പരുക്കേറ്റ് കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാതെ മടങ്ങാൻ ബഷീർ തയ്യാറല്ല. കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ വാഹന അപകടത്തിൽ മരണപ്പെട്ടവരും ഗുരുതരമായി പരുക്കേറ്റവരുമായ എഴുപതോളം പേരെയാണ് ബഷീർ ആശുപത്രിയിലാക്കിയത്. നിരവധി പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബഷീറിന്റെ കൈകളിൽ കിടന്ന് മരിച്ചിട്ടുമുണ്ട്. വാഹനാപകടം ഉണ്ടായ ഉടൻ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നുവെങ്കിൽ ഇവരിൽ പലരും രക്ഷപ്പെടുമായിരുന്നുവെന്നും ബഷീർ.
നേരത്തെ ആംബുലൻസ് ഡ്രൈവർ ആയിരുന്ന ബഷീർ 2018 പ്രളയകാലം മുതലാണ് ടോറസ് ഓടിക്കാൻ തുടങ്ങിയത്. വാഹനവുമായി സഞ്ചരിക്കുമ്പോൾ റോഡിൽ കണ്ട അപകടങ്ങളായിരുന്നു എല്ലാം. നേരത്തെ ആംബുലൻസ് ഡ്രൈവർ ആയിരുന്നതിനാലാണ് ചതഞ്ഞ മൃതദേഹങ്ങൾ പോലും റോഡിൽ നിന്നും മാറ്റാൻ ധൈര്യം ലഭിച്ചതെന്ന് ബഷീർ പറയുന്നു.