Saturday 23 September 2023 12:28 PM IST : By ജിതിൻ ജോസ്

‘20 മിനിറ്റോളം യുവാവ് റോഡിൽ ചോരയൊലിച്ചു കിടന്നു; ആരെങ്കിലും ഇടപെട്ടിരുന്നെങ്കില്‍ ആ ജീവൻ ഇന്നും നമ്മളോടൊപ്പമുണ്ടാവുമായിരുന്നു’

accideee6765ghj

‘‘20 മിനിറ്റോളമാണ് ആ യുവാവ് വാഹനമിടിച്ച് ചോരയൊലിച്ചു റോഡിൽ കിടന്നത്. ആരെങ്കിലും സമയത്ത് ഇടപെട്ടിരുന്നെങ്കിലും ആ ജീവൻ ചിലപ്പോൾ ഇന്നും നമ്മളോടൊപ്പമുണ്ടാവുമായിരുന്നു..’’- ജനം കാഴ്ചക്കാരായി മാറിനിന്ന ആ വാഹനാപകടത്തിന്റെ നടുക്കവും വേദനയും അധ്യാപികയായ എം. ധന്യയുടെ വാക്കുകളിലുണ്ട്. 3 മാസം മുൻപ് ദേശീയപാതയിൽ കോടംതുരുത്ത് ഗവ.എൽപി സ്കൂളിനു മുൻപിൽ കാറിടിച്ചു പരുക്കേറ്റ യുവാവിനെ അധ്യാപികമാരായ എം. ധന്യയും ജെസി തോമസും ഇടപെട്ടാണ് ആശുപത്രിയിലെത്തിച്ചത്.

അപകടമറിഞ്ഞു തടിച്ചുകൂടിയ ജനം കാഴ്ചക്കാരായി മാറിയപ്പോഴായിരുന്നു സമീപത്തെ സ്കൂളിൽ നിന്ന് ഓടിയെത്തിയ ഇവരുടെ ഇടപെടൽ.  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘‘ഞങ്ങൾ സ്കൂളിന്റെ ഉള്ളിലായിരുന്നു. ഗ്രൗണ്ടിലുണ്ടായിരുന്ന അധ്യാപികയാണ് സ്കൂളിനു മുന്നിലെ റോഡിൽ ആളുകൾ തടിച്ചുകൂടിയ വിവരം അറിയിക്കുന്നത്. ഉടൻ ഞാനും ജെസി ടീച്ചറും അവിടേക്കു പോയി. 2 പേരാണ് അപകടത്തിൽ പെട്ടത്. ഒരാളെ ആശുപത്രിയിൽ കൊണ്ടുപോയി. മറ്റേയാൾ പാതയോരത്ത് ചോരയൊലിപ്പിച്ചു കിടക്കുന്നുണ്ട്.

പരുക്കേറ്റയാൾ മരിച്ചെന്നു നാട്ടുകാർ പറഞ്ഞു. ഉടൻ ‍ഞങ്ങൾ അദ്ദേഹത്തിന്റെ പൾസ് നോക്കി. ജീവനുണ്ടെന്നു മനസ്സിലാക്കി. ആശുപത്രിയിലെത്തിക്കാനായി വാഹനങ്ങൾക്കു കൈനീട്ടിയെങ്കിലും ആരും നിർത്തിയില്ല. ഒടുവിൽ റോഡിലേക്ക് ഇറങ്ങി നിന്നാണ് ഒരു വാഹനത്തിൽ കയറ്റിവിട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം ഉണ്ടായി 20 മിനിറ്റെങ്കിലും കഴിഞ്ഞാണ് ഞങ്ങൾ അവിടെയെത്തിയത്. അൽപം നേരത്തേ എത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷേ അദ്ദേഹം രക്ഷപ്പെടുമായിരുന്നു.’’– ധന്യ പറഞ്ഞുനിർത്തി. 

പൂര്‍ണ്ണമായും വായിക്കാം.. 

Tags:
  • Spotlight