ADVERTISEMENT

അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കാൻ 20 വർഷത്തിലേറെയായി അലയുകയാണ് ഒരു കുടുംബം. അരൂർ പഞ്ചായത്ത് 14–ാം വാർഡിൽ കളത്തറ സജീവനും , ഭാര്യയുമാണ് സർക്കാർ ഓഫിസുകൾ കയറിയിറങ്ങി വലയുന്നത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അരൂർ പഞ്ചായത്ത് ഈ കുടുംബത്തിന് വീട് അനുവദിച്ചിട്ടുണ്ട്. എന്നാൽ ആകെയുള്ള 3 സെന്റ് സ്ഥലത്തിന്റെ രേഖകൾ പൂർത്തിയാക്കാൻ കഴിയുന്നില്ല.  വില്ലേജ്, താലൂക്ക് ഓഫിസുകളിൽ ചെന്നാൽ പലവിധ തടസ്സവാദങ്ങൾ ഉന്നയിക്കുകയാണ്.

റീ സർവേ നടക്കാതെ സ്ഥലത്തിന്റെ പോക്കുവരവ് നടത്താനോ കരം അടയ്ക്കാനോ കഴിയില്ലെന്നാണു റവന്യു അധികൃതർ പറയുന്നത്. വീട് നിർമിക്കാൻ സ്ഥലത്തിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫിസുകളിൽ നിന്നു ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ, താലൂക്ക് റവന്യു ഓഫിസർ എന്നിവർക്കു പരാതി നൽകിയിട്ടും നടപടിയായില്ല. ദലിത് വിഭാഗത്തിൽപ്പെട്ട കുടുംബമാണിത്.

ADVERTISEMENT

ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിൽ വർഷങ്ങളായി കഴിയുകയാണു കുടുംബം. കനത്ത മഴ പെയ്താൽ വീടിനുള്ളിൽ മുട്ടറ്റം വെള്ളമാണെന്ന് സജീവൻ പറഞ്ഞു. ഭാര്യ മണിക്ക് നട്ടെല്ലിനു അസുഖമായതിനാൽ ജോലിക്കു പോകാനും കഴിയുന്നില്ല. സജീവൻ കൂലിവേല ചെയ്താണു കുടുംബം പോറ്റുന്നത്. ഇവർക്കു 23ഉം 20ഉം വയസ്സുള്ള 2 പെൺമക്കളാണ്. ഇതിൽ മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ ഉൾപ്പെടെ 3 പേരാണു ഒറ്റമുറി വീട്ടിൽ കഴിയുന്നത്.

ADVERTISEMENT
ADVERTISEMENT