Wednesday 21 August 2024 11:31 AM IST : By സ്വന്തം ലേഖകൻ

‘ഒമ്പതു വർഷത്തെ പ്രണയം, ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ വിവാഹം’: ചരിത്രം കുറിച്ച് സ്റ്റെല്ലയ്ക്ക് താലി ചാർത്തി സജിത്

sajith-weds-stella

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതയായി ട്രാൻസ്‌ യുവതി സ്റ്റെല്ല. പാലക്കാട് സ്വദേശിയായ സ്റ്റെല്ലയെ മലപ്പുറം സ്വദേശി സജിത്താണ് ഗുരുവായൂരപ്പനെ സാക്ഷിയാക്കി താലിചാർത്തിയത്. ഓഗസ്റ്റ് 18നായിരുന്നു വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യമായി നടക്കുന്ന ട്രാൻസ്ജെൻഡർ വിവാഹമാണ് സ്റ്റെല്ലയുടേത്. ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ ക്ഷേത്രം അധികാരികളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി. 

‘‘വിവാഹം കഴിക്കുകയാണെങ്കിൽ അത് ഗുരുവായൂരിൽ വച്ചായിരിക്കുമെന്ന് നേരത്തേ വിചാരിച്ചിരുന്നു. അതിനു സാധിച്ചതിൽ സന്തോഷമുണ്ട്. ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ വിവാഹം ഗുരുവായൂരിൽ നടക്കുന്നത്. അതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഒന്‍പതു വർഷമായി പ്രണയത്തിലായിരുന്നു. ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്.’’- സ്റ്റെല്ല പറഞ്ഞു.

പാലക്കാട് വച്ചു കണ്ടു പരിചയപ്പെട്ട് പ്രണയിച്ചതാണെന്ന് സജിത്തും അറിയിച്ചു. ‘‘മലപ്പുറം ചേളാരിയിലാണ് എന്റെ വീട്. ഞാൻ തന്നെയാണ് ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത്. രണ്ടുപേരും പരസ്പരം അവരവരുടെ കാര്യങ്ങൾ തുറന്നു പറഞ്ഞു. ഇപ്പോൾ ഒൻപതു വർഷമായി. ഇരുവരുടെയും കുടുംബങ്ങൾ അംഗീകരിച്ചു മാത്രമേ വിവാഹം കഴിക്കൂ എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ഒൻപതു വർഷം എടുത്തത്.’’– സജിത്ത് കൂട്ടിച്ചേർത്തു. 

love-marriage-stella

തന്റെ കുടുംബം ആദ്യം മുതൽ തന്നെ സമ്മതിച്ചിരുന്നതായും സജിത്തിന്റെ കുടുംബത്തിന് ആദ്യം അതൃപ്തിയുണ്ടായിരുന്നു. എന്നാൽ പിന്നീട് സമ്മതിക്കുകയായിരുന്നെന്നും സ്റ്റെല്ല പറഞ്ഞു. ‘‘എല്ലാവരും മാറ്റി നിർത്തിയപ്പോൾ സജിത്ത് നൽകിയ പിന്തുണ വളരെ വലുതാണ്. ഇതുപോലെ തന്നെ മുന്നോട്ടു പോകാനുണ്ട്. ഞങ്ങളെയും മനുഷ്യന്മാരായി കാണണമെന്നാണ് വിമർശിക്കുന്നവരോടു പറയാനുള്ളത്. സമൂഹത്തിൽ ആരും തന്നെ വേറിട്ടു നിൽക്കുന്നവരല്ല.’’ 

‘‘എന്റെ കുടുംബക്കാർ കുറച്ചുപേർ മാറി നിൽക്കുന്നുണ്ട്. ബാക്കി സുഹൃത്തുക്കളെല്ലാം ഒപ്പമുണ്ട്. പിന്നെ ഇതിന്റെ പേരിൽ ആരെങ്കിലും വിവാദങ്ങൾ ഉണ്ടാക്കുന്നത് അവരുടെ കാഴ്ചപ്പാടാണ്. നമ്മൾ ഒരാളെ സ്നേഹിക്കുന്നതും അവരുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നതും അവരുടെ സ്വന്തം കാര്യമല്ലേ. വീട്ടുകാരുടെ ഒരു പിന്തുണമാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ സുഹൃത്തുക്കളും വളരെ പിന്തുണ നൽകുന്നുണ്ട്.’’- സജിത്ത് വ്യക്തമാക്കി. 

Tags:
  • Spotlight
  • Relationship
  • Love Story